മദർഹുഡിനെക്കുറിച്ചും അതിനു ശേഷമുള്ള തന്റെ കരിയറിനെക്കുറിച്ചും പറഞ്ഞ് നടി പരിണീതി ചോപ്ര. ഒരു ഇടവേളയ്ക്ക് ശേഷം പരിണീതി പ്രധാന വേഷത്തിലെത്തുന്ന നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സീരീസ് 'ഷേക്ക്: ട്രസ്റ്റ് നോ വണ്ണി'ന്‍റെ പ്രൊമോഷൻ പരിപാടിയിലാണ് പരിണീതി ഇക്കാര്യം പറഞ്ഞത്.
മാതൃത്വത്തിന് ശേഷവും ഹിന്ദി സിനിമയിലെ മുൻനിര നടിമാർ ജോലി തുടരുന്നുണ്ട്. മാറിയ പ്രേക്ഷകർ ഇന്ന് അമ്മമാരെ തഴയുന്നില്ല. ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് പരിണീതി ഇക്കാര്യം പറഞ്ഞത്. അവരെല്ലാം ഇപ്പോൾ കൂടുതൽ നന്നായിട്ടാണ് ജോലി ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
"ആലിയ, ഞാൻ, ദീപിക, പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സ്വന്തം സഹോദരി -പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെ ഞങ്ങളുടെ തലമുറയ്ക്ക് അമ്മമാരാകാനും അതോടൊപ്പം അമ്മയായ ശേഷവും ജോലി ചെയ്യാൻ കഴിയുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. വാസ്തവത്തിൽ, ഞങ്ങൾ ഇപ്പോൾ കൂടുതൽ നന്നായി ജോലി ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്.
ഒരു തലമുറയ്ക്ക് ആ വില നൽകേണ്ടി വന്നത് സങ്കടകരമാണ്. ഒരുപക്ഷേ, അന്നത്തെ പ്രേക്ഷകര്‍ക്ക് അമ്മമാരെ കാണാൻ താല്പര്യം തോന്നിയില്ലായിരിക്കാം, എനിക്കത് മനസിലാകുന്നില്ലെങ്കിലും അതായിരുന്നു യാഥാർത്ഥ്യം. ഒരു അമ്മയായത് കൊണ്ട് മാത്രം ജോലി നിർത്താൻ ഞാനിഷ്ടപ്പെടുന്നില്ല.
ഒരു കുഞ്ഞിന് ജന്മം നൽകുന്ന മനോഹരമായ കാര്യം ചെയ്തതു കൊണ്ട്, എനിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍, അതെനിക്ക് വിഷമമുണ്ടാകും. പ്രേക്ഷകരിപ്പോൾ അമ്മമാരെ മാറ്റി നിര്‍ത്തുന്നില്ല.
അതിനാല്‍ എഴുത്തുകാർക്കും സംവിധായകർക്കും നടന്മാർക്കും അതനുസരിച്ചുള്ള പ്രൊജക്ടുകള്‍ ഒരുക്കാന്‍ കഴിയും. ഈ മേഖല മാറുന്നതിലും പ്രേക്ഷകർ ഇതെല്ലാം സാധ്യമാക്കിയതിലും സന്തോഷമുണ്ട്. അത് മനോഹരവും പോസിറ്റീവുമാണ്".- പരിണീതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates