കൊച്ചി: ടിനി ടോമിനെതിരെ നടിയും 'അമ്മ' മുൻ ജോയ്ന്റ് സെക്രട്ടറിയുമായിരുന്ന അൻസിബ ഹസൻ നടത്തിയ ആരോപണങ്ങൾ ശരിവച്ച് നീന കുറുപ്പ്. അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞുവെന്ന് നീന കുറുപ്പ് പറയുന്നു. ലക്ഷ്മി പ്രിയയ്ക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും നീന കുറുപ്പ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം അൻസിബയ്ക്ക് പെട്ടെന്ന് പോകേണ്ടി വന്നു. അന്നാണ് ടിനി ടോം അൻസിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചത്. അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്നാണ് പറഞ്ഞത്. അത് കേട്ടവർ ഒരുപാട് പേരുണ്ടായിരുന്നു. ഞാനിത് അൻസിബയെ വിളിച്ച് പറയാൻ പോകുകയാണെന്ന് അപ്പോൾത്തന്നെ ടിനിയോട് പറഞ്ഞു.
ടിനി എന്നെ കാണുന്ന ഒരിടത്തുനിന്നാണ് ഞാൻ അൻസിബയെ ഫോൺ ചെയ്തത്. ഇതേകാര്യം മൂന്ന് നാല് തവണ ആവർത്തിച്ച് പറഞ്ഞപ്പോഴാണ് ഞാൻ അൻസിബയെ ഫോൺ ചെയ്തത്. ഇക്കാര്യം ഞാൻ എവിടെയും പറയും. ടിനിയുടെ ഈ വക ആക്രമണവും സ്ത്രീകളോടുള്ള മനോഭാവവും, പ്രത്യേകിച്ച് എന്നോടും അൻസിബയോടും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോടും കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മറ്റൊരു ദിവസം ഒരു സംഭാഷണം നടക്കുന്നതിനിടെയാണ് ജിഹാദിയെന്ന പരാമർശമുണ്ടായത്. മൂന്ന് നാലുപേർ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഞാൻ അങ്ങോട്ട് കയറിച്ചെന്നത്. ടിനിയും ലക്ഷ്മിപ്രിയയും ഇതേ രീതിയിൽ പലരോടും സംസാരിക്കാറുണ്ട്.
ആരും അവരെ പിടിച്ചുനിർത്തിയിട്ടില്ല. അതുകൊണ്ടാണ് ഇതെല്ലാം തുടർന്നത്. പ്രശ്നമുണ്ടാക്കുന്നവരെ മാറ്റിനിർത്തണം. അതിനുള്ള ചങ്കൂറ്റമുണ്ടാകണം. കുറച്ചൊരു ബഹുമാനം ഉള്ളത് പ്രസിഡന്റിന്റെ അടുത്താണ്. ഈ ഒരു ടീമിനെ വച്ച് മുന്നോട്ട് പോകുന്നതിൽ എനിക്ക് അഭിപ്രായമില്ല.
അൻസിബ രാജി വെച്ചപ്പോൾ അവിടെ ചിലർ സന്തോഷം പ്രകടിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞു. അടുത്ത സന്തോഷം അവർ പ്രകടിപ്പിക്കുന്നത് ഞാൻ രാജിവയ്ക്കുമ്പോഴായിരിക്കും. അത് എനിക്ക് താല്പര്യമില്ലാത്തതു കൊണ്ട് ഞാൻ ഇവിടെ തന്നെ നിൽക്കും".- നീന കുറുപ്പ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates