മകള്‍ നന്ദനയുടെ വേര്‍പാടിന്റെ വേദന കെഎസ് ചിത്രയെ ഇന്നും വിട്ടുപോയിട്ടില്ല. മകളുടെ ഓര്‍മ ദിവസം ചിത്ര പങ്കുവച്ച വാക്കുകളില്‍ ആ വേദനയുടെ ആഴം അളക്കാനാകുമായിരുന്നു. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെക്കുറിച്ച് അന്ന് പറഞ്ഞത്. മകളുടെ വിയോഗത്തിന് ശേഷം സംഗീതലോകത്തു നിന്നും വിട്ടു നിന്ന ചിത്രയെ തിരികെ കൊണ്ടു വരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലതാ മങ്കേഷ്‌കറും ഇളയരാജയുമായിരുന്നു.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തിരിച്ചുവരവിനെക്കുറിച്ച് ചിത്ര സംസാരിക്കുന്നുണ്ട്. തിരികെ വരുന്നില്ലെന്ന് കരുതിയിരുന്ന തന്നെ തേടി വന്ന ലതാ മങ്കേഷ്‌കറിന്റെ കോളിനെക്കുറിച്ചും പിന്നീട് സ്റ്റേജ് പരിപാടിയ്ക്കായി ഇളയരാജ വിളിച്ചതുമെല്ലാം അവര്‍ ഓര്‍ക്കുന്നുണ്ട്.
''എന്നെ തിരിച്ചു കൊണ്ടു വരാനായി ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടവര്‍ രഞ്ജി ഹരിദാസും വിജയ് ടിവിയിലെ റൗഫയുമൊക്കെയായിരുന്നു. ഞാന്‍ വന്നാലേ ഷൂട്ട് തുടങ്ങുവെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് എല്ലാ മാസവും രഞ്ജിനിയെ എന്റെ അരികിലേക്ക് വിടുമായിരുന്നു എന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത് തിരികെ കൊണ്ടു വരാന്‍. എനിക്ക് അപ്പോഴൊന്നും തിരികെ വരണം എന്നുണ്ടായിരുന്നില്ല. ആ സമയത്താണ് ലതാജിയുടെ പേരിലുള്ള അവാര്‍ഡിന് എന്നെ തെരഞ്ഞെടുക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു. ഞാന്‍ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ലതാ ജി വിളിക്കുന്നതും നീ തീര്‍ച്ചയായും പോകണം, ഞാനും വരും എന്ന്.'' കെഎസ് ചിത്ര പറയുന്നു.
''പക്ഷെ അന്നും പാടിയില്ല. കുറച്ചുനാളത്തേക്ക് പാടിയില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് പാടിയത്. ചെന്നൈയില്‍ രാജ സാറിന്റെ പരിപാടിയിലാണ് പാടിയത്. റെക്കോര്‍ഡിങിന് പോകുന്ന സമയം, വീട്ടില്‍ നിന്നും ഇറക്കി സ്റ്റുഡിയില്‍ കൊണ്ടു പോകുന്നത് വരെ എന്റെ ചേച്ചിയും വിജയന്‍ ചേട്ടന്റെ സഹോദരിയും വീട്ടില്‍ തന്നെയായിരുന്നു. ഞാന്‍ തിരികെ സ്റ്റുഡിയോയില്‍ പോയതിന് ശേഷമേ അവര്‍ പോയുള്ളൂ. അതുവരെ എന്റെ കൂടെ നിന്നു. മൂന്ന്-നാല് മാസം എന്റെ കൂടെ തന്നെയായിരുന്നു'' ചിത്ര പറയുന്നു. തന്നോട് ഇളയരാജ പറഞ്ഞ വാക്കുകളും അവര്‍ പങ്കുവെക്കുന്നുണ്ട്.
''രാജാ സാര്‍ റിഹേഴ്‌സലിന് വരാന്‍ പറഞ്ഞിരുന്നു. എനിക്ക് വരാന്‍ പറ്റില്ലെന്നും ഒരു വര്‍ഷത്തേക്കെങ്കിലും വീട്ടില്‍ ഇരുന്നോട്ടെ എന്ന് ഞാന്‍ പറഞ്ഞു. നീ വന്നില്ലെങ്കില്‍ പരിപാടി ക്യാന്‍സല്‍ ആക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ കൊണ്ടുവരാന്‍ പറഞ്ഞതായാരിക്കാം. പക്ഷെ അങ്ങനെ പറഞ്ഞു. രാജാ സാറിന്റെ ഭാര്യ മരിച്ചിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. നന്ദനയുടേത് ആറ് മാസം കഴിഞ്ഞിരുന്നു. എന്റെ കൂടെ 30 ലധികം വര്‍ഷം ജീവിച്ചയാള്‍ പോയി. എന്നിട്ടും ഞാന്‍ പരിപാടിയ്ക്ക് വന്നില്ലേ. നീ അങ്ങനെ വിചാരിക്കരുത്, നീ വന്നേ പറ്റൂവെന്ന് പറഞ്ഞു'' എന്നാണ് കെഎസ് ചിത്ര പറയുന്നത്.
''വീട്ടില്‍ നിന്നും എല്ലാവരും പലരുടേയും കഥകള്‍ പറഞ്ഞു. മൂഡിയായി ഇരുന്നാല്‍ കൂടെയുള്ളവരുടെ ജീവിതം കൂടെ ദുരിതമാവുകയേയുള്ളൂ. നഷ്ടപ്പെട്ടത് തിരികെ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞു. അതൊരു തിരിച്ചറിവായിരുന്നു. ഞാനും ആലോചിച്ചു. എന്നെ ആശ്രയിച്ച് കുറേപ്പേര്‍ ജീവിക്കുന്നുണ്ട്. ഞാന്‍ തളര്‍ന്നു പോയാല്‍ അവരുടെ ജീവിതവും ബുദ്ധിമുട്ടിലാകും'' എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates