'പെദ്ദി' സിനിമ റിലീസിന് പിന്നാലെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കും ചിത്രത്തിലെ നായിക ജാൻവി കപൂറിനുമെതിരെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. ജാൻവി അവതരിപ്പിച്ച കഥാപാത്രത്തെ വിമർശിച്ചു കൊണ്ടാണ് പലരും രംഗത്തെത്തിയത്. ഇപ്പോഴിതാ ജാൻവിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മധുബാല (മധു ഷാ).
'പെദ്ദി'യുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാർ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതിൽ തങ്ങൾക്ക് പൂർണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി. ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ നടിമാർക്ക് ഉത്തരവാദിത്വമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മധുബാല.
"ഞങ്ങൾ നൃത്തം ചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം കാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല.
എന്നാൽ, നിങ്ങൾക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടാവുകയും അതിൽ വിയോജിപ്പുമുണ്ടെങ്കിൽ, ഇത് ശരിയല്ല ഞാൻ ചെയ്യില്ല എന്ന് പറയാൻ സാധിക്കണം". -മധുബാല പറഞ്ഞു. സമ്മതത്തോടെയാണെങ്കിൽ അത് തികച്ചും വ്യക്തിപരമായ കാര്യമാണ്.
എല്ലാവർക്കും സ്വയം എന്താണ് അനുയോജ്യം, അനുയോജ്യമല്ലാത്തത് എന്നതിനെക്കുറിച്ച് വ്യക്തിപരമായ അതിർവരമ്പുകളുണ്ടെന്നും അവർ പറഞ്ഞു. ജാൻവി കപൂറിനെതിരായ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തനിക്ക് അഭിപ്രായം പറയാനാകില്ലെന്നുമായിരുന്നു നടിയുടെ മറുപടി.
നടി എന്ന നിലയിൽ ജാൻവിയെ ഇഷ്ടമാണെന്നും അവർ നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവർ വളരുകയാണെന്നും മധുബാല കൂട്ടിച്ചേർത്തു. 'പെദ്ദി'യിലെ ജാൻവിയുടെയും റാം ചരണിന്റെയും പ്രണയരംഗങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്.
പ്രേക്ഷകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം താൻ പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ ബുച്ചി ബാബു സന പിന്നീട് സമ്മതിച്ചിരുന്നു. പിന്നാലെ മാപ്പ് പറഞ്ഞും സംവിധായകൻ രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates