മലയാളികളൊട്ടാകെ ഓണം മൂഡിലാണിപ്പോൾ. പൂക്കളമിട്ടും ഓണക്കോടി ഉടുത്തും ഓണസദ്യ കഴിച്ചുമൊക്കെ നാടെങ്ങും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ തിയറ്ററുകളിലും ഒടിടിയിലുമൊക്കെ നിരവധി സിനിമകളാണ് സിനിമാ പ്രേമികളെ കാത്തിരിക്കുന്നത്.
മോഹൻലാൽ ചിത്രം ഹൃദയപൂർവം, കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര, ഫഹദ് ഫാസിൽ നായകനായെത്തുന്ന ഓടും കുതിര ചാടും കുതിര, ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ തുടങ്ങി നാലോളം ചിത്രങ്ങളാണ് ഓണത്തിന് തിയറ്ററുകളിലെത്തുന്നത്.
ഏത് ചിത്രമായിരിക്കും ഓണം ബോക്സോഫീസ് തൂക്കുന്നത് എന്നൊക്കെയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. ഒടിടിയിലും ഗംഭീര പടങ്ങളാണ് ഈ ആഴ്ച റിലീസിനുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ.
വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രമാണ് കിങ്ഡം. മലയാളി താരം വെങ്കിടേഷ് ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. സ്പൈ ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് കിങ്ഡം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് 4.5 ഗ്യാങ്. കൃഷാന്ത് സംവിധാനം ചെയ്ത സീരിസ് നിർമിച്ചിരിക്കുന്നത് മാൻകൈൻഡ് സിനിമാസ് ആണ്. കോമഡി- ആക്ഷൻ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. ഈ മാസം 29 ന് സോണി ലിവിൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ സീരിസ് കാണാനാകും.
അനുരാഗ് ബസു സംവിധാനം ചെയ്ത് ജൂലൈയിൽ പുറത്തുവന്ന ചിത്രമാണ് മെട്രോ ഇൻ ദിനോ. ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻ ശർമ്മ, പങ്കജ് ത്രിപാഠി, നീന ഗുപ്ത, അനുപം ഖേർ, ശാശ്വത ചാറ്റർജി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. തിയറ്ററിൽ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഓഗസ്റ്റ് 29 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് വിവരം.
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ചിത്രമാണ് ‘വാസന്തി’. അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ‘വാസന്തി’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. ശബരീഷ്, സിജു വിൽസൺ, വിനോദ് തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 28 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.
തമിഴ് ദയാലൻ സംവിധാനം ചെയ്ത ചിത്രമാണ് ഗെവി. സർവൈവൽ ത്രില്ലറായെത്തിയ ചിത്രത്തിൽ ഷീല രാജ്കുമാർ, ആദവൻ, വിവേക് മോഹൻ, ചാൾസ് വിനോദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ഒടിടിയിൽ സട്രീമിങ്ങിനെത്തി. സൺ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സഭ ആസാദ്, സോണി റസ്ദാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സോങ്സ് ഓഫ് പാരഡൈസ്. ധനീഷ് റെൻസു ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കശ്മീരി ഗായികയായ രാജ് ബീഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് 29ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും.
മാർവൽ ആരാധകർ കാത്തിരുന്ന തണ്ടർബോൾട്ട്സ് ഒടിടിയിലെത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates