മലയാളികള്‍ ഇന്നും റീവിസിറ്റ് ചെയ്യുന്ന കോമഡി ചിത്രങ്ങളിലൊന്നാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. ജയറാം ടൈറ്റില്‍ റോളിലെത്തിയ സിനിമയിലെ കോമഡി രംഗങ്ങള്‍ ഇന്നും നമ്മുടെ ഫീഡിലേക്ക് കടന്നു വരുന്നു. ജഗതിയും മാമുക്കോയയും കലാഭവന്‍ മണിയുമൊക്കെ നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
അതുകൊണ്ട് തന്നെ ചിത്രത്തിലെ നായികയായ ശ്രുതി കൃഷ്ണ വര്‍ഷങ്ങള്‍ക്കിപ്പുറവും നമുക്ക് പരിചിതയാണ്. കാലമെത്രെ കഴിഞ്ഞാലും മലയാളികള്‍ക്ക് ശ്രുതി കൃഷ്ണ അപ്പൂട്ടന്റെ അമ്പിളിയാണ്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും കന്നഡ സിനിമയിലെ മിന്നും താരമായിരുന്നു ഒരുകാലത്ത് ശ്രുതി കൃഷ്ണ.
മികച്ച നടിക്കുള്ള കര്‍ണാട സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ നേടിയ നടിയാണ് ശ്രുതി കൃഷ്ണ. മൂന്ന് പതിറ്റാണ്ട് കാലത്തെ ദൈര്‍ഘ്യമേറിയൊരു കരിയറുമുണ്ട് ശ്രുതിയ്ക്ക്. അതേസമയം ശ്രുതിയുടെ വ്യക്തി ജീവിതവും എന്നും ആരാധകര്‍ക്ക് കൗതുകം പകരുന്നതാണ്.
നാടക ലോകത്തേക്കായിരുന്നു ശ്രുതിയുടെ ജനനം. അച്ഛന്‍ ജിവി കൃഷ്ണന്‍ പ്രശസ്തനായ സംവിധായകനും നാടക സംഘത്തിന്റെ ഉടമയുമായിരുന്നു. തന്റെ നാടസംഘത്തിലെ അംഗങ്ങളായ രാധയേയും രുക്മിണിയേയുമാണ് അദ്ദേഹം വിവാഹം കഴിച്ചത്. മൂവര്‍ക്കുമായി മൂന്ന് മക്കളും ജനിച്ചു. ശ്രുതിയും ശരണും ഉഷയും. രസകരമായ വസ്തുതയെന്തെന്നാല്‍ തങ്ങളുടെ മക്കളോട് രണ്ട് അമ്മമാരില്‍ ആരാണ് തങ്ങള്‍ക്ക് ജന്മം നല്‍കിയതെന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നതാണ്.
തന്റെ ബയോളജിക്കല്‍ അമ്മ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ശ്രുതി തന്നെ പറഞ്ഞിട്ടുണ്ട്. ''ഞങ്ങളെ സംബന്ധിച്ച് അതൊരു അത്യാവശ്യമായി തോന്നിയിട്ടില്ല. വേണമെങ്കില്‍ ഒറ്റ ചോദ്യത്തില്‍ ഉത്തരം കിട്ടുമായിരുന്നു. പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്നത് എല്ലാവരും ഒന്നാണെന്നാണ്. അവര്‍ രണ്ട് പേരും ഞങ്ങളുടെ അമ്മമാരാണ്. അവര്‍ ഞങ്ങളുടെ തുല്യമായി സ്‌നേഹിക്കുന്നു. തിരിച്ച് ഞങ്ങളും. ആര് ആരുടേതാണെന്ന ചിന്തയേയില്ല'' എന്നാണ് ശ്രുതി പറഞ്ഞത്.
1990 ലാണ് ശ്രുതി കരിയര്‍ ആരംഭിക്കുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്രുതിയുടെ പേര് പ്രിയദര്‍ശിനിയെന്നായിരുന്നു. ആ പേര് ശ്രുതിയ്ക്ക് ഇഷ്ടമായിരുന്നില്ല. രണ്ടാമത്തെ ചിത്രമായ ശ്രുതിയില്‍ അഭിനയിക്കവെ സംവിധായകനോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് ചിത്രത്തിലെ പേരായ ശ്രുതി തന്നെ സ്വന്തം പേരാക്കി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്.
കന്നഡയില്‍ നിന്നും തമിഴിലെത്തിയപ്പോഴും ശ്രുതിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരമെത്തി. കന്നഡയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മലയാളത്തിലേക്ക് എത്തുന്നത്. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, സിഐ മഹാദേഴന്‍ 5 അടി 4 ഇഞ്ച്,ഒരാള്‍ മാത്രം എന്നിങ്ങനെ മൂന്ന് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളിയ്ക്ക് ശ്രുതി ഇന്നും അമ്പിളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates