ഒരുപാട് ആരാധകരുണ്ട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്. കൈതിയും വിക്രമും ലിയോയുമൊക്കെ കൂട്ടിച്ചേര്‍ത്ത് ലോകേഷ് ഒരുക്കിയ ലോകം ആരാധകര്‍ക്ക് ആകാംഷയും ആവേശവും പകരുന്നതാണ്. തന്റെ ഇഷ്ടത്തിന് തമിഴിലെ സൂപ്പര്‍ താരങ്ങളേയും കഥാപാത്രങ്ങളേയും ഉപയോഗിക്കാവുന്ന തരത്തിലാണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് കെട്ടിപ്പടുത്തിരിക്കുന്നത്. ചിലപ്പോഴൊക്കെ ലോകേഷ് പോലും വിചാരിക്കത്ത തരത്തില്‍ സിനിമകളേയും കഥാപാത്രങ്ങളേയും ബന്ധപ്പെടുത്തി ആരാധകര്‍ കഥ മെനയുന്നതും കാണാം.
എന്നാല്‍ എവിടെയാണ് ഈ എല്‍സിയുവിന്റെ തുടക്കം എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകേഷിന്റെ തലയിലേക്ക് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ആശയം കടന്നു വരുന്നത് വിക്രം സിനിമയ്ക്ക് തൊട്ടു മുമ്പാണ്. എന്നാല്‍ കമല്‍ ഹാസനോ, വിജയിയോ എന്തിന് എല്ലാത്തിന്റേയും തുടക്കമായ കൈതിയിലെ കാര്‍ത്തിയോ ഒന്നുമല്ല എല്‍സിയുവിന്റെ തുടക്കത്തിന് കാരണം. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് എല്‍സിയുവിന്റെ പിറവിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
ലോകേഷിന്റെ വാക്കുകള്‍:
കൈതിയും മാസ്റ്ററും റിലീസ് കഴിഞ്ഞു നില്‍ക്കുന്ന സമയം. ഞാനും കമല്‍ സാറും ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സാര്‍ ഒരു ഐഡിയ തന്നു. അത് അവിടെ തന്നെ നില്‍ക്കട്ടെ, ഞാന്‍ എന്റേതായൊരു കഥയുമായി വരാമെന്ന് പറഞ്ഞു. അന്ന് എനിക്ക് ഓഫീസില്ല. സാറിന്റെ ഓഫീസില്‍ തന്നെയായിരുന്നു. അടുത്തടുത്ത മുറികളാണ്. കഥയുടെ ചര്‍ച്ച നടക്കുമ്പോള്‍ നരെയ്ന്‍ സാറിനെപ്പോലെ തന്നെയുള്ള ഒരു കഥാപാത്രം വിക്രമിലുമുണ്ട്.
നരെയ്ന്‍ സാറിനെ കൈതിയില്‍ ഇട്ടു. അദ്ദേഹത്തെപ്പോലെ തന്നെ ഒരാളെ വേണം, പക്ഷെ ആരെ ഇടുമെന്ന് ആലോചിച്ച് ഇട്ടിരിക്കുകയായിരുന്നു. വൈകുന്നേരം ചായ കുടിക്കാന്‍ നേരം എന്തുകൊണ്ട് നരെയ്ന്‍ സാറിനെ തന്നെ കൊണ്ടു വന്നു കൂടാ? എന്തുകൊണ്ട് ഒരു ക്രോസ് ഓവര്‍ ആയിക്കൂടാ? എന്ന് ചിന്തിച്ചു. ആദ്യമിത് പറയുമ്പോള്‍ എന്റെ എഡികള്‍ക്കൊന്നും മനസിലായില്ല. എന്തിനാണ് അത് തന്നെ ചെയ്യുന്നത്, പുതുതായി എന്തെങ്കിലും ചെയ്തൂടേ എന്ന് അവര്‍ ചോദിച്ചു.
വേണ്ട, ഒരു ക്രോസ് ഓവര്‍ ആക്കാം, എല്ലാ കഥാപാത്രങ്ങളേയും തിരികെ കൊണ്ടു വരാമെന്ന് പറഞ്ഞു. ഈ സിനിമയും ഒരു കുട്ടിയെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും സംസാരിക്കുന്നതാണ്. രണ്ടും ക്ലബ്ബ് ചെയ്യാമെന്ന് പറഞ്ഞു. തുടക്കത്തില്‍ എന്റെ എ.ഡിമാരൊക്കെ ഈ ആശയത്തെ എതിര്‍ത്തു. ഇത് വര്‍ക്കൗട്ടാകില്ലെന്നാണ് എല്ലാവരും പറഞ്ഞു. ഒടുവില്‍ തിരക്കഥയെഴുതി കമല്‍ സാറിന് കൊടുത്തു. അദ്ദേഹം എന്റെ ഐഡല്‍ ആണ്. അദ്ദേഹം എതിര്‍പ്പു പറഞ്ഞാല്‍ അതോടെ എല്ലാം തീര്‍ന്നു. അവരെ കണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. പ്രണയ ലേഖനം കൊടുത്ത് മറുപടിയ്ക്ക് കാത്തിരിക്കുന്നത് പോലെയായിരുന്നു അത്.
അദ്ദേഹം ഒരു എതിര്‍പ്പും പറഞ്ഞില്ല. അദ്ദേഹം എന്തെങ്കിലും എതിര്‍പ്പു പറയുകയായിരുന്നുവെങ്കില്‍, നടനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും, ഈ ഐഡിയ നടക്കില്ലായിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ശ്രമിച്ച് നോക്കാമെന്ന് പറയുകയും ചെയ്തു. നീ എന്താണോ പ്ലാന്‍ ചെയ്യുന്നത്, അത് നീ തന്നെ ചെയ്തു കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് എനിക്ക് ഗോ കാര്‍ഡ് തരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates