മമ്മൂട്ടിയുടെ കരിയറിലെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് അഴകിയ രാവണിലെ ശങ്കര്‍ദാസ്. വേദനിക്കുന്ന കോടീശ്വരനായ ശങ്കര്‍ദാസിന്റെ പൊങ്ങച്ചവും മണ്ടത്തരങ്ങളുമൊക്കെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. ഗൗരവ്വമുള്ള നായക വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കെയാണ് മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള, മണ്ടെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാകുന്നത്.
അഴകിയ രാവണന്‍ ചെയ്യാന്‍ മമ്മൂട്ടിയ്ക്ക് തുടക്കത്തില്‍ മടിയുണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. തന്നെ കളിയാക്കാന്‍ ആണോ എന്നൊരു തോന്നലായിരുന്നു മമ്മൂട്ടിയ്ക്ക് ആദ്യമുണ്ടായതെന്നാണ് കമല്‍ പറയുന്നത്. സിനിഗ്രാം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ആ ഓര്‍മ പങ്കിടുന്നത്.
'അത്തരം സിനിമകള്‍ ചെയ്യാന്‍ അന്ന് മടിയുള്ള ആളായിരുന്നു മമ്മൂക്ക. കോമഡി ആയാലും ശരി, ആ സിനിമയില്‍ അദ്ദേഹം ഒരു പൊങ്ങച്ചക്കാരനാണ്. ശ്രീനി ആ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെ കളിയാക്കാന്‍ ആണോ എന്ന തോന്നല്‍ മമ്മൂക്കയ്ക്ക് വന്നിരുന്നു. പുള്ളി അത് ശ്രീനിയോട് പറയുകയും ചെയ്തിരുന്നു' കമല്‍ പറയുന്നു.
'അതിന്റെ പോസിറ്റീവ് വശം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഓക്കെ ആയിരുന്നു. പിന്നെയുള്ള പൊങ്ങച്ചക്കാരന്‍ പ്രാഞ്ചിയേട്ടന്‍ എല്ലാം ഈ സിനിമയ്ക്ക് ശേഷമാണ് ചെയ്യുന്നത്. അഴകിയ രാവണന്‍ ചെയ്യുമ്പോള്‍ ഇത് തനിക്ക് ചേരുമോ കളിയാകുമോ എന്ന തോന്നല്‍ മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ ശ്രീനിവാസന്‍ മമ്മൂക്ക കോമ്പിനേഷന്‍ നല്ലതായിരുന്നു ആ സിനിമയില്‍' എന്നും കമല്‍ പറയുന്നു.
കമല്‍ സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ അഴകിയ രാവണന്‍ 1996 ലാണ് പുറത്തിറങ്ങുന്നത്. ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്റെ രചന. ഭാനുപ്രിയ, ശ്രീനിവാസന്‍, ഇന്നസെന്റ്, ബിജു മേനോന്‍, രാജന്‍ പി ദേവ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates