‘ടോക്സിക്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് വേദിയിൽ നടൻ യഷിനെ വാനോളം പുകഴ്ത്തി നയൻതാര. യഷിനെ ‘റോക്കി ഭായ്’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു നയൻതാര പറഞ്ഞു തുടങ്ങിയത്. യഷിനൊപ്പം പ്രവർത്തിച്ച അനുഭവവും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ കുറിച്ചും താരം പങ്കുവെച്ചു.
താൻ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും എല്ലാവരും അവരുടേതായ രീതിയിൽ മികച്ചവരാണെന്നും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് യഷ് എന്നും നയൻതാര പറഞ്ഞു. "ഞാൻ ഒരുപാട് സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും കൂളാണ്, എല്ലാവരും അവരുടേതായ രീതിയിൽ വളരെ മികച്ചവരാണ്.
അതുകൊണ്ടാണല്ലോ അവർ സൂപ്പർ താരങ്ങളായത്. എന്നാൽ യഷിനെ ആദ്യമായി കണ്ടപ്പോൾ, അദ്ദേഹത്തിനുള്ള ആ എനർജി എങ്ങനെയാണോ, അദ്ദേഹം ശരിക്കും അങ്ങനെ തന്നെയാണ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ റോക്കി കിങ്ഡത്തിലേക്ക് പ്രവേശിച്ചത് പോലെ ആയിരുന്നു. ട്രെയ്‌ലറിൽ നിങ്ങൾ കാണുന്നതുപോലെ തന്നെയാണ് അദ്ദേഹം യഥാർഥ ജീവിതത്തിലും.
എന്റെ ദൈവമേ, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാനൊരിക്കലും കണ്ടിട്ടില്ല. ഓരോ ദിവസവും അദ്ദേഹം വർക് ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ‘ടോക്സിക്’ എന്ന ചിത്രത്തിനായി യഷ് തന്റെ ജീവിതത്തിലെ നാലര വർഷത്തോളം മാറ്റിവച്ചു. അദ്ദേഹത്തിന്റെ സമയവും കുടുംബത്തോടൊപ്പമുള്ള സമയവും കുട്ടികൾക്കൊപ്പമുള്ള സമയം വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും അദ്ദേഹം ഈ സിനിമയ്ക്കായി വേണ്ടെന്ന് വച്ചു".- നയൻതാര പറഞ്ഞു.
തിരക്കഥയുടെ പുരോഗതി മുതൽ ചിത്രീകരണം വരെയും ഓരോ അഭിനേതാവും സെറ്റിൽ കംഫർട്ടബിളാണോ, എല്ലാവരും മികച്ച പ്രകടനം നൽകുന്നുണ്ടോ എന്നതുവരെയും യഷ് ശ്രദ്ധിക്കാറുണ്ടെന്നും നയൻതാര കൂട്ടിച്ചേർത്തു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമയാണ് 'ടോക്സിക്'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates