ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് പ്രഭാസ്. അതുകൊണ്ട് തന്നെ പ്രഭാസിന്റെ ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. പക്ഷേ ബാഹുബലിക്ക് ശേഷം വന്ന സലാർ ഒഴിച്ച് ഒരൊറ്റ പ്രഭാസ് ചിത്രം പോലും പൂർണമായും ആരാധകരെയോ സിനിമാ പ്രേക്ഷകരെയോ തൃപ്തിപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം.
ഒരു തരത്തിലും നമുക്ക് ഉൾക്കൊള്ളാൻ പോലും പറ്റാത്ത സിനിമാ തിരഞ്ഞെടുപ്പുകളിലേക്കാണ് പ്രഭാസ് പോകുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ദ് രാജാസാബുമായി പ്രഭാസ് വീണ്ടുമെത്തിയിരിക്കുകയാണ്. ഹൊറർ കോമഡി ജോണറിലൊരുക്കിയിരിക്കുന്ന രാജാസാബ് സംവിധാനം ചെയ്തിരിക്കുന്നത് മാരുതിയാണ്.
ഒരു കൊട്ടാരത്തിൽ ജനിച്ച്, കുട്ടിക്കാലത്ത് തന്നെ എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്ന രാജാസാബ് (പ്രഭാസ്) യുവാവ് ആയതിന് ശേഷം തന്റെ കുടുംബ സ്വത്ത് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ചിത്രത്തിന്റെ ഇതിവൃത്തം. അൽഷിമേഴ്സ് രോഗബാധിതയായ തന്റെ മുത്തശ്ശി ഗംഗാദേവി (സെറീന വഹാബ്)യോടൊപ്പം ലളിതമായ ജീവിതം നയിക്കുകയായിരുന്നു രാജാസാബ്. ഒരു പ്രത്യേകഘട്ടത്തിൽ രാജാസാബിന്റെ ജീവിതം പതുക്കെ മറ്റൊരു ലക്ഷ്യത്തിലേക്ക് വഴിമാറുന്നു. ചെറുപ്പത്തിൽ തനിക്ക് വാക്ക് നൽകി അകന്നുപോയ ഭർത്താവ് കനകരാജുവിനെ (സഞ്ജയ് ദത്ത്) ഇപ്പോഴും കാത്തിരിക്കുകയാണ് രാജാ സാബിന്റെ മുത്തശ്ശി. മുത്തശ്ശനെ തേടിയുള്ള രാജാസാബിന്റെ യാത്രയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.
ഒരേസമയം പ്രണയനായകനായും കോമഡി രംഗങ്ങളുമൊക്കെയായി പ്രഭാസ് വരുന്നുണ്ട് ചിത്രത്തിൽ. ഒരു പാട്ടിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് പതിയെ ഫ്ലാഷ്‌ബാക്കിലേക്ക് സിനിമ കടക്കുന്നു. രാജാസാബിന്റെ ഏറ്റവും വലിയ പോരായ്മ യാതൊരു കെട്ടുറപ്പുമില്ലാത്ത തിരക്കഥ തന്നെയാണ്. നൂല് പൊട്ടിയ പട്ടം പോലെ സിനിമ ഇങ്ങനെ ആടിയുലയുകയാണ്. ഫ്ലാഷ്ബാക്കിൽ ഇമോഷണൽ സീനുകളൊക്കെയുണ്ടെങ്കിലും ഒന്നും പ്രേക്ഷകന് കണക്ട് ആകുന്നേയില്ല. ഒരു നാടകം പോലെ സിനിമ ഇങ്ങനെ മുന്നോട്ട് പോവുകയാണ്. മോശം തിരക്കഥയും അതിലും മോശം സംവിധാനവുമാണ് രാജാസാബിന്റെ ഏറ്റവും വലിയ കല്ലുകടി.
കോമഡി രംഗങ്ങളൊക്കെ അന്യായ വെറുപ്പിക്കലായിരുന്നുവെന്ന് പറയാതെ വയ്യ. ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോകുന്നുണ്ട് പ്രേക്ഷകൻ. ഇനി പെർഫോമൻസിലേക്ക് വന്നാൽ, അതിലും കാര്യമായിട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രഭാസ് എന്തൊക്കെയോ ചെയ്യുന്നു, അതിനൊപ്പം മൂന്ന് നായികമാരും മറ്റുള്ളവരും കിടന്ന് ഓടുന്നു. കുറച്ചെങ്കിലും ഭേദമായി തോന്നിയത് സമുദ്രക്കനിയുടെ പെർഫോമൻസ് മാത്രമാണ്.
മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മൂന്ന് പേരുമായും പ്രഭാസിന്റെ കെമിസ്ട്രി തീരെ വർക്കായില്ല. അല്ല വർക്കാകാൻ മാത്രം പ്രത്യേകിച്ച് രംഗങ്ങളൊന്നും പ്രഭാസുമായി ഈ മൂന്ന് നായികമാർക്കുമില്ല. തെന്നിന്ത്യൻ സിനിമകളിലിപ്പോൾ ബോളിവുഡ് താരങ്ങൾ വില്ലനാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണല്ലോ. സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലനായെത്തിയിരിക്കുന്നത്. സഞ്ജയ് ദത്തിനെപ്പോലെയൊരു നടനെക്കൊണ്ടൊക്കെ ഇത്തരം വെറുപ്പിക്കൽ പരിപാടി ചെയ്യിപ്പിക്കുന്നത് തന്നെ കഷ്ടമാണ്. ഫ്ലാഷ്ബാക്ക് സീനിലാണ് കുറച്ചെങ്കിലും സഞ്ജയ് ദത്തിന്റെ കഥാപാത്രം മികച്ചതായി തോന്നിയത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളൊക്കെ അസഹീനയമെന്ന് മാത്രമേ പറയാനുള്ളൂ. കുറേ ദൈർഘ്യമുള്ള രംഗങ്ങളോടെയാണ് ക്ലൈമാക്സിലേക്ക് കടക്കുന്നത്. സിജിഐ മുതലയുമായി പ്രഭാസ് നടത്തുന്ന ഒരു ആക്ഷനൊക്കെയുണ്ട്. ശരിക്കു പറഞ്ഞാൽ നമ്മൾ ചിരിച്ച് ഒരു വഴിയാകും. സിജിഐ ഒന്നുമില്ലാതിരുന്ന കാലത്ത്, ഡമ്മി ഉപയോഗിച്ച് ഇത്തരം സ്റ്റണ്ട് സീനുകൾ ഓരോ സംവിധായകർ അതിഗംഭീരമായി ക്രിയേറ്റ് ചെയ്തിരിക്കുന്നത് ഓർക്കുമ്പോഴാണ് മാരുതിയെ ഒക്കെ തൊഴുത് പോകുന്നത്.
എസ് തമന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും മികച്ചതായി തോന്നിയില്ല. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിലെ സ്കോറിങ് ഒഴിച്ച് നിർത്തിയാൽ തമനും സിനിമയെ പിടിച്ചു നിർത്താൻ ആയില്ല. സാധാരണ ഒരു പാൻ ഇന്ത്യൻ സിനിമയിൽ മേക്കിങ് കൊണ്ടെങ്കിലും സംവിധായകർ പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രമിക്കാറുണ്ട്.
ഇവിടെ അതും ഉണ്ടായില്ല എന്നത് നിരാശാജനകമാണ്. എങ്ങനെയൊക്കെയോ ഇരുന്ന് സിനിമ കണ്ട് തീർക്കാം എന്നല്ലാതെ യാതൊന്നും രാജാസാബിൽ ഇല്ല. സെക്കന്റ് പാർട്ടിലേക്കുള്ള സൂചന കൂടി നൽകി കൊണ്ടാണ് രാജാസാബ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രഭാസ് ഇനിയെങ്കിലും ഇതുപോലെയുള്ള മലങ്കൾട്ട് സിനിമകൾ മാറ്റി പിടിക്കുന്നതായിരിക്കും നല്ലത്. ഈ രീതി തന്നെയാണ് തുടരുന്നതെങ്കിൽ ഒരുപക്ഷേ ആരാധകർ പോലും കൈ വിട്ടെന്ന് വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates