നടനും മിമിക്രി താരവുമായിരുന്ന കലാഭവൻ നവാസ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. ഷൂട്ടിങിനായി പോയ താരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും നവാസിന്റെ മരണ വാർത്ത കേട്ടത്. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു അദ്ദേഹം. ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് ബക്കർ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. നവാസ് പോയതോടെ തനിക്ക് തന്റെ വലംകൈ തന്നെയാണ് നഷ്ടപ്പെട്ടതെന്ന് നിയാസ് കുറിച്ചു.
"ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജൻ മാത്രമല്ല. എന്നേക്കാൾ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവൻ എനിക്കൊരു കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ തൊഴിൽ രംഗത്തും ഒരു സഹപ്രവർത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു.
കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും തീരുമാനമെടുക്കുമ്പോൾ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സർവ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ. അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.
ഉമ്മച്ചിയുടെ ശരീരത്തിൽ നിന്നും ഞങ്ങളെ വേർപ്പെടുത്തിയതിന്റെ അടയാളങ്ങൾ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളിൽ ഒരു പൊക്കിൾകുഴിയായി സർവ്വശക്തൻ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാൻ കഴിയാത്ത അടയാളങ്ങൾ. മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകൾ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നിൽക്കും. അത് തിരിച്ചറിയിക്കാൻ കൂടെപ്പിറന്നവർക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല.
ചെയ്യുകയുമില്ല. തിരഞ്ഞു വരുന്നവർക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാൻ അതിലും വലിയ അടയാളങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തിരിച്ചറിവ് മാത്രം മതി. മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കും. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും. നഷ്ടപ്പെട്ടവർ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നൽകാനില്ല.
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയിൽ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓർമ്മപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്നത്. ഇന്നത്തെ പ്രാർത്ഥനയിൽ അവനെ പ്രത്യേകം ഓർക്കുമല്ലോ... "- നിയാസ് ബക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates