Niyas Backer ഫെയ്സ്ബുക്ക്
Entertainment

'പരാതികളില്ലാതെ എനിക്കും മക്കള്‍ക്കും വേണ്ടി ജീവിച്ചവള്‍, അടുക്കളയില്‍ നിന്നും അവള്‍ക്ക് മോചനം വേണ്ടേ?'; ഭാര്യയ്‌ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് നിയാസ്

വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് പോകാന്‍ കഴിയാത്ത പാവം ദമ്പതികളില്‍ ഞങ്ങളും ഉള്‍പ്പെടും

സമകാലിക മലയാളം ഡെസ്ക്

ഭാര്യയ്‌ക്കൊപ്പമുള്ള വിദേശ യാത്രയെക്കുറിച്ച് നടന്‍ നിയാസ് ബക്കറിന്റെ കുറിപ്പ്. വിവാഹ സമയത്ത് ഹണിമൂണ്‍ യാത്രയ്ക്ക് പോകാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. പിന്നീട് മക്കളെല്ലാം വലിയ ശേഷം, വിവാഹം കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ ആദ്യമായി ഒരുമിച്ചൊരു യാത്ര പോകുന്നതെന്നാണ് നിയാസ് പറയുന്നത്. ഇപ്പോള്‍ മറ്റ് തിരക്കുകളെല്ലാം അവസാനിച്ചു. തങ്ങള്‍ തനിച്ചായി. അങ്ങനെയാണ് ഭാര്യയുമായി വിദേശയാത്ര നടത്താന്‍ നിയാസ് തിരുമാനിക്കുന്നത്.

ദമാമിലെ ഒരു സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് നിയാസ് വിദേശത്ത് പോയത്. ഒപ്പം ഭാര്യയേയും കൂട്ടുകയായിരുന്നു. ഹസീനയ്‌ക്കൊപ്പമുള്ള തന്റെ രണ്ടാമത്തെ വിദേശ യാത്രയാണിതെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്.

''ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്. വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് പോകാന്‍ കഴിയാത്ത പാവം ദമ്പതികളില്‍ ഞങ്ങളും ഉള്‍പ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള ജീവിതയാത്രയില്‍ ഒരു ഹണിമൂണ്‍ യാത്ര നിവര്‍ത്തിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭര്‍ത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീര്‍ന്നപ്പോള്‍ മക്കളുമൊത്ത് ചില യാത്രകള്‍ പോയി സങ്കടം തീര്‍ത്തു. വിവാഹശേഷം 24 വര്‍ഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്. ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്.

ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു ലേറ്റസ്റ്റ് ട്രിപ്പ് തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂണ്‍ ട്രിപ്പ് ഇടയ്‌ക്കൊക്കെ ഞങ്ങള്‍ ഓര്‍ക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങള്‍ക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്. മോളും മോനും സ്വന്തം ചിറകില്‍ പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കള്‍ക്കും വേണ്ടി മാത്രം ജീവിച്ച അവള്‍ക്ക് ഇനി അടുക്കളയില്‍ നിന്ന് ഒരു മോചനം വേണ്ടേ? ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂര്‍ നാട്ടുകൂട്ടത്തിന്റ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസണ്‍ 6 ജേഴ്സി ലോഞ്ചിങ്.

പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോള്‍ ഹസീനയേയും കൂട്ടി. ദൈവം അനുഗ്രഹിച്ചാല്‍ കഴിയാവുന്നത്ര ഇനിയുള്ള യാത്രകള്‍ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂണ്‍ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാര്‍ക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാര്‍ത്ഥന. ഒരു പുനര്‍ചിന്തനം'' എന്നും അദ്ദേഹം പറയുന്നു.

പിന്നാലെ ഹസീനയ്‌ക്കൊപ്പം മക്ക സന്ദര്‍ശിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ മക്കയിലെ പുണ്യഭൂമിയില്‍ ഒരിക്കല്‍ കൂടി പ്രവേശിച്ചു. ആത്മീയതയുടെ ആനന്ദത്താല്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ മനുഷ്യക്കടലിലൂടെ നിയന്താവിന്റെ പ്രകീര്‍ത്തനങ്ങള്‍ ചൊല്ലി ലയിച്ചു ചേര്‍ന്നു. കൂടെ ഹസീനയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് കാരണമായ അനുജന്‍ (എളാപ്പയുടെ മോന്‍) റഫീക്കിനും ദമാമിലുള്ള തൃശ്ശൂര്‍ നാട്ടുകൂട്ടത്തിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും യാത്രയില്‍ ഞങ്ങളെ സഹായിച്ച മുഴുവന്‍ പ്രവാസി സഹോദരങ്ങള്‍ക്കും വേണ്ടി നിറഞ്ഞ സ്‌നേഹത്തോടെ പ്രാര്‍ത്ഥിച്ചു.'' അദ്ദേഹം പറയുന്നു.

''സ്വന്തത്തിനെന്നപോലെ കുടുംബത്തിനും കുടുമ്പാദികള്‍ക്കും ബന്ധുമിത്രാതികള്‍ക്കുമായി പ്രാര്‍ത്ഥിച്ചു. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ നാടിനു വേണ്ടിയും ഓര്‍മ്മയോടെ പ്രാര്‍ത്ഥിച്ചു. ലോകത്ത് പീഡനം അനുഭവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കായും പ്രാര്‍ത്ഥിച്ചു. ലോകാ സമസ്താഃ സുഖിനോ ഭവന്ദു. എന്ന വാക്യം മനസ്സില്‍ നിറഞ്ഞുനിന്നു. ശരീരം ഒരു തൂവല്‍ പോലെയായി. ആനന്ദത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. സര്‍വ്വതും സമാധാനപരമായി നിവര്‍ത്തിച്ചു തന്ന സര്‍വ്വേശ്വരന് സര്‍വ്വ സ്തുതി'' എന്നും അദ്ദേഹം പറയുന്നു.

Niyas Backer pens a heartfelt note about traveling abroad with his wife Haseena.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT