മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മേള'യുടെ ചിത്രീകരണം നൂറ് ദിവസങ്ങൾ പിന്നിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ വിശേഷം പങ്കുവെച്ചത്. ചിത്രീകരണത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും നിർമാതാക്കൾ പുറത്തുവിട്ടു.
''മേള'യുടെ യാത്ര തുടരുകയാണ്. ചിത്രീകരണത്തിന്റെ നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ആവേശവും ആഘോഷവും ഇനിയും കൂടാനിരിക്കുന്നതേയുള്ളൂ' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഔദ്യോഗിക പേജിലൂടെ വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടി കമ്പനിയുടെ ഒൻപതാമത്തെ നിർമാണ സംരംഭമാണ് 'മേള'. 'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവിന്റെ സംവിധാനത്തിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. കറുത്ത ഷർട്ടും മുണ്ടും ധരിച്ച് കൈയിൽ വെട്ടുകത്തിയുമായി ഇരിക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിലെ പ്രധാന ആകർഷണം. ചിത്രത്തിൽ ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന വിവരങ്ങൾ.
വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിങ് ബ്ലെസ് തോമസും നിർവഹിക്കുന്നു. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈനർ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മാസ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും 'മേള'യെന്നാണ് അണിയറപ്രവർത്തകർ നൽകിയിട്ടുള്ള സൂചനകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates