തന്റെ സൺഗ്ലാസുകൾ സൂക്ഷിക്കുന്നതിനായി മാത്രം വീട്ടിൽ തനിക്ക് ഒരു മുറിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയാലിറ്റി ഷോ താരവും മോഡലുമായ പാരീസ് ഹിൽട്ടൺ. 10,000 ത്തോളം സൺഗ്ലാസുകളുടെ ശേഖരം തനിക്കുണ്ടെന്നും അവർ വെളിപ്പെടുത്തി. ദ് സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
"എന്റെ വീട്ടിൽ സൺഗ്ലാസുകൾ വയ്ക്കാനായി മാത്രം ഒരു മുറിയുണ്ട്. ഓരോ ചുവരിലും ഹോളോഗ്രാഫിക് ഷെൽഫുകളുണ്ട്. ഏകദേശം 10,000 ത്തോളം സൺഗ്ലാസുകളുണ്ട് ഇതിൽ. പണ്ടൊക്കെ എനിക്ക് വലിയ വൃത്താകൃതിയിലുള്ളവ വളരെ ഇഷ്ടമായിരുന്നു. ഇപ്പോൾ എനിക്ക് പൂച്ചക്കണ്ണുള്ളത് വരെയുണ്ട്. എനിക്ക് അതൊക്കെ വളരെ ഇഷ്ടമാണ്".- പാരീസ് ഹിൽട്ടൺ പറഞ്ഞു.
സലൂണിൽ പോകാതിരിക്കാനായി ഏറ്റവും ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സ്പായും താൻ നിർമിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. "സ്ലൈവിങ് സ്പാ എന്ന പേരിൽ ഞാൻ എന്റെ വീട്ടിൽ ഒരു സ്പാ നിർമിച്ചിട്ടുണ്ട്. സൗന്ദര്യ വർധനത്തിനായുള്ള എല്ലാ ഉപകരണങ്ങളും അവിടെയുണ്ട്. എൽഇഡി റെഡ് ലൈറ്റ് ബെഡ്, ക്രയോതെറാപ്പി മെഷീൻ അങ്ങനെ എന്റെ ഒരു ദിവസം തുടങ്ങാൻ ആവശ്യമായ എല്ലാം അവിടെയുണ്ട്.
കഴിഞ്ഞ ആറ് മാസമായിട്ട് എന്റെ ഫേഷ്യലിസ്റ്റ് എനിക്ക് നൽകിയ പുതിയ പ്ലാസ്മ ഉപകരണമാണ് ഞാൻ ഉപയോഗിക്കുന്നത്. എനിക്ക് അത് വളരെ ഇഷ്ടമാണ്," അവർ പറഞ്ഞു. അതോടൊപ്പം തന്റെ ഏറ്റവും വിലപ്പിടിച്ച് സ്വത്ത് എന്ന് പറയുന്നത് താൻ കസ്റ്റമൈസ് ചെയ്തെടുത്ത പിങ്ക് നിറത്തിലെ ബെന്റ്ലി കാർ കാർ ആണെന്നും അവർ വ്യക്തമാക്കി. എന്നാൽ ആരാധകർ തന്നെ പിന്തുടർന്ന് കാറിന്റെ ചിത്രങ്ങളെടുക്കുന്നതിനാൽ താനിപ്പോൾ അത് ഓടിക്കാറില്ലെന്നും നടി പറഞ്ഞു.
ഈ വർഷമാദ്യം കാലിഫോർണിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ മാലിബുവിലെ നടിയുടെ വീടും കത്തി നശിച്ചിരുന്നു. ഇതേത്തുടർന്ന് ലോസ് ആഞ്ചലസിൽ അടുത്തിടെ നടി പുതിയ വീട് വാങ്ങുകയും ചെയ്തിരുന്നു. പാരീസും ഭർത്താവ് കാർട്ടർ റൂമും അടുത്തിടെ നടൻ മാർക്ക് വാൽബർഗിന്റെ ആഢംബര വസതി സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
30,500 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ 12 ബെഡ് റൂമുകളും ജിമ്മും ലൈബ്രറിയുമൊക്കെയുണ്ട്. മാത്രമല്ല ബാസ്കറ്റ്ബോൾ കോർട്ട്, ടെന്നീസ് കോർട്ട്, സ്കേറ്റ് പാർക്ക്, ഡ്രൈവിംഗ് റേഞ്ചുള്ള അഞ്ച് ഹോളുകളുള്ള ഗോൾഫ് കോഴ്‌സ്, റിസോർട്ടുകളിലുള്ളതു പോലെത്തെ ഒരു പൂളും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates