Mohanlal and mother ഫെയ്സ്ബുക്ക്
Entertainment

'ഓടിച്ചാടി നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങി, ആ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്'; അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് കുറിച്ചത്

ഇത് മോഹൻലാൽ എന്ന നടൻ എഴുതുന്ന കുറിപ്പല്ല, വീൽ ചെയറിലുള്ള ഒരമ്മയുടെ വിഷമതകൾ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്

സമകാലിക മലയാളം ഡെസ്ക്

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വിയോ​ഗം മലയാളികളെയും വിഷമിപ്പിച്ചിരിക്കുകയാണ്. പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ മോഹൻലാൽ തന്റെ അമ്മയെക്കുറിച്ച് വാചാലനാകാറുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിനോടുള്ള അതേ സ്നേഹം അ​ദ്ദേഹത്തിന്റെ അമ്മയോടും മലയാളികൾക്ക് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശാന്തകുമാരി അമ്മ.

വീൽ‌ ചെയറിലായിരുന്ന തന്റെ അമ്മയെക്കുറിച്ചും വീൽ ചെയറിൽ ജീവിക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും മോഹൻലാൽ മുൻപ് ബ്ലോ​ഗിൽ പങ്കുവച്ച കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ‘അവരും കാണട്ടേ ലോകത്തിന്റെ ഭംഗി’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.

"അവരും കാണട്ടെ ലോകത്തിന്റെ ഭം​ഗി. കുറച്ചു മാസങ്ങളായി ഞാൻ ബ്ലോ​ഗ് എഴുതിയിട്ട്. എനിക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുള്ളതായിരുന്നു എന്റെ ഓട്ടം. തിരക്കുകൾ തലയിൽ കുമിയുമ്പോൾ, പ്രിയപ്പെട്ട പല കാര്യങ്ങളും സങ്കടത്തോടെ മാറ്റി വെക്കേണ്ടി വരും. എഴുതിയേ തീരൂ എന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ ബ്ലോ​ഗ് എഴുതിയിട്ടുള്ളൂ. കാരണം എനിക്ക് ഇത് ആരെയും ബോധിപ്പിക്കാനുള്ളതല്ല. എന്റെ തന്നെ ഉള്ളിലെ ചില ആനന്ദങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാമാണ്. അവയുടെ പങ്കുവയ്ക്കലാണ്.

മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് മരിച്ചത്, എല്ലാവരെയും പോലും ഒരുപാട് സങ്കടത്തോടെയാണ് ഞാനും കേട്ടത്. പിന്നീട് വായിച്ചത്. വെറുമൊരു വീൽചെയറിലിരുന്ന് ക്ഷീരപഥങ്ങൾക്കപ്പുറത്തേക്ക് ചിന്ത കൊണ്ട് യാത്ര പോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച മനുഷ്യൻ. എനിക്ക് ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളിങ്ങുന്ന ഉദാഹരണമായിരുന്നു.

ഒന്നിനും മനുഷ്യനെ തളർത്താൻ കഴിയില്ല എന്നതിന്റെ പ്രതീകം. താരാപഥങ്ങൾക്ക് അപ്പുറത്തേക്ക് പോയ സ്റ്റീഫൻ ഹോക്കിങ്ങിന് പ്രണാമം. വിട. ഹോക്കിങ് മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനെന്റെ ഒരു ഡോക്ടർ സുഹൃത്തിനെ കാണാൻ പോയിരുന്നു. അടുത്തകാലത്ത് പരിചയപ്പെട്ടവരാണ് ഞങ്ങൾ.

വീൽ ചെയറിലാണ് അദ്ദേഹത്തിന്റെ ജീവിതം. അതിലിരുന്നാണ് അദ്ദേഹം രോ​ഗികളെ പരിശോധിക്കുന്നത്. അന്ന് രാത്രി സംസാരിച്ചിരിക്കുമ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു, വീൽ ചെയറിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ അറിയുമോ ലാലിന് ?. പെട്ടെന്നുള്ള ചോദ്യമായിരുന്നു. കുറച്ചൊക്കെ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. അത് സത്യമാണ്, കാരണം ഞാൻ വീൽ ചെയറിൽ ജീവിക്കുന്ന ആളായി പ്രണയം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

അത്തരമൊരു വ്യക്തിയുടെ മനോവ്യാപാരങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഷോട്ട് എടുക്കുന്നതിന് മുൻപ് ആ വ്യക്തിയുടെ അസ്വസ്ഥതകൾ ആലോചിച്ച് കണ്ണടച്ച് ഇരുന്നിട്ടുണ്ട്. മാത്രമല്ല, എന്റെ പ്രിയപ്പെട്ട അമ്മ, കുറച്ചു വർഷങ്ങളായി വീൽ ചെയറിലാണ്. എത്രയോ കാലം ഓടി ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോൾ ഉണ്ടായ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്.

എന്നാൽ ആ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ അത്ര മാത്രം ശ്രദ്ധിക്കാത്ത കാര്യങ്ങളായിരുന്നു. ഞാൻ മാത്രമല്ല, നമ്മളെല്ലാവരും. അക്കാര്യങ്ങൾ അത്ര ശ്രദ്ധിക്കുന്നില്ല എന്നും എനിക്ക് തോന്നുന്നു. അദ്ദേഹം വേദനയോടെ പറഞ്ഞു, ലാൽ ഞങ്ങൾ‌ വീൽ ചെയറിൽ ജീവിക്കുന്നവർക്ക് എവിടെയും പോകാൻ സാധിക്കില്ല.

ആരാധനാലയങ്ങളിൽ പോകണമെങ്കിൽ പോലും, നോക്കൂ പല ആരാധനാലയങ്ങളും ഉയരമുള്ള പടികളാണ്, റെയിൽവേ സ്റ്റേഷനുകളിൽ ചെന്ന് നോക്കൂ, പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ ഞങ്ങൾക്ക് എന്തൊരു ബുദ്ധിമുട്ടാണ്. ഏതെങ്കിലും വേദിയിൽ കയറണമെങ്കിൽ എടുത്ത് കയറ്റണം. തിയറ്ററിൽ പോയി ഒരു സിനിമ കാണാൻ സാധിക്കില്ല. ഞങ്ങളെപ്പോലെ വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്ക് ഒരിടത്തും ഒരു സഞ്ചാര പാതയില്ല.

ഞങ്ങളെപ്പോലെയുള്ള മനുഷ്യരും ഈ സമൂഹത്തിലുണ്ടെന്ന് ആരും കരുതാറില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടും പോകാതെ ഈ ചക്ര കസേരയിൽ ഒതുങ്ങുന്നു.- മോഹൻലാൽ പറഞ്ഞു. ഒരു മനുഷ്യൻ സാംസ്കാരികമായും ആത്മീയമായും മുന്നേറുന്നത് തന്നെ പറ്റി മാത്രം ആലോചിക്കുമ്പോഴല്ല.

തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചും ആ ലോകത്തെ തന്നെക്കാൾ ചെറിയവരെയും കേൾക്കുമ്പോഴും അവരുടെ ജീവിതം നല്ലതാക്കാൻ ശ്രമിക്കുമ്പോഴുമാണ്. വീൽ ചെയറിൽ ജീവിക്കുന്നവരോടുള്ള നമ്മുടെ അവ​ഗണന ഈ മനോഭാവത്തിന് ഉത്തമോദാഹരണമാണ്. നമ്മെപ്പോലെ ആ​ഗ്രഹങ്ങളും ആകാംക്ഷ‌കളും നിരാശകളുമുള്ള മനുഷ്യരായി അവരെ നാം പരി​ഗണിക്കാറില്ല.

ഭൂരിപക്ഷ മനുഷ്യരുടെ ആരോ​ഗ്യസ്ഥിതി അനുസരിച്ചാണ് നമ്മുടെ എല്ലാ നിർമിതികളും. അതുകൊണ്ട് ഇനിയെങ്കിലും എല്ലാ മനുഷ്യരും വന്ന് ചേരുന്നിടത്ത് സ്ത്രീകളെ വൃദ്ധരെ കുട്ടികളെ പരി​ഗണിക്കുന്നതുപോലെ ഇത്തരത്തിൽ ചക്ര കസേരകളിൽ ഒതുങ്ങിപ്പോയവരെ കൂടി നമ്മൾ പരി​ഗണിക്കണം. അത്തരം സ്ഥലങ്ങളൊരുക്കുമ്പോൾ ഈ മനുഷ്യർക്ക് സു​ഗമമായി കടന്നു വരാനുള്ള പാത ഒരുക്കണം.

ഈ ഒരു ബോധം നമ്മിലുണ്ടാകണം. ഇവരും മനുഷ്യരാണ്. വീൽ ചെയറിൽ ഇരുന്ന് രാജാക്കൻമാരെപ്പോലെ ഇവരും നമുക്കിടയിൽ സഞ്ചരിക്കട്ടെ. ഇത് മോഹൻലാൽ എന്ന നടൻ എഴുതുന്ന കുറിപ്പല്ല, വീൽ ചെയറിലുള്ള ഒരമ്മയുടെ വിഷമതകൾ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്".- മോഹൻലാൽ പറഞ്ഞു.

Cinema News: Mohanlal old blog about his mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

കണ്ണൂരില്‍ 12 വോട്ടിന് സിപിഎമ്മിനെ അട്ടിമറിച്ചു, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില്‍ അജിത്ത്; ഈ വര്‍ഷം ഇത് രണ്ടാം തവണ

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും

SCROLL FOR NEXT