മലയാള സിനിമ വീണ്ടും ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിക്കുകയാണ്, ലോകയിലൂടെ. ലോക പരമ്പരയിലെ ആദ്യ സിനിമയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച് മുന്നേറുകയാണ്. ഇതിനോടകം തന്നെ 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ലോക. മലയാളത്തില്‍ നിന്നും 200 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ സിനിമയാണ് ലോക.
സ്ത്രീകേന്ദ്രീകൃതമായ, ഫീമെയില്‍ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന സിനിമ നേടുന്ന സമാനതകളില്ലാത്ത വിജയം എന്ന നിലയില്‍ കൂടി വേണം ലോകയുടെ വിജയത്തെ കണക്കാക്കാന്‍. നായികമാരുടെ കഥ പറയുമ്പോള്‍ കളക്ഷന്‍ ഉണ്ടാക്കാന്‍ പറ്റില്ലെന്ന കാലങ്ങളായുള്ള പരാതിയെ കാറ്റില്‍പറത്തുന്ന സിനിമകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ലോക.
സിനിമ എന്നത് എല്ലാക്കാലത്തും നായകന്മാരുടെ കഥ പറയുന്നതാണെന്നും, സ്ത്രീകള്‍ അമ്മ, കാമുകി, സഹോദരി, സുഹൃത്ത് തുടങ്ങിയ വേഷങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടിവരാണെന്നുമുള്ള കാഴ്ചപ്പാടുകള്‍ക്ക് കൂടി മറുപടി നല്‍കുകയാണ് ലോക. ലോകം യക്ഷിയെന്ന് വിളിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറുന്ന കള്ളിയങ്കാട്ടു നീലിയിലൂടെ കല്യാണി പ്രിയദര്‍ശന്‍ ബോക്‌സ് ഓഫീസിന്റെ നടപ്പുരീതികള്‍ പൊളിച്ചെഴുതുകയാണ്.
ലോകയ്ക്ക് മുമ്പും സ്ത്രീകളുടെ കഥ പറഞ്ഞ സിനിമകള്‍ സമാനമായ രീതിയില്‍ ബോക്‌സ് ഓഫീസിന് തീയ്യിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ സ്ത്രീ 2 ആണ് ആദ്യമുള്ളത്. ശ്രദ്ധ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നേടിയത് 884 കോടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീയുടെ ആദ്യ ഭാഗവും വന്‍ വിജയമായിരുന്നു. ലോക പോലെ തന്നെ യക്ഷിക്കഥയുടെ അപനിര്‍മിതിയായിരുന്നു സ്ത്രീ പരമ്പരയും.
വെറും 15 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രമായിരുന്നു സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ആമിര്‍ ഖാന്‍ സപ്പോര്‍ട്ടിങ് വേഷത്തില്‍ വന്ന, സൈറ വസീം നായികയായ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 900 കോടിയിലധികമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ലാഭമുണ്ടാക്കിയ സിനിമയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍. ദീപിക പദുക്കോണ്‍ നായികയായ പത്മാവത് 361 കോടിയും കങ്കണ റണാവതിന്റെ തനു വെഡ്‌സ് മനു റിട്ടേണ്‍സ് 200 കോടിയും ആലിയ ഭട്ടിന്റെ റാസി 160 കോടിയും ഗംഗുഭായ് കഠിയാവാഡി 158 കോടിയും നേടിയിട്ടുണ്ട്. സ്ത്രീ ആദ്യ ഭാഗം നേടിയത് 157 കോടിയാണ്. വിദ്യ ബാലന്റെ ദ ഡേര്‍ട്ടി പിക്ചറും 100 കോടി ക്ലബില്‍ ഇടം നേടിയ സിനിമകളുടെ പട്ടികയിലുണ്ട്.
തെലുങ്കില്‍ അനുഷ്‌ക ഷെട്ടിയുടെ അരുന്ധതിയും ഭാഗമതിയും, കീര്‍ത്തി സുരേഷിന്റെ മഹാനടിയും, തമിഴില്‍ നയന്‍താരയുടെ കൊലമാവ് കോകിലയുമെല്ലാം വലിയ ഹിറ്റുകളായി മാറിയ സിനിമകളാണ്. ഇങ്ങനെ ബോക്‌സ് ഓഫീസിലെ കോടികളൊന്നും തങ്ങള്‍ക്ക് ബാലികേറാ മലയല്ലെന്ന് പലപ്പോഴായി സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ കഥകളോട് ഇനിയും മുഖം തിരിക്കാന്‍, ബോക്‌സ് ഓഫീസ് കണക്കെന്ന ന്യായീകരണം പറയാന്‍ മലയാളമുള്‍പ്പടെയുള്ള ഒരു സിനിമാ മേഖലയ്ക്കും സാധ്യമാകില്ലെന്ന് സാരം.
അതേസമയം, 200 കോടിയിലേക്ക് ലോക എത്തുന്നത് 12-ാം ദിവസമാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലോകയുടെ കുതിപ്പെന്നാണ് കരുതപ്പെടുന്നത്. 265.5 കോടി നേടിയ എമ്പുരാന്‍, 240.5 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനില്‍ ഇപ്പോള്‍ ലോകയ്ക്ക് മുമ്പിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates