സ്‌കൂള്‍ കാലത്തെ രസകരമായ ഓര്‍മ പങ്കിട്ട് നടന്‍ മധു വാര്യര്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയില്‍ നിന്നും രക്ഷപ്പെടാനായി തന്റെ കൈ തല്ലിയൊടിക്കാന്‍ പ്ലാനിട്ടതിനെക്കുറിച്ചാണ് മധു വാര്യര്‍ എഴുതുന്നത്. അന്ന് തനിക്കൊപ്പം നിന്ന കൂട്ടുകാരന്റെ ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. ആ വാക്കുകളിലേക്ക്.
പരീക്ഷയില്‍ നിന്ന് പരിരക്ഷ. പരീക്ഷയുടെ കാര്യത്തില്‍ എന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കണ്ണൂര്‍ എസ് എന്‍ വിദ്യാ മന്ദിരില്‍ പന്ത്രണ്ടാം ക്ലാസ്സിലെ കെമിസ്ട്രി മോഡല്‍ പരീക്ഷക്കായിരുന്നു. പേപ്പര്‍ നിറക്കാന്‍ മണിച്ചിത്രത്താഴിന്റെയൊക്കെ
കഥ എഴുതി വച്ചതായാണ് ഓര്‍മ്മ. 'ഇതെങ്ങനെ സാധിച്ചു?' എന്ന് ചോദിച്ചു കൊണ്ടായിരുന്നു അജിത മിസ്സ് കറക്റ്റ് ചെയ്ത ഉത്തരകടലാസ് എനിക്ക് തന്നത്. അഭിമാനത്തോടെ പേപ്പര്‍ വാങ്ങി തുറന്ന് നോക്കിയപ്പോള്‍ എഴുപതില്‍ അര മാര്‍ക്ക്! പരീക്ഷ എന്നുമെനിക്ക് ഒരു പരീക്ഷണമായിരുന്നു.
കഴക്കൂട്ടം സൈനിക സ്‌കൂളിലെ പത്താം ക്ലാസ്സ് ക്രിസ്തുമസ് പരീക്ഷ കാലഘട്ടം; ഒരു കാര്യവുമില്ലാതെ ഭയങ്കര ബിസി ആയതിനാല്‍ ഒന്നും പഠിച്ചിട്ടില്ല, ഒന്നും അറിയില്ല. പരീക്ഷ എഴുതാതിരിക്കാന്‍ എന്ത് ചേയ്യും? കൂലങ്കഷമായ ചിന്തകള്‍ക്കൊടുവില്‍ ഒരു മഹത്തരമായ പ്ലാന്‍ ഉരുതിരിഞ്ഞു വന്നു. ഒരു ഹോക്കി സ്റ്റിക്ക് എടുത്ത് ഇതിന്റെ കൂടെ അറ്റാച്ച് ചെയ്ത ഫോട്ടോയില്‍ എന്റെ കൂടെയുള്ള സഹപാഠി ശ്രീജിത്തിന്റെ കയ്യില്‍ കൊടുത്തിട്ട് എന്റെ വലത്തേ കൈ അടിച്ചൊടിക്കാന്‍ പറഞ്ഞു. ഞാന്‍ കൈ നീട്ടി തല തിരിച്ചു നിന്നു.
നിങ്ങള് പറ, ഒരാള്‍ കൈ തല്ലിയൊടിക്കാന്‍ പറയുമ്പോള്‍ 'എന്തിനാടാ? ഒന്ന് കൂടെ ആലോചിച്ചിട്ട് പോരേ?' അല്ലെങ്കില്‍ 'നമുക്ക് ഒരുമിച്ച് പഠിക്കാടാ, ഞാന്‍ പഠിപ്പിച്ച് തരാം' എന്നൊക്കെയല്ലേ പറയേണ്ടത്? ഒരക്ഷരം ഉരിയിടാതെ, ഇപ്പൊ അമേരിക്കയിലെ വലിയ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ഡയറക്ടര്‍ ആയ ഈ അലവലാതി ഹോക്കി സ്റ്റിക്ക് വാങ്ങി ഒറ്റയടി! പത്ത് മുപ്പത്തഞ്ച് നക്ഷത്രം മിന്നിമിന്നി പോയത് ഞാനെണ്ണി. കുറച്ച് കഴിഞ്ഞപ്പോ കൈക്ക് നല്ല നീരായി. ഞാനും ശ്രീജുവും ഞങ്ങളുടെ വര്‍ക്കിന്റെ റിസള്‍ട്ട് കണ്ട് അഭിമാനപുളകിതരായി.
അവന്റെ മുഖത്ത് ഷാജഹാന് വേണ്ടി താജ് മഹല്‍ പണിത പോലത്തെ സംതൃപ്തി. സ്‌കൂളില്‍ എക്‌സ് റേ സംവിധആനം ഇല്ലാത്തതിനാല്‍ പിറ്റേ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയി. എക്‌സ് റേ എടുത്തു. ഒടിവില്ല, ചെറിയൊരു ക്രാക്കേ ഉള്ളൂ. ഉള്ളൊന്ന് പിടഞ്ഞു. ഇത്രയും പണിയെടുത്തിട്ട് ഇനി പരീക്ഷ എഴുതേണ്ടി വരുമോ? ഒടിവുണ്ടെങ്കിലേ പ്ലാസ്റ്ററിടൂ, ക്രാക്കിന് 'സ്ലാബ് ' ആണ്. സ്ലാബിനും ഒരു രോഗി ലുക്കൊക്കെയുണ്ട്. ഡോക്ടറുടെ കയ്യും കാലും പിടിച്ച് 'കൈക്ക് ഫുള്‍ റസ്റ്റ് വേണം, അനക്കരുത്, പ്രത്യേകിച്ച് പരീക്ഷയൊന്നും എഴുതരുത്' എന്ന് ഒരു സര്‍ട്ടിഫിക്കേറ്റ് തരപ്പെടുത്തി.
അങ്ങനെ പരീക്ഷകള്‍ തുടങ്ങുന്ന ദിവസം ഫുള്‍ കോണ്‍ഫിഡന്‍സില്‍ സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ ക്ലാസ്സ് മാഷുടെ അടുത്തെത്തി. അത് വാങ്ങി വായിച്ചിട്ട് 'അയ്യോ കഷ്ടമായി പോയല്ലോ, മധു പരീക്ഷ എഴുതണ്ട' എന്ന് മാഷ് പറഞ്ഞു. സന്തോഷം കൊണ്ട് രണ്ട് സമ്മര്‍സോള്‍ട്ട് അടിക്കണമെന്ന് ഉണ്ടായിരുന്നു. മാഷ് തുടര്‍ന്നു 'ചോദ്യപേപ്പര്‍ നോക്കി മധു ഉത്തരം പറഞ്ഞാല്‍ മതി. ഞാന്‍ എഴുതി എടുത്തോളാം.' കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ എനിക്ക് തോന്നി. ഇപ്പൊ റീലുകളില്‍ കേള്‍ക്കുന്ന 'ഫാ' സൗണ്ട് ഞാന്‍ അന്നേ നല്ല വ്യക്തമായി കേട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates