ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ ആക്ഷന്‍ അവതാര്‍ കണ്ട ചിത്രമാണ് ആര്‍ഡിഎക്‌സ്. നീരജിനൊപ്പം ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ നീരജ് എത്തിയത് കരാട്ടെ മാസ്റ്റര്‍ ആയിട്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ നീരജിന്റെ പ്രകടനം വലിയ കയ്യടികള്‍ നേടുകയും ചെയ്തിരുന്നു.
എന്നാല്‍ തുടക്കത്തില്‍ താന്‍ ആക്ഷന്‍ ചെയ്യുമെന്ന് പലരും വിശ്വസിച്ചിരുന്നില്ലെന്നാണ് നീരജ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് മനസ് തുറന്നത്. തന്നെ പലരും സംശയത്തോടെ നോക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു നീരജ് മാധവ് ചെയ്തത്.
''ആക്ഷന്‍ മൂവി അതുവരെ ചെയ്തിരുന്നില്ല. ഏറ്റവും കുറവ് പ്രതീക്ഷയും എന്നിലായിരുന്നു. എന്നെ കാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ പല ആള്‍ക്കാരും പുള്ളി എന്ത് ഫൈറ്റാണ് ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചിരുന്നു. ആളുകള്‍ക്ക് അങ്ങനൊരു മുന്‍വിധിയുണ്ടല്ലോ. ചെയ്തു കാണിച്ചു കൊടുത്താലല്ലേ വിശ്വസിക്കൂ. എനിക്ക് അതൊരു വെല്ലുവിളിയായിരുന്നു. എനിക്ക് അറിയാമായിരുന്നു ചെയ്യാന്‍ പറ്റുമെന്ന്. ആത്മവിശ്വാസമുണ്ടായിരുന്നു'' നീരജ് പറയുന്നു.
''ഫൈറ്റ് കൊറിയോഗ്രഫിയും ഡാന്‍സ് കൊറിയോഗ്രഫയും ഒരുപാട് സാമ്യതയുള്ളതാണ്. റിയല്‍ ടൈം അത്‌ലറ്റ് ആവുകയെന്നത് കുറേക്കൂടി ഫിസിക്കാലിറ്റി ആവശ്യമുള്ള കാര്യമാണ്. പക്ഷെ സിനിമയുടെ ഫൈറ്റില്‍ നമ്മുടെ റിതം കൂടെ സഹായിക്കാം. പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. അതിനായി ഞാന്‍ കുറച്ചധികം എഫേര്‍ട്ട് എടുത്തു. പുറത്ത് വന്നപ്പോള്‍ ഇവന് ഇതും പറ്റുമെന്നായി. നിരന്തരം നമ്മുടെ ഇമേജ് റീബില്‍ഡ് ചെയ്യണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍'' എന്നും നീരജ് പറയുന്നു.
''നമ്മള്‍ ആഗ്രഹിക്കുന്നത് പോലുള്ള കഥകള്‍ നമ്മളിലേക്ക് എത്തിപ്പെടില്ല. അതാണ് ഏറ്റവും വലിയ പ്രശ്‌നം. കുറച്ച്‌നാള്‍ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ കാത്തിരിപ്പ് നിര്‍ത്തി, സ്വന്തമായി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്'' എന്നും നീരജ് കൂട്ടിച്ചേര്‍ക്കുന്നു. പ്ലൂട്ടോ ആണ് നീരജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates