Kaveri, Lohithadas ഫെയ്സ്ബുക്ക്
Entertainment

'ആദ്യ കാഴ്ചയില്‍ കാവേരിയെ ലോഹിസാറിന് ഇഷ്ടമായില്ല; തീരുമാനം മാറിയത് ആ ചിത്രങ്ങള്‍ കണ്ടതോടെ'; വെളിപ്പെടുത്തി സിദ്ധു പനയ്ക്കല്‍

കാവേരി എങ്ങനെ ഉദ്യാനപാലകനിലെത്തി? ആ കഥ പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍

സമകാലിക മലയാളം ഡെസ്ക്

ബാലതാരത്തില്‍ നിന്നും നായികയിലേക്ക് വളര്‍ന്ന നടിയാണ് കാവേരി. മമ്മൂട്ടി ചിത്രം ഉദ്യാനപാലകനിലൂടെയാണ് കാവേരി നായികനിരയിലെത്തുന്നത്. എന്നാല്‍ ആദ്യം കാവേരിയെ കണ്ടപ്പോള്‍ സംവിധായകന്‍ ലോഹിതദാസിന് ഇഷ്ടപ്പെട്ടില്ല. പിന്നീട് കാവേരി എങ്ങനെ ഉദ്യാനപാലകനിലെത്തി? ആ കഥ പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. ആ വാക്കുകളിലേക്ക്:

കാവേരി നായികയായി വന്നതിനെക്കുറിച്ചാണ്. ഹരികുമാര്‍ സാറിന്റെ സെവന്‍ ആര്‍ട്ട്സ് ചിത്രം ഉദ്യാനപാലകന്റെ എഴുത്തും ലൊക്കേഷന്‍ നോക്കലും ഒക്കെയായി ഞങ്ങള്‍ ഷൊര്‍ണുര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നു. കണ്‍ട്രോളര്‍ മോഹനേട്ടന്‍. ഞാന്‍ എക്‌സിക്യൂട്ടീവ്. വിജയകുമാര്‍ സാറും ഹരികുമാര്‍ സാറും മോഹനേട്ടനും വരവും പോക്കുമായി നില്‍ക്കുന്നു. ഞാന്‍ സ്ഥിരം ലോഹിസാറിന്റെ കൂടെ ഉണ്ട്. അന്ന് ലോഹിസാറിന് ഷൊര്‍ണുര്‍ ഒരു വീടുണ്ട്. അവിടെയിരുന്നും ഗസ്റ്റ് ഹൗസില്‍ ഇരുന്നുമാണ് സാര്‍ എഴുതുന്നത്. ഇടവേളകളില്‍ ലൊക്കേഷന്‍ കാണലും നടക്കുന്നുണ്ട്.

മധ്യവയസ്‌കനായ ഒരാളും തീരെ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ് ഉദ്യാനപാലകന്‍. മമ്മുട്ടി സാര്‍ നായകന്‍. പെണ്‍കുട്ടി ഫിക്‌സ് ആയിട്ടില്ല. അന്വേഷണം പലവഴിക്കുനടക്കുന്നു. എനിക്കു ദിവസവും രാവിലെ ഷൊര്‍ണുര്‍ റെയില്‍വേ സ്റ്റേഷനില്‍ പോകലാണ് പ്രധാന ജോലി. മദ്രാസില്‍ നിന്ന് മോഹനേട്ടനും, തിരുവനന്തപുരത്ത് നിന്ന് ഹരികുമാര്‍ സാറും പല പെണ്‍കുട്ടികളുടെയും ഫോട്ടോസ് എസി കോച്ഛ് അറ്റന്‍ഡര്‍മാരുടെ കയ്യില്‍ കൊടുത്തയക്കും. ലോഹി സാറിന്റെ അപ്രൂവലിന്. ചിലതൊക്കെ കൊള്ളാം എന്ന് തോന്നിയെങ്കിലും പൂര്‍ണ തൃപ്തി ആയില്ല ലോഹിസാറിന്.

അങ്ങിനെയിരിക്കെ ഒരു ദിവസം ലോഹി സാറിന്റെ വീട്ടില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ നടന്‍ കൃഷ്ണപ്രസാദ് ലോഹിസാറിനെ കാണാന്‍ വന്നു. സംസാരത്തിനിടയില്‍ നായികാ പ്രശ്‌നവും ചര്‍ച്ചയായി. കൃഷ്ണപ്രസാദ് പറഞ്ഞു രണ്ട് ദിവസം മുന്‍പ് കാവേരിയുടെ അമ്മയെ കണ്ടിരുന്നു. അവര്‍ കാവേരിയുടെ കുറച്ച് ഫോട്ടോസ് കാണിച്ചു. കാവേരി ഇപ്പോള്‍ നന്നായിരിക്കുന്നു. ബാലതാരമായൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കുട്ടിയാണ് കാവേരി. കൃഷ്ണപ്രസാദും കാവേരിയും പരിചയക്കാരാണ്. എനിക്കും അറിയാം കാവേരിയെ ഞങ്ങളുടെ സദയം എന്ന പടത്തില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ കുട്ടിയുടെ പ്രകൃതമായിരുന്നു കാവേരിക്കന്ന്. അല്ല ഇപ്പോള്‍ കുറച്ച് വലുതായിട്ടുണ്ട് എന്ന് കൃഷ്ണപ്രാസാദ്. എന്നാല്‍ കണ്ടുകളയാം എന്ന് ലോഹി സാര്‍ പറഞ്ഞു.

കാവേരി വന്ന ദിവസം മോഹനേട്ടനും ഉണ്ടായിരുന്നു. വീഡിയോ ഗ്രാഫര്‍ ഉണ്ട്. കാവേരിയെ ലോഹിസാറിനെ കാണിച്ചു. തിരുവല്ലയില്‍ നിന്ന് യാത്ര ചെയ്തു വന്നപ്പോള്‍ ടയേര്‍ഡ് ആയതോ അതോ ധരിച്ചിരുന്ന ഡ്രെസ്സിന്റെ പ്രത്യേകതയോ എന്താണെന്നറിയില്ല ഒറ്റ നോട്ടത്തില്‍ കാവേരിയെ ലോഹിസാറിന് ഇഷ്ടമായില്ല. വന്നതല്ലേ നിങ്ങള്‍ വീഡിയോയില്‍ എന്തെങ്കിലും എടുക്കു എന്ന് പറഞ്ഞു ലോഹിസാര്‍.ലോഹിസാറിന്റെ സംസാരത്തില്‍ നിന്ന് തന്നെ കാവേരിക്കും അമ്മയ്ക്കും കാര്യം മനസിലായി.

ഉദ്യാനപാലകന് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യുന്ന ദിലീപ് ചിത്രം മാനസത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേച്ചേരിക്കാരന്‍ റാഫേല്‍ ചേട്ടന്‍ ആണ് പ്രൊഡ്യൂസര്‍ പുതുമുഖം സിഎസ് സുധീഷ് ഡയറക്ടര്‍. സെവന്‍ ആര്‍ട്ട്സ് മോഹനേട്ടനും റാഫേല്‍ ചേട്ടനും, ഈയിടെ അന്തരിച്ച സെവന്‍ ആര്‍ട്ട്സ് പ്രസാദ് ചേട്ടനും ചേര്‍ന്ന് വിതരണം. വിഷമിച്ചിരുന്ന കാവേരിയോട് മോഹനേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു സിനിമ എടുക്കുന്നുണ്ട്. ദിലീപ് ആണ് നായകന്‍. ദിലീപിനോടും പ്രൊഡ്യൂസറോടും ഡയറക്ടറോടും ഞങ്ങള്‍ പറഞ്ഞോളാം. അതിലെ നായികാവേഷം തീര്‍ച്ചയായും കാവേരിക്ക് ചെയ്യാം. മോഹനേട്ടന്‍ മൂന്ന് പേരെയും വിളിച്ചു ആര്‍ക്കും എതിര്‍പ്പില്ല. കാവേരിയും മോഹനേട്ടനും അന്ന് തന്നെ മടങ്ങിപോയി.

ഞാന്‍ ലോഹിസാറിന്റെ കൂടെ തന്നെ. അന്ന് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ശശി ഗുരുവായൂര്‍ എന്ന മാനേജരോട് പ്രൊഡ്യൂസറേ കണ്ടു 5000/ രൂപ വാങ്ങിക്കൊണ്ട് പോയി കാവേരിക്ക് അഡ്വാന്‍സ് കൊടുക്കണം. ഒരു ഫോട്ടോഗ്രാഫറേ കൊണ്ട് പോയി വിവിധതരം ഡ്രസ്സ് ഇട്ടു ഫോട്ടോയും എടുക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചു.ശശി പോയി അഡ്വാന്‍സ് കൊടുത്ത്, ഫോട്ടോസ് എടുത്തു തിരിച്ചുവന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഫോട്ടോസ് ഷൊര്‍ണുര്‍ എന്റെ കയ്യില്‍ കൊണ്ട് തന്നു. പലതരത്തിലുള്ള ഡ്രസ്സ് ഇട്ടു വിവിധ പോസുകളില്‍ ഉള്ള ഫോട്ടോസ്. കൊള്ളാം ഫോട്ടോസ് ഞാന്‍ എന്റെ ബാഗില്‍ സൂക്ഷിച്ചു. ഇവിടെ നായികക്ക് വേണ്ട അന്വേഷണം തകൃതിയായി നടക്കുന്നു. ഒന്നും ശരിയാകുന്നില്ല. ഷൂട്ടിങ് തുടങ്ങേണ്ട ദിവസം ഇങ്ങടുത്തു.

ഒരു ദിവസം ലോഹിസാറും ഞാനും ഗസ്റ്റ് ഹൗസിന്റെ ഫോണ്‍ വെച്ചിരിക്കുന്ന ടേബിളിനു അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുന്നു. വിഷയം നായികതന്നെ. ഞാന്‍ പറഞ്ഞു സാര്‍ എന്റെ കയ്യില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ട്. ആരാണ് എന്ന് സാര്‍. കാവേരി എന്ന് പറഞ്ഞാല്‍ കാണാന്‍ സാര്‍ താല്പര്യം കാണിച്ചില്ലെങ്കിലോ എന്ന് കരുതി ഞാന്‍ പറഞ്ഞു. സാര്‍ അറിയില്ല പുതിയ കുട്ടി ആണ്. അടുത്ത പടത്തിലേക്ക് നോക്കാന്‍ വേണ്ടി ഫോട്ടോ കൊണ്ട് വന്നതാ. കാണട്ടെ എന്ന് സാര്‍.

ഞാന്‍ ഫോട്ടോ എടുത്തു കൊണ്ട് വന്നു. ഒരു ഡയറിയുടെ ഇടയിലാണ് ഞാന്‍ ആ ഫോട്ടോസ് വെച്ചിരുന്നത്. ഇത് കാവേരിയല്ലേ ഫോട്ടോ നോക്കി സാര്‍ ചോദിച്ചു. പല പോസില്‍ ഉള്ള ഫോട്ടോസ്, പല വേഷത്തില്‍ ഉള്ള ഫോട്ടോസ്. പല ഭാവത്തില്‍ ഉള്ള ഫോട്ടോസ്, കൊള്ളാമല്ലോ സാറിനിഷ്ടമായി. എല്ലാ ഫോട്ടോസും നോക്കിയ ശേഷം സാര്‍ പറഞ്ഞു. ഇവള്‍ തന്നെ നമ്മുടെ നായിക. ഗസ്റ്റ് ഹൗസില്‍ എസ്റ്റിഡി ഇല്ല ചെറുതുരുത്തി മാഷുടെ ബൂത്ത് വഴി മൂന്ന് എസ്റ്റിഡി പറന്നു. മമ്മുട്ടി സാര്‍, ഹരികുമാര്‍ സാര്‍, വിജയകുമാര്‍ സാര്‍.

ഉദ്യാനപാലകന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഷൂട്ടിംഗ് റിപ്പോര്‍ട്ട് വന്ന ചിത്രഭൂമിയില്‍ ലോഹിസാര്‍ എഴുതി സിദ്ധാര്‍ത്ഥന്റെ ഡയറിയില്‍ നിന്നാണ് കാവേരിയെ കണ്ടെത്തിയതെന്ന്. കാവേരിയായി മലയാളത്തിലും, കല്യാണിയായി തെലുങ്കിലും തമിഴിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴും തെലുങ്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

Lohithadas was hesistant to cast Kaveri in Udhyanapalakan. Sidhu Panakkal reveals what made him change his mind.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ'

കേരളതീരത്തെ ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; കൊച്ചിയില്‍ റിപ്പബ്ലിക് ടിവി സംഘം അറസ്റ്റില്‍

ആയുസ്സ് കൂടണോ? ബ്ലൂസോൺ മനുഷ്യരെ പോലെ ഭക്ഷണം കഴിക്കാം

ബൈക്കും ലോറിയും കൂട്ടിയിടിച്ചു; തെയ്ക്വാന്‍ഡോ താരത്തിന് ദാരുണാന്ത്യം

SCROLL FOR NEXT