Poornima Bhagyaraj വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'പിറന്നാളിന് എനിക്ക് ആദ്യം ആശംസ പറയുന്നതും, സമ്മാനം തരുന്നതും അദ്ദേഹം; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യായം അദ്ദേഹത്തിനൊപ്പമുള്ള സമയമായിരുന്നു'

കല്യാണം കഴിഞ്ഞ ശേഷം സിനിമ വിടാം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷം ജൂൺ 27 നാണ് നടൻ ഭാ​ഗ്യരാജ് ഈ ലോകത്തോട് വിട പറഞ്ഞത്. അപ്രതീക്ഷിതമായ താരത്തിന്റെ വിയോ​ഗം ഇന്നും സിനിമാ പ്രേക്ഷകർക്ക് വിശ്വസിക്കാനായിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഭാ​ഗ്യരാജിനെയും അന്തരിച്ച സംവിധായകൻ ഭാരതിരാജയെയും അനുസ്മരിച്ചു കൊണ്ടുള്ള ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൂർണിമ.

"ഇന്ന് ഞാനിവിടെ നിൽക്കുന്നതിനും എന്റെ കുടുംബത്തിന് ഒരം​ഗീകാരം ലഭിക്കുന്നതിനും കാരണം, അദ്ദേഹത്തിന്റെ ​ഗുരുനാഥൻ ഭാരതിരാജയാണ്. അദ്ദേഹമാണ് അദ്ദേഹത്തിന്റെ (ഭാ​ഗ്യരാജ്) കഴിവ് തിരിച്ചറിഞ്ഞതും അദ്ദേഹത്തെ അസിസ്റ്റന്റ് ആക്കിയതും പിന്നീട് നായകനാക്കിയതുമൊക്കെ. മരിക്കും വരെ അദ്ദേഹം ഭാരതിരാജ സാറിനോട് കടപ്പെട്ടിരുന്നു. ഈ നിമിഷം വരെ അദ്ദേഹം ഭാരതിരാജ സാറിനെ പേര് പറഞ്ഞ് വിളിച്ചിട്ടില്ല.

ഡയറക്ടർ സാർ എന്നാണ് എപ്പോഴും പറയാറ്. എന്റെ ​ഗുരുനാഥൻ ഭാരതിരാജ എന്ന് അദ്ദേഹം ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. എന്റെ ​ഗുരുനാഥൻ, ഡയറക്ടർ സാർ ഭാരതിരാജ എന്നേ അദ്ദേഹം പറയാറുള്ളൂ. ഈ നിമിഷവും ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറയുന്നു. ഭാരതിരാജ സാറിനും അക്കാര്യം അറിയാം. കടന്നുപോയ ചില മാസങ്ങൾ നിങ്ങളുടെ വീട്ടിലും എന്റെ വീട്ടിലും ഏറെ വേദനാജനകമായ കാര്യങ്ങൾ നടന്നു.

ആ സമയത്തൊക്കെ ഒരുപാട് പേർ ഞങ്ങളെ ചേർത്തു നിർത്തി, ഞങ്ങളെ സപ്പോർട്ട് ചെയ്തു. സാറിന്റെ പേരിൽ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് സന്തോഷവും സങ്കടവുമുണ്ട്. അദ്ദേഹത്തിനൊപ്പം 42 വർഷം ഞാൻ ജീവിച്ചു. അതിൽ നല്ല ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അദ്ദേഹം എനിക്കൊരു സുഹൃത്തായിരുന്നു. അദ്ദേഹത്തെ കുറിച്ച് പറയാൻ പോലും എനിക്ക് വാക്കുകളില്ല.

അദ്ദേഹം എന്റെ സുഹൃത്തായിരുന്നു, എന്റെ വഴികാട്ടിയായിരുന്നു, എന്റെ ബലമായിരുന്നു, എന്നോട് വഴക്കിടുമായിരുന്നു എന്നെ സമാധാനിപ്പിക്കുമായിരുന്നു.. അങ്ങനെ എനിക്ക് എല്ലാം അദ്ദേഹമായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തെ കുറിച്ച് പറയാൻ പറയുകയാണെങ്കിൽ അത് മറ്റൊരു ചാപ്റ്റർ ആയി പറയേണ്ടി വരും, അത്രത്തോളമുണ്ട്. ഭാര്യ എന്ന നിലയിൽ അദ്ദേഹം എനിക്കേറ്റവും അടുത്ത സുഹൃത്തും എന്റെ കാമുകനും ഒക്കെയാണ്.

സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഭാര്യ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇത്തരം സ്വഭാവം എനിക്ക് ഇഷ്ടമാണ്. 42 വർഷം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യായം അദ്ദേഹത്തിനൊപ്പമുള്ള സമയമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്ന ഒരാളായിരുന്നു അ​ദ്ദേഹം.

കല്യാണം കഴിഞ്ഞതു മുതൽ എന്റെ പിറന്നാളിന് അദ്ദേ​ഹം ആയിരിക്കണം എന്നെ ആദ്യം വിഷ് ചെയ്യേണ്ടത് എന്ന് ഞാൻ‌ പറഞ്ഞിരുന്നു. എന്നെ വേറെ ആരും ആദ്യം വിഷ് ചെയ്യരുതെന്ന് അദ്ദേഹം എല്ലാവരോടും പറയും. മക്കളോടും എല്ലാവരോടും അദ്ദേഹം പറയും, അമ്മയെ ഞാനാദ്യം വിഷ് ചെയ്തില്ലെങ്കിൽ അവൾക്ക് സങ്കടമാകുമെന്ന്. കല്യാണം കഴിഞ്ഞ് ഒരു മൂന്ന് നാല് വർഷം കഴിഞ്ഞ് എന്റെ പിറന്നാൾ അദ്ദേഹം മറന്നു പോയി. അത് എനിക്ക് വിഷമം ആയെന്ന് മനസിലായപ്പോൾ അദ്ദേഹത്തിന് അത് വലിയ കുറ്റബോധമായി.

അതിന് ശേഷം അസിസ്റ്റന്റ്സിനെ എല്ലാവരെയും വിളിച്ചു വരുത്തി, ആ ദിവസം നോട്ട് ചെയ്ത് എന്നെ കറക്ടായി ഓർമപ്പെടുത്തണമെന്ന് പറഞ്ഞു. എന്റെ ബർത്ത് ഡേയ്ക്ക് എനിക്ക് ആദ്യം സമ്മാനവുമായി വരുന്നതും ആദ്യം വിഷ് ചെയ്യുന്നതും അദ്ദേഹമാണ്. 12 മണിയാകാൻ അദ്ദേഹം സമയം നോക്കി കാത്തിരിക്കും. മക്കളോടും പറയും, ആരും ആദ്യം വന്ന് അമ്മയെ വിഷ് ചെയ്യരുതെന്ന്, എനിക്കത് ചെയ്യണമെന്ന്.

ഇതെനിക്ക് സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് അ​ദ്ദേഹം അങ്ങനെ ചെയ്യുന്നത്. ഇതുപോലെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ എനിക്കൊരുപാട് സന്തോഷം നൽകുന്നത് ആയതുകൊണ്ട് അദ്ദേഹം എനിക്കുവേണ്ടി അതെല്ലാം ചെയ്യും. കല്യാണം കഴിഞ്ഞ ശേഷം സിനിമ വിടാം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.

മക്കളുടെ കൂടെയിരിക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ അഭിനയം നിർത്തിയത്. എന്നാൽ അദ്ദേഹമെന്നോട് അഭിനയിക്കണം എന്ന് പറഞ്ഞ് നിർബന്ധിച്ചിട്ടില്ല. പക്ഷേ എപ്പോഴും നീ ബിസി ആയിരിക്കണം എന്ന് പറയുമായിരുന്നു. സിനിമ ചെയ്യണമെങ്കിൽ ചെയ്യാം, അല്ലെങ്കിൽ എന്തെങ്കിലും ബിസിനസ് ചെയ്യണമെങ്കിൽ ചെയ്യാം. എന്തായാലും എപ്പോഴും നീ ബിസി ആയിരിക്കണമെന്ന് അദ്ദേഹം പറയും. അത്തരത്തിൽ എന്നെ എല്ലായ്പ്പോഴും അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു".- പൂർണിമ ഭാ​ഗ്യരാജ് പറഞ്ഞു.

Poornima Bhagyaraj share her beautiful memory with her husband Bhagyaraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

'ആലി, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല'; മകള്‍ക്ക് ജന്മദിനാശംസകളുമായി പൃഥ്വിയും സുപ്രിയയും

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ ഇനി ഫാം ഫ്രഷ് ആട്ടിൻപാലും; ലിറ്ററിന് 110 രൂപ

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു