എം.ബി.പദ്മകുമാർ,സിബി മലയിൽ (M.B.Padmakumar and Siby Malayil ) ഫെയ്സ്ബുക്ക്,ഫയൽ
Entertainment

'എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്, സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ ചെറിയ സിനിമയാകുമോ?'; സിബി മലയലിനെതിരെ പദ്മകുമാർ

അത് മോശം സിനിമയാണെന്ന് പറഞ്ഞാൽ അന്ന് ഞാൻ ഈ പണി നിർത്തും..

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ സിബി മലയിലിനെതിരെ സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അം​ഗവുമായ എംബി പദ്മകുമാർ. ജെഎസ്കെ എന്ന ചിത്രത്തിന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുമ്പോൾ പദ്മകുമാറിന്റെ സിനിമയെക്കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് വിമർശനത്തിന് കാരണമാക്കിയത്. ജെഎസ്കെ ഇപ്പോൾ നേരിടുന്ന സമാനപ്രശ്നം പദ്മകുമാറിന്റെ സിനിമയും നേരിട്ടുണ്ടെന്നും അത് ചെറിയ സിനിമ ആയതിനാൽ സംവിധായകൻ തന്നെ ആ പേരുമാറ്റി പ്രശ്നം പരിഹരിച്ചു എന്നുമാണ് സിബി മലയിൽ പറഞ്ഞത്. എന്നാൽ സിബി മലയലിന്റെ വാക്കുകൾ ചാനലിലൂടെ പുറത്തുവന്നതിനുശേഷം സിനിമ പുറത്തിറക്കാൻ തന്നെ സഹായിക്കാമെന്ന് പറഞ്ഞ വിതരണക്കാരൻ പിന്മാറിയെന്നും പദ്മകുമാർ പറഞ്ഞു.

എം.ബി.പദ്മകുമാറിന്‍റെ വാക്കുകള്‍ :-

"സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത്, വികാരം കൊണ്ടല്ലെന്ന് പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. പക്ഷേ ഈ ഒരു സാഹചര്യത്തെ ഞാൻ എന്റെ വികാരം കൊണ്ട് നേരിടുകയാണ്. സിബിമലയിൽ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ അല്ലെങ്കിൽ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കിൽ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലേ സാറേ. അത് പ്രേക്ഷകർ കാണണ്ട അല്ലേ സാറേ. സാർ ആ സിനിമ കണ്ടോ? അല്ലെങ്കിൽ സാർ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ? ഇത് തന്നെയല്ലേ സാറേ സെൻസർ ബോർഡും ചെയ്തത്. സിനിമ കാണാതെ അവർ മുൻവിധിയോടു കൂടി പത്മകുമാർ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കിൽ സംഘടനയിലുള്ള ആൾക്കാരോ സിനിമ ചെയ്തില്ലെങ്കിൽ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാർ ഉപദ്രവിക്കുന്നത്.

സാറിന് ഒരു കാര്യം അറിയാമോ. ഞാൻ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. ആ സിനിമ എല്ലാം ഭംഗിയായി തീർന്ന്, സെൻസർ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററിൽ എത്തിക്കണമല്ലോ, സൂപ്പർ താരങ്ങൾ ഒന്നുമില്ല. വർഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടന്റ്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ തിയേറ്റിന്റെ തിരശ്ശീല കിട്ടാൻ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാൻ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? “നിങ്ങൾ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകർ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയിൽ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാർഡ് സിനിമയ്ക്ക് ഞാൻ പൈസ മുടക്കുന്നില്ല’’ എന്ന് അദ്ദേഹം പറഞ്ഞു.

സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്. ഞാൻ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കിൽ ഇതൊരു അവാർഡ് സിനിമയാണ്, ഇതൊരു മോശം സിനിമയാണ്, ആൾക്കാർ വെറുക്കുന്ന സിനിമയാണെന്ന് സാറിന് അല്ലെങ്കിൽ പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അന്ന് ഞാൻ ഈ പണി നിർത്താം. ആരുടെയെങ്കിലും കയ്യും കാലും പിടിച്ച്, തിയറ്റർ വാടകയ്ക്ക് എടുത്ത് അല്ലെങ്കിൽ തിയേറ്റർ കിട്ടിയില്ലെങ്കിൽ തിരശ്ശീല വലിച്ചു കെട്ടി ഞാൻ ഈ സിനിമ പ്രേക്ഷകരെ കാണിച്ചിട്ട് ഏതെങ്കിലും പ്രേക്ഷകർ പറയുകയാണ് ഈ സിനിമ അവാർഡ് സിനിമയാണ് അത് എൻഗേജിങ് അല്ല, അത് മോശം സിനിമയാണെന്ന് പറഞ്ഞാൽ അന്ന് ഞാൻ ഈ പണി നിർത്താം സാറേ. അത്രമാത്രം സങ്കടത്തോടെയാണ് പറയുന്നേ'".

Director and former National Award jury member M.B. Padmakumar has come out against director Sibi Malayil. The criticism was sparked by Sibi Malayil's remarks about Padmakumar's film while speaking in a discussion related to the censorship of the film JSK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT