പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കടുവ. ഇപ്പോൾ വീണ്ടും കോടതി കയറിയിരിക്കുകയാണ് ചിത്രം. സിനിമ നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയെന്നാണ് അനുരാഗിന്റെ പരാതി. തുടർന്ന് കടുവയുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി ഉത്തരവായി.
2018 ലാണ് കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ ജിനു എബ്രഹാം അനുരാഗിന് നൽകുന്നത്. എന്നാൽ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടൻ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും നൽകിയെന്നും സ്വകാര്യ അന്യായത്തിൽ ആരോപിക്കുന്നു. ഇതോടെ കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമ നിർത്തിവയ്‌ക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തിൽ ചൂണ്ടിക്കാട്ടി.
ഇതുമൂലമുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നൽകിയ തുകയും തിരികെ ലഭിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം.
ആറു വര്‍ഷങ്ങൾക്കു ശേഷം ഷാജി കൈലാസ് വീണ്ടും മലയാളത്തിലെത്തുന്ന 'കടുവ' ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ 250ാം ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം. അന്ന് സുരേഷ് ഗോപി ചിത്രത്തിനെതിരെ ജിനുവാണ് കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates