Lokah vs Hridayapoorvam Box office clash ഫെയ്സ്ബുക്ക്
Entertainment

ലോകയോ ഹൃദയപൂര്‍വ്വമോ? ബുക്ക് മൈ ഷോയില്‍ മുന്നിലാര്? ബോക്‌സ് ഓഫീസില്‍ 'ഓണത്തല്ല്'

രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഈ ഓണക്കാലം ബോക്‌സ് ഓഫീസില്‍ ഓണത്തല്ല് തന്നെ കാണാമെന്നാണ് ഇന്നത്തെ ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ കൂട്ടുകെട്ടിന്റെ ലോകയുമാണ് ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയത്. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

രണ്ട് സിനിമകളും വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലേക്ക് എത്തിയത്. ആ പ്രതീക്ഷകള്‍ സിനിമകള്‍ കാത്തുവെന്നാണ് ആദ്യ പ്രതികരണങ്ങള്‍ നല്‍കിയ സൂചന. ലോക മലയാളം ഇതുവരെ കാണാത്തൊരു സൂപ്പര്‍ ഹീറോ മൂവിയായി അത്ഭുതപ്പെടുത്തുമ്പോള്‍, മലയാളിയെ നൊസ്റ്റാള്‍ജിയയിലേക്ക് കൂട്ടുക്കൊണ്ടു പോകുന്ന ഫീല്‍ ഗുഡ് ചിത്രമായി മാറുകയാണ് ഹൃദയപൂര്‍വ്വം.

ബോക്‌സ് ഓഫീസില്‍ തുടക്കത്തില്‍ ഒരു പൊടിക്ക് എഡ്ജ് ഉണ്ടായിരുന്നത് ഹൃദയപൂര്‍വ്വത്തിനായിരുന്നു. ഓണക്കാലത്ത് എത്തുന്ന മോഹന്‍ലാല്‍ ചിത്രം, വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ചിത്രത്തിന് തുണയായത്. ഈ ഹൈപ്പ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങിലും കാണാന്‍ സാധിച്ചു.

ലോകയ്ക്കും ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. നസ്ലെനും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന സിനിമ. കല്യാണി സൂപ്പര്‍ ഹീറോയാകുന്നു, മലയാളം ഇതുവരെ കാണാത്ത ക്യാന്‍വാസിലുള്ള സിനിമ തുടങ്ങിയ ഘടകങ്ങള്‍ ലോകയ്ക്ക് ഗുണമായി. ബുക്ക്‌മൈ ഷോയില്‍ ഉച്ചവരെ ഹൃദയപൂര്‍വ്വത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഒട്ടും പിന്നിലല്ലാതെ തന്നെ ലോകയും ഉണ്ടായിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഒരു മണിക്കൂറില്‍ ലോക ഹൃദയപൂര്‍വ്വത്തെ മറി കടന്നിട്ടുണ്ട്. അവസാന ഒരു മണിക്കൂറില്‍ മാത്രം ഹൃദയപൂര്‍വ്വത്തിന്റെ 6.52K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ ബുക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ ലോകയ്ക്കായി ബുക്ക് ചെയ്യപ്പെട്ടത് 8.1k ടിക്കറ്റുകളാണ്. ആദ്യ ദിവസം വൈകിട്ട് അഞ്ചു മണി വരെ ഹൃദയപൂര്‍വ്വം നേടിയത് 2.20 കോടിയാണെന്നാണ് അനൗദ്യോഗിക കണക്ക്. ലോക 1.39 കോടി നേടിയതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വേഗത്തില്‍ ലോക മുന്നിലേക്ക് വരുമെന്നുറപ്പാണ്.

രണ്ട് ചിത്രങ്ങളും ആദ്യ ദിവസം നേട്ടമുണ്ടാക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. നാളെ കല്യാണി തന്നെ നായികയായ, ഫഹദ് ഫാസില്‍ നായകനായ ഓടും കുതിര ചാടും കുതിര എന്ന ചിത്രവും റിലീസ് ചെയ്യുന്നുണ്ട്. ഈ ചിത്രവും നല്ല പ്രതികരണം നേടുകയാണെങ്കില്‍ ഒരേസമയം മൂന്ന് ഹിറ്റുകള്‍ എന്ന അപൂര്‍വ്വ കാഴ്ചയ്ക്കായിരിക്കും മലയാളം ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുക.

ഏത് ചിത്രമായിരിക്കും ഓണം വിന്നറായി മാറുകയെന്ന് ഇന്നത്തെ കണക്ക് മാത്രം വച്ച് പ്രവചിക്കുക അസാധ്യമായൊരു സാഹചര്യമാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ കാണുന്നത്. ഏത് സിനിമ മുന്നിലെത്തിയാലും മലയാള സിനിമയെ സംബന്ധിച്ച് ഇത് പ്രതീക്ഷ നല്‍കുന്നൊരു ഓണക്കാലമായി മാറുകയാണ്.

Lokah vs Hridayapoorvam Boxoffice clash. Lokah takes a slight lead in book my show bookings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT