

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ എല്‍പിജി ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ വിപണിയിലെ ആവശ്യകതയേക്കാള്‍ കൂടുതല്‍ ഇന്ധനം ശേഖരത്തിലുള്ളത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ പ്രതിദിനം 40,000 ടണ്‍വരെ എല്‍പിജി ഇറക്കുമതിചെയ്തതാണ് വെല്ലുവിളിയായത്. നിലവില്‍ ആവശ്യം 30,000 മുതല്‍ 32,000 ടണ്ണാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിലധികം എല്‍പിജി ശേഖരിച്ചുവെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തര ഉല്‍പ്പാദനവും ഇന്ത്യ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഒരുഘട്ടത്തില്‍ പ്രതിദിനം 54,000 ടണ്‍ വരെയായി ഉല്‍പ്പാദനം ഉയര്‍ത്തിയെങ്കിലും നിലവില്‍ ഇത് 40,000 ടണ്ണായി കുറച്ചിട്ടുണ്ട്. ഇതിനിടെ, യുഎസ്-ഇറാന്‍ സമാധാന കരാറിനെത്തുടര്‍ന്ന് വിതരണം പുനഃസ്ഥാപിക്കപ്പെട്ടതോടെ വൈകിയെത്തിയ ചരക്കുകള്‍ കൂടി ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയതാണ് ഇപ്പോള്‍ കമ്പനികള്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.
പാചകവാതകത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതും എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിതരണ തടസ്സമുണ്ടായ കാലയളവില്‍ ഹോട്ടലുകളും വന്‍കിട വ്യവസായ യൂണിറ്റുകളും പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്, ബയോമാസ് തുടങ്ങിയ ഇതര ഇന്ധനങ്ങളിലേക്ക് മാറിയിരുന്നു. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 91,000 ടണ്‍ എല്‍പിജി ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ജൂണ്‍ മാസത്തിലെ ഉപയോഗം വെറും 73,000 ടണ്ണായി താഴ്ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates