സിനിമാ ലോകത്ത് എവര്‍ഗ്രീന്‍ നായികയാണ് മീന. തനിക്കൊപ്പം വന്നവരെല്ലാം ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയോ, സിനിമ തന്നെ ഉപേക്ഷിച്ച് പോവുകയോ ചെയ്യുമ്പോഴും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയം തുടരുകയാണ് മീന. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മീന.
ചിരിച്ച മുഖത്തോടെയാണ് മീനയെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പ്രായത്തിന് തോല്‍പ്പിക്കാനാകാത്തൊരു കുട്ടിത്തം മീനയുടെ മുഖത്തും പുഞ്ചിരിയിലും ഇപ്പോഴുമുണ്ട്. എന്നാല്‍ ചിരിക്കുന്ന ആ മുഖത്തിന് പിന്നില്‍ മീന മറച്ചുവെക്കുന്ന ഒരുപാട് വേദനകളുണ്ട്. ഈയ്യടുത്താണ് മീനയ്ക്ക് തന്റെ ഭര്‍ത്താവ് വിദ്യാസാഗറിനെ നഷ്ടമായത്. ശ്വാസകോശത്തില്‍ അണുബാധയേറ്റ് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം മരിക്കുന്നത്.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിദ്യാസാഗറിന്റെ മരണം എന്നാണ് മീന പറയുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മീന റായന്‍ മിഥുനുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്. മീനയുടെ വാക്കുകളിലേക്ക്:
ഞങ്ങളത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം രോഗാവസ്ഥയില്‍ നിന്നും പുറത്ത് വരുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കരുതിയിരുന്നത്. തുടക്കം മുതലേ ഡോക്ടര്‍മാരും പറഞ്ഞിരുന്നത് അതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വന്നു. മാറ്റിവെക്കാനായി കിട്ടുന്ന അവയവങ്ങളൊന്നും വേണ്ടത്ര ആരോഗ്യമുള്ളതായിരുന്നില്ല. അത് വലിയ തിരിച്ചടിയായിരുന്നു. പക്ഷെ അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞങ്ങളേക്കാളും പ്രതീക്ഷ സാഗറിനുണ്ടായിരുന്നു. അദ്ദേഹം പോരാടുകയായിരുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുകയും അതിനായി പൊരുതുകയും ചെയ്തിരുന്നു.
അതായിരുന്നു കൂടുതല്‍ വേദനിപ്പിച്ചത്. എല്ലാ ഭാഗത്തു നിന്നും അത്രയും പ്രതീക്ഷ ലഭിച്ചിരുന്നു. ഒരുപാട് കാത്തിരിക്കുകയും പരിശ്രമിക്കുകയും ചെയ്തു. എന്നിട്ടും വിപരീതമായത് സംഭവിച്ചത് വലിയ ഒരടി കിട്ടിയത് പോലെയായിരുന്നു. കനത്ത ആഘാതമായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു. വളരെ മോശം സമയമായിരുന്നു അത്.
മരണം നമുക്ക് പുതിയൊരു കാര്യമല്ല. കുടുംബത്തിലോ സുഹൃത്തുക്കളുടെ ജീവിതത്തിലോ അയല്‍വക്കത്തോ നമ്മള്‍ മരണം കണ്ടിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് അത്തരം സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നമുക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് സംഭവിക്കുമ്പോള്‍ അത് നമ്മളെ വളരെ ആഴത്തില്‍ വേദനിപ്പിക്കും. ഒരുപാട് കാലം സുഖമില്ലാതെ കിടന്ന്, പതിയെ പതിയെ മരിക്കുന്നത് തന്നെ വളരെ വിഷമമുണ്ടാക്കുന്നതാണ്. മറിച്ച് നന്നായിരുന്ന ഒരാള്‍, പുറത്ത് വരുമെന്ന് കരുതിയിരുന്ന ഒരാള്‍ പോകുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അത് വരുന്നത് നമ്മള്‍ കാണില്ല. കനത്ത ആഘാതമായിരിക്കും.
ആ വേദന എന്നെ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. ഒരുപാട് സനേഹം നല്‍കാന്‍ മടിയാണ്. പരിപൂര്‍ണമായും സ്‌നേഹിക്കാന്‍ എനിക്കാകുന്നില്ല. അത് എന്നെ വേദനിപ്പിച്ചേക്കാം എന്ന ഭയമാണ്. എന്റെ മകളുടെ കാര്യത്തില്‍ പോലും, ഞാന്‍ അങ്ങനെയായിട്ടുണ്ട്. മുമ്പ് ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നേരത്തെ അന്ധമായി സ്‌നേഹിക്കുമായിരുന്നു. ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും പറയാന്‍ പോലും ഭയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates