തുടരുമിലെ ജോർജ് സാറും ഷൺമുഖവും വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. പ്രകാശ് വർമയും മോഹൻലാലും ഒന്നിച്ചെത്തിയിരിക്കുന്ന പരസ്യമാണ് ട്രെൻഡിങ് ആയിരിക്കുന്നത്. പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തിയത്.
സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ സ്ത്രൈണ ഭാവം തന്നെയാണ് വിഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റും. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്.
പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്. ഫെയ്സ്ബുക്കിൽ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹൻലാലും വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 'നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ.
കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,' മോഹൻലാൽ പറഞ്ഞു. അതേസമയം, ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടതിലുള്ള ആവേശവും ആരാധകർക്കുണ്ട്. "എന്റമ്മോ ശരിക്കും അർദ്ധനാരീ തന്നെ.. എന്തൊരു കാരക്ടർ ചെയ്ഞ്ച്..ഈ മനുഷ്യൻ ശരിക്കുമൊരു അത്ഭുതം തന്നെ",
"ലാലേട്ടനും പ്രകാശ് വർമയും ഇനിയും തുടരും", "ഒരു നിമിഷം ലാലേട്ടൻ ഒരു സ്ത്രീ ആയി മാറിയ ഫീൽ", "എന്താ മോനെ.. സ്വല്പം ശൃംഗാരം ആയാലോ", "മോഹൻലാൽ വാനപ്രസ്ഥം ചെയ്ത് വെച്ചത് കണ്ടവർക്ക് ഇതൊക്കെ പ്രതീക്ഷിക്കാം ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന്", "ഇതൊക്കെയാണോ ഈ പരകായ പ്രവേശമെന്ന് പറയുന്നത്",
"സിനിമയിൽ കാണാത്ത മറ്റൊരു ലാലേട്ടനെ കുറച്ചു നേരത്തേക്ക് ഒരു ചെറിയ പരസ്യത്തിൽ കിട്ടി", "ന്നാലും ബെൻസണ്ണാ.... ങ്ങള് ജോർജ് സാറിന്റെ ആഭരണം കട്ടോണ്ട് പോകാൻ ശ്രമിച്ചു അല്ലേ", "ഒടിയന് ശേഷം ലാലേട്ടന്റെ മുഖത്ത് ഇത്ര കൃത്യമായി ഭാവങ്ങൾ വരുന്നത് ഇപ്പോഴാ കാണുന്നത്"- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വൻ ബോക്സോഫീസ് വിജയവും നേടിയിരുന്നു. 100 കോടി ക്ലബ്ബിലും സിനിമ ഇടംപിടിച്ചു. പ്രകാശ് വർമയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവും കൂടിയായിരുന്നു തുടരും. 'ഹൃദയപൂർവം' ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates