

'ജുറാസിക് പരമ്പര'യിലൂടെ ശ്രദ്ധേയനായ താരം സാം നീൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഏറെക്കാലമായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു അദ്ദേഹം. സ്റ്റേജ് 3 ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന അർബുദമായിരുന്നും സാം നീലിനെ ബാധിച്ചിരുന്നത്. വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് അടുത്തിടെ താരം തുറന്നു പറയുകയും ചെയ്തിരുന്നു.
കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതായും അതിലൂടെ രോഗമുക്തി ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടിത്തിയിരുന്നു. സാമിന്റെ തുറന്നുപറച്ചിലോടെയാണ് അത്യപൂർവമായ ഈ രക്താർബുദം ചർച്ചകളിൽ നിറഞ്ഞത്. ചികിത്സയ്ക്കു ശേഷം നടത്തിയ സ്കാനിങ്ങിൽ സാമിന്റെ ശരീരത്തിൽ നിന്നു കാൻസർ മുക്തമായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
2022-ലാണ് ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദം സാമിനെ ബാധിച്ചത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന അർബുദമാണിത്.
രോഗാണുക്കളെ പ്രതിരോധിക്കാനും രോഗങ്ങളെ ചെറുക്കാനും പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ലിംഫോസൈറേറ്സ് അഥവാ ടിസെല്ലുകളിലാണ് രോഗം വികസിക്കുന്നത്. ഇത് അണുബാധകൾ എളുപ്പമുണ്ടാകാനും രോഗം സങ്കീർണമാകാനും കാരണമാവും.
പലപ്പോഴും സാധാരണ രോഗലക്ഷണങ്ങൾ പോലെ പ്രകടമാകുന്നതിനാൽ ചികിത്സ വൈകുന്നതാണ് വലിയ വെല്ലുവിളി. ലിംഫ്നോഡുകളിൽ വീക്കം, ക്ഷീണം, പനി, രാത്രികാലങ്ങളിലെ വിയർപ്പ്, അകാരണമായി വണ്ണം കുറയൽ, വയറുവേദന, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം, ചർമത്തിൽ ചൊറിച്ചിൽ, അടിക്കടിയുണ്ടാകുന്ന അണുബാധ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ശാരീരിക പരിശോധന, രക്തപരിശോധന, ലിംഫ്നോഡ് ബയോപ്സി, പെറ്റ്-സിടി സ്കാനുകൾ തുടങ്ങിയവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി-സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽവെച്ച് ജനിതക മാറ്റം നടത്തുന്നു.
ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാൻസർ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി ചികിത്സയിൽനിന്ന് വ്യത്യസ്തമായി കാർ ടി-സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്. ലിംഫോമകൾ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്കാണ് കാർ ടി-സെൽ ചികിത്സ ഫലപ്രദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates