വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നിരവധി സിനിമകളാണ് ഈ വാരാന്ത്യവും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. നയൻതാര ചിത്രം 'ഹായ്', 'ടോക്സിക്' എന്നീ ചിത്രങ്ങളും ഈ വാരം ഒടിടിയിൽ സ്ട്രീമിങ്ങിന് എത്തിയിട്ടുണ്ട്. ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങളിലൂടെ.
നയൻതാരയും കവിനും നായികാനായകൻമാരായെത്തിയ 'ഹായ്' ഒടിടിയിലെത്തി. ഓഗസ്റ്റ് 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സീ ഫൈവ് തമിഴിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിന് ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. നയൻതാര, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദ്വാനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തി. സീ5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും.
റിയലിസ്റ്റിക് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി ഈ വാരാന്ത്യം ഒടിടിയിലെത്തിയിരിക്കുന്ന ചിത്രമാണ് മാംഗോ പച്ച. ഒരു ചെറിയ പട്ടണത്തിലെ കുറ്റകൃത്യത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സഞ്ജിത്ത് സഞ്ജീവ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.
മീര കതിരവൻ സംവിധാനം ചെയ്ത ചിത്രമാണ് ഹബീബി. ഇഷ എം, കസ്തൂരി രാജ, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. സാം സിഎസ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
എംഎസ് രാജു സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർ നാച്ചുറൽ ത്രില്ലറാണ് അഗതാ. മിത്തോളജിയും ഫാന്റസിയും മിസ്റ്ററിയും കൂട്ടിച്ചേർത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. കാമാക്ഷി ഭാസ്കർല, ഉല്ക്ക ഗുപ്ത, റോഷൻ ബഷീർ, ശ്രാവൺ റെഡ്ഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സെപ്റ്റംബർ 25 മുതൽ സീ5 ലൂടെ ചിത്രം കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates