കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ ദഹിപ്പിച്ചത് താൻ ഒറ്റയ്ക്കാണെന്ന് നടി നിഖില വിമൽ. കോവിഡ് ബാധിതനായ അച്ഛൻ ഇന്‍ഫെക്ഷന്‍ വന്നാണ് മരിക്കുന്നത്. ആ സമയത്ത് അമ്മയും ചേച്ചിക്കും കോവിഡായിരുന്നു. പലരേയും താൻ ഫോൺ വിളിച്ചെങ്കിലും കോവിഡായതിനാൽ ആരും വന്നില്ല. അവസാനം പാർട്ടിയിലെ ചില ചേട്ടന്മാരും താനും കൂടിയാണ് സംസ്കാരം നടത്തിയത് എന്നാണ് നിഖില പറയുന്നത്.
അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്. കൊവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.- ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞു.
അച്ഛൻ മരിച്ച ശേഷം ലൈഫിൽ കുറേക്കാര്യങ്ങൾ താൻ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ഇപ്പോൾ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിൽക്കാറില്ലെന്നും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമെന്നും നിഖില കൂട്ടിച്ചേർത്തു.
അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് അച്ഛന് ഓർമക്കുറവുണ്ടായിരുന്നു എന്നാണ് നിഖില പറയുന്നത്. 15 വർഷമായി അമ്മയും ചേച്ചിയും ആണ് അച്ഛനെ നോക്കിയതെന്ന് താരം പറഞ്ഞു. അച്ഛൻ വലിയൊരു ആളാണ്. ആറടി പൊക്കം ഒക്കെയുള്ള വലിയൊരു മനുഷ്യൻ. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം ഓർമ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതൽ ആണ്. അച്ഛന് ഏറ്റവും ഇഷ്ടം മധുരം ആണ്. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കും. മരിച്ച് കഴിഞ്ഞ് കര്‍മം ചെയ്യുമ്പോള്‍ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
ഇന്ന് അമ്മ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അച്ഛനെയാണ്. കാരണം ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നല്ലോ എന്നതാണ്. അച്ഛന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം അവൾ അച്ഛൻ കുട്ടി ആയിരുന്നു. - നിഖില കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates