Suryaa Facebook
Entertainment

'ജോസഫി'ന്റെ ഹിന്ദി റീമേക്കിന് നിയമക്കുരുക്ക്; 'സൂര്യ'ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ജോജു ജോർജ് ചിത്രം 'ജോസഫി'ന്റെ ഹിന്ദി റീമേക്കായ 'സൂര്യ: അന്ത് സേ ആരംഭ് തക്' നിയമക്കുരുക്കിൽ. സണ്ണി ഡിയോൾ നായകനാകുന്ന ചിത്രത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുകയും ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

നവംബർ രണ്ടിന് ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC), നിർമാതാക്കൾ, വിതരണക്കാരായ സീ എന്റർടെയ്ൻമെന്റ് എന്നിവരോട് വിശദീകരണം തേടി. സിനിമയുടെ ടീസർ പ്രദർശനം തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചെങ്കിലും നിലവിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. നവംബർ 16ലേക്ക് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.

ചിത്രത്തിനെതിരെ നാല് ഡോക്ടർമാരാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചശേഷം രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മർദം ചെലുത്തുന്നതായും അനാവശ്യ പരിശോധനകൾ നിർദേശിക്കുന്നതായും ഡോക്ടർമാർ കമ്മിഷൻ വാങ്ങുന്നതായും ചിത്രത്തിന്റെ ടീസറിൽ സൂചനകളുണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത്തരം ദൃശ്യങ്ങൾ ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് പ്രേരണയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തിന്റെ ടീസറിൽ കഥയെ 'വിശ്വസിക്കാനാകാത്ത യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്' എന്നും മെഡിക്കൽ സംവിധാനത്തിന്റെ ഞെട്ടിക്കുന്ന സത്യം എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ സിനിമയുടെ കഥ സാങ്കൽപ്പികമാണെന്നാണ് ഹർജിക്കാരുടെ വാദം. ടീസർ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്നും ചിത്രത്തിലും പ്രചാരണസാമഗ്രികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും സിനിമ സാങ്കൽപ്പികമാണെന്ന ഡിസ്ക്ലെയിമർ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2018ൽ എം. പത്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തിയ ചിത്രമാണ് 'ജോസഫ്'. ഷാഹി കബീറിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ജോസഫിന്റെ അന്വേഷണവും അതിലൂടെ പുറത്തുവരുന്ന ഞെട്ടിക്കുന്ന സത്യങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം.

ഹിന്ദിയിൽ 'സൂര്യ: അന്ത് സെ ആരംഭ് തക്' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ ജോജു അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ സണ്ണി ഡിയോൾ അവതരിപ്പിക്കുന്നു. എം. പത്മകുമാർ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. രവി കിഷൻ, ജിഷു സെൻഗുപ്ത, പ്രഗ്യ ജയ്സ്വാൾ, ടിനു ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് റിലീസിന് മുമ്പേ നിയമപരമായ വെല്ലുവിളി നേരിടേണ്ടിവന്നിരിക്കുകയാണ്.

Legal hurdle for the Hindi remake of 'Joseph'; petition filed against 'Surya' in the Delhi High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സമരം: വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

എക്സൈസ് കമ്മീഷണറെ മാറ്റാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും; നെടുമ്പാശ്ശേരി ബാർ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും അഡ്വഞ്ചര്‍ സ്‌കൂട്ടറുമായി ഹോണ്ട, 47 കിലോമീറ്റർ മൈലേജ്; എഡിവി 125 പ്രദര്‍ശിപ്പിച്ചു, അറിയാം ഫീച്ചറുകള്‍