Sanju Samson and Mohanlal Instagram
Entertainment

‘നീ പോ മോനേ ദിനേശാ’ എന്ന് സച്ചിൻ ബൗളറോട് പറയുന്നതാണ് മോനേ; സഞ്ജുവിന് മോഹൻലാലിന്റെ 'മാസ്' മറുപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ക്രിക്കറ്റ് മൈതാനത്തെ തകർപ്പൻ പ്രകടനങ്ങളിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ മോഹൻലാൽ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സച്ചിൻ ടെണ്ടുൽക്കറും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള രസകരമായ സംഭാഷണത്തിന് പിന്നാലെയാണ് മോഹൻലാലിന്റെ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമായത്. സച്ചിൻ ഉപയോഗിച്ച മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗായ ‘നീ പോ മോനേ ദിനേശാ’യുടെ അർഥം ചോദിച്ച സഞ്ജുവിനാണ് ലാലേട്ടന്റെ മാസ് മറുപടി. സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.

ട്വന്റി20 ലോകകപ്പ് സമയത്ത് സഞ്ജു സാംസണുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് സച്ചിൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് റെഡ്ഡിറ്റിൽ നടന്ന 'ആസ്ക് മീ എനിതിങ്' പരിപാടിക്കിടെ ഒരു ആരാധകൻ സച്ചിനോട് ചോദ്യം ഉന്നയിച്ചു. മാസങ്ങളോളം സഞ്ജു താങ്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ലോകകപ്പ് സമയത്ത് ദീർഘനേരം സംസാരിച്ചിരുന്നെന്നും പറഞ്ഞിരുന്നല്ലോ, എന്താണ് അദ്ദേഹത്തിന് ഉപദേശമായി നൽകിയത് എന്നായിരുന്നു ചോദ്യം.

ഇതിന് സച്ചിൻ നൽകിയ മറുപടിയാണ് കൗതുകമായത്. ‘നീ പോ മോനേ ദിനേശാ, ഇതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും’ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. സഞ്ജുവിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.

തുടർന്ന് സഞ്ജു സാംസൺ മോഹൻലാലിനെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തി. ‘സച്ചിൻ സർ, ഇതിന്റെ അർഥം വ്യക്തമാക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി നമ്മുടെ സ്വന്തം ലാലേട്ടനാണ്’ എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്. ഇതോടെയാണ് ആരാധകർ മോഹൻലാലിന്റെ മറുപടിക്കായി കാത്തിരുന്നത്.

ഒടുവിൽ സഞ്ജുവിനായി ഡയലോഗിന്റെ അർഥം വിശദീകരിച്ചുകൊണ്ട് മോഹൻലാൽ എത്തി. ‘‘മോനേ സഞ്ജു, സച്ചിൻ ടെണ്ടുൽക്കർ സിക്സർ അടിക്കുമ്പോൾ ബൗളർക്ക് നൽകുന്ന സന്ദേശമായിരുന്നു ‘നീ പോ മോനേ ദിനേശാ’ എന്നത്. അതായത്, അടുത്ത പന്തെറിയാൻ തയാറായിക്കോളൂ എന്ന്. ഇപ്പോൾ നിന്റെ ബാറ്റ് പറയുന്നതും അതേ കാര്യം തന്നെ. ഇതിനിയും തുടരൂ, അടുത്ത ബൗളർ നിനക്കായി കാത്തിരിക്കുകയാണ്.’’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

സഞ്ജുവിന്റെ ബാറ്റിങ് മികവിനെ അഭിനന്ദിക്കുന്നതിനൊപ്പം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ഡയലോഗിനെ ക്രിക്കറ്റുമായി ബന്ധിപ്പിച്ചുള്ള മോഹൻലാലിന്റെ പ്രതികരണവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സച്ചിനും സഞ്ജുവും മോഹൻലാലും ഒന്നിച്ച ഈ രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

Mohanlal's 'mass' reply to Sanju goes viral, reminiscent of Sachin telling a bowler, "Po Mone Dinesha!"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ മാത്രം; തമിഴ്‌നാട്ടില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്

അമേരിക്കയില്‍ 3 മലയാളികള്‍ക്ക് ചരിത്ര വിജയം; അഭിമാനമായി സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, മാര്‍ട്ടിന്‍ ജോണ്‍