Shahrukh Khan, Hrithik Roshan 
Entertainment

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

ഹൃത്വിക്കിനോട് ഇറങ്ങിപ്പോകാന്‍ ഷാരൂഖ് പറയുമെന്ന് പലരും കരുതി. പക്ഷെ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്ന് ആരാധകര്‍ വെറുതെയങ്ങ് വിളിക്കുന്നതല്ല. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വന്ന്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായി വളര്‍ന്ന ഷാരൂഖ് ഖാന്റെ ജീവിതം ഏതൊരു സിനിമയേക്കാളും പ്രചോദിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ സിനിമയിലെ അവസാനത്തെ സൂപ്പര്‍ താരമെന്നാണ് ഷാരൂഖ് ഖാനെക്കുറിച്ച് പറയുന്നത്. ഷാരൂഖ് ഖാന്റെ താര സിംഹാസനത്തിന് ഇനിയൊരിക്കലും ഒരു പിന്‍ഗാമിയുണ്ടാകില്ല. എന്നാല്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഷാരൂഖ് ഖാന്റെ താരസിംഹാസനത്തിന് ചെറിയൊരു ഇളക്കം കിട്ടിയിട്ടുണ്ട്. 2000 ന്റെ തുടക്കത്തില്‍. ഹൃത്വിക് റോഷന്‍ എന്ന പുത്തന്‍ താരത്തിന്റെ കടന്നു വരവിലായിരുന്നു അത് സംഭവിച്ചത്.

പിന്‍കാലത്ത് ഷാരൂഖ് തന്റെ ഇരിപ്പിടം മുമ്പത്തേതിലും ശക്തമാക്കി ഉറപ്പിച്ചുവെങ്കിലും ഹൃത്വിക് റോഷന്റെ കടന്നു വരവിനെ ഷാരൂഖ് ഖാനുള്ള വെല്ലുവിളിയായി പലരും വിലയിരുത്തിയിരുന്നൊരു കാലമുണ്ട്. കഹോന പ്യാര്‍ ഹേയിലൂടെയാണ് ഹൃത്വിക് കടന്നു വരുന്നത്. ചിത്രം വന്‍ വിജയമായി. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഹൃത്വിക് റോഷന്‍ എന്ന പുതിയ സൂപ്പര്‍ താരം ബോളിവുഡിന്റെ ആകാശത്ത് ഉയര്‍ന്നു.

അക്കാലത്ത് ഷാരൂഖും ഹൃത്വിക്കും തമ്മില്‍ കടുത്ത മത്സരമാണെന്നും ഇരുവരും പരസ്പരം കണ്ടാല്‍ പോലും പ്രശ്‌നമാണെന്ന് വരെ പല മാധ്യമങ്ങളും എഴുതിയിരുന്നു. തന്റെ ഇരിപ്പിടം കവരാന്‍ വന്ന പുതിയ പയ്യനോട് ഷാരൂഖ് ഖാന് അസൂയയാണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചു. അങ്ങനെയുള്ള സമയത്ത് നടന്ന ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഹോട്ടല്‍ വ്യവസായിയായ എഡി സിങ്.

''ഹൃത്വിക് ഉദിച്ചുയരുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ വലിയ താരമായി മാറിയിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും തമ്മില്‍ വലിയ അടിയുള്ളതായി മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഷാരൂഖ് ഖാനാണ് താര രാജാവ്. ആ ഇടം തട്ടിയെടുക്കാന്‍ വന്ന പുതിയ രാജാവായാണ് ഹൃത്വിക്കിനെ അവതരിപ്പിച്ചത്. ഇരുവരും കണ്ടാല്‍ അടിയാകുമെന്ന് വരെ പറഞ്ഞു. ഒരു രാത്രി, ഷാരൂഖ് ഖാന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ റസ്‌റ്റോറന്റിലേക്ക് അപ്രതീക്ഷിതമായി ഹൃത്വിക് റോഷന്‍ കടന്നു വന്നു. എല്ലാവര്‍ക്കും അവര്‍ക്കിടയിലുള്ള പോരിനെക്കുറിച്ച് അറിയാമായിരുന്നു'' സിങ് പറയുന്നു.

''ഹൃത്വിക് നടന്ന് അകത്തേക്ക് വന്നു. അത് കണ്ടതും ഷാരൂഖ് ഖാന്‍ എഴുന്നേറ്റു. റസ്റ്റോറന്റിലുണ്ടായിരുന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. ഇരുവരും തമ്മില്‍ അടിയുണ്ടാകുമെന്നാണ് മിക്കവരും കരുതിയത്. ഹൃത്വിക്കിനോട് ഇറങ്ങിപ്പോകാന്‍ ഷാരൂഖ് പറയുമെന്ന് പലരും കരുതി. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ഷാരൂഖ് ഹൃത്വിക്കിന്റെ അടുത്തേക്ക് ചെല്ലുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു. ഹൃത്വിക്കിന്റെ വിജയത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ് ഷാരൂഖ് അഭിനന്ദിച്ചു. ഹൃത്വിക്കും അതേ സ്‌നേഹത്തോടെയാണ് സംസാരിച്ചത്'' എന്നാണ് സിങ് പറയുന്നത്.

അതേസമയം, പോര് മാധ്യമ സൃഷ്ടിയാണെങ്കിലും നിരന്തരമായ താരതമ്യം ചെയ്യലുകള്‍ ഇരുവര്‍ക്കിടയിലും അസ്വസ്ഥതയുണ്ടാക്കിയിരുന്നുവെന്ന് കരണ്‍ ജോഹര്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളെ നിരന്തരം താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് പിന്നീട് ഷാരൂഖ് ഖാന്‍ തന്നെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ മനസ് തുറന്നത്.

''എന്റെ പത്ത് വര്‍ഷത്തെ വര്‍ക്ക് എടുത്തു കളയാനാകില്ല. അത് തെറ്റാണ്. ഒരു ദിവസം രാവിലെ വന്ന് നിന്റെ സ്ഥാനം പോയി, നിനക്ക് പ്രായമായി എന്നൊന്നും പറയാനാകില്ല. ഹൃത്വിക്കിനെക്കുറച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് ഒരാളെങ്കിലും ചോദിക്കാതെ ഒരു ദിവസം പോലും അന്നൊന്നും എനിക്കുണ്ടായിട്ടില്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

AD Singh recalls the meeting between Shahrukh Khan and Hrithik Roshan when their fight was all over media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

SCROLL FOR NEXT