നടന്‍ സന്തോഷ് നായരുടെ വിയോഗത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. സന്തോഷ് നായര്‍ക്ക് തന്നെക്കുറിച്ചൊരു തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്നാണ് സിദ്ധു പറയുന്നത്. അത് കാരണം തന്നോട് മരിച്ചാല്‍ പട്ടട കാണാന്‍ പോലും വരരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സിദ്ധു പറയുന്നു. ആ തെറ്റിദ്ധാരണ മാറ്റാനാകാതെയാണ് അദ്ദേഹം പോയതെന്നും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
വളരെ സങ്കടകരമായ ഒരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയത്. നടന്‍ സന്തോഷേട്ടന്റെ മരണം. സന്തോഷേട്ടനുമായി 38 വര്‍ഷത്തെ പരിചയമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത കുറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ഇരിങ്ങാ പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്.
ഏകദേശം 10 മാസങ്ങള്‍ക്ക് മുന്‍പ് രാത്രി 10 മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നാണ്. സന്തോഷേട്ടനെ പരിചയമുണ്ടോ എന്നാണ് ചോദ്യം. പരിചയമുണ്ടെങ്കില്‍ അദ്ദേഹത്തെ ഒന്ന് വിളിച്ച് ഒരു കാര്യം ചോദിക്കണം എന്ന് എന്നെ ഏല്‍പ്പിച്ചു.
ആ കമ്പനിയുടെ ഒരു ഷൂട്ടിംഗ് നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആര്‍ട്ടിസ്റ്റിനു പെട്ടെന്ന് വരാന്‍ പറ്റാത്ത ആവുകയും നാളെ ഷൂട്ടിംഗ് നടക്കണമെങ്കില്‍ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവര്‍ ആലോചിച്ചപ്പോള്‍ സന്തോഷേട്ടന്‍ ആണ് അതിനു പറ്റിയ ആള്‍. അവര്‍ വിളിച്ചു പക്ഷേ ഫോണ്‍ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏല്‍പ്പിച്ചത്.
ഞാന്‍ വിളിച്ചു രാത്രി പത്തരയ്ക്ക് സന്തോഷേട്ടന്‍ ഫോണ്‍ എടുത്തു. ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയല്ല. സന്തോഷേട്ടനെ അവര്‍ വിളിച്ചിട്ട് എടുക്കുന്നില്ല അതുകൊണ്ട് എന്നെ ഏല്‍പ്പിച്ചതാണ്. ഞാന്‍ ആ കമ്പനിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കും അവര്‍ വിളിക്കും. കാര്യങ്ങള്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ചോളൂ. നാളെ ഷൂട്ടിംഗ് ആയതുകൊണ്ട് ഇന്ന് തന്നെ പുറപ്പെടേണ്ടി വരും. അദ്ദേഹം സമ്മതിച്ചു. ഞാന്‍ ആ പ്രോഡക്ഷന്‍ എക്‌സിക്യൂട്ടീവിന് നമ്പര്‍ കൊടുക്കുകയും ചെയ്തു.
പിറ്റേന്ന് ഉച്ചയോടു കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങള്‍ ആണ് വരുന്നത്. അതില്‍ ഒന്ന് ഇങ്ങനെയായിരുന്നു. 'നീ ഇനി എന്നെ വിളിക്കരുത് നിന്റെ നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നു' രണ്ടാമത്തെ ശബ്ദ സന്ദേശം കേട്ടപ്പോള്‍ എനിക്ക് നെഞ്ചില്‍ ഒരു നീറ്റല്‍ ഉണ്ടായി. അത് ഒരു അറം പറ്റിയ വാക്കായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. 'എന്റെ പട്ടട കാണാന്‍ പോലും നീ വരരുത്. എന്നെ ആക്കാന്‍ വേണ്ടി വിളിക്കരുത്.'
ഇതെന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ചു. അയാള്‍ പറഞ്ഞു ഞങ്ങള്‍ ഇന്നലെ സന്തോഷേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പുറപ്പെടാന്‍ റെഡിയുമായിരുന്നു. വേറെയും ചില കാരണങ്ങള്‍ കൊണ്ട് പിറ്റേന്ന് ആ ഷൂട്ടിംഗ് നടത്താന്‍ പറ്റാതെ വന്നു. അത് സന്തോഷേട്ടനെ അറിയിക്കുകയും ചെയ്തു.
സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി ആ രാത്രി വിളിച്ചതാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്ന് തോന്നുന്നു. ഞാന്‍ വര്‍ക്ക് ചെയ്യാത്ത എനിക്കൊരു ബന്ധവുമില്ലാത്ത സിനിമ. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാന്‍ പോയതാണ് ഞാന്‍. അത് സന്തോഷേട്ടനെ കളിയാക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു.
ഞാനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം എന്റെ നാടായ ഗുരുവായൂരില്‍ ആണ് താമസിക്കുന്നത്. കുറച്ചുകാലമായി അദ്ദേഹം ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടെങ്കിലും ഗുരുവായൂരില്‍ വച്ച് പലപ്പോഴും കാണാറുണ്ട്. നല്ല പരിചയമുള്ള ഒരാള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്റെ പട്ടട കാണാന്‍ പോലും നീ വരരുത് പറഞ്ഞപ്പോള്‍ അത് എനിക്ക് വലിയ സങ്കടമായി.
അതിനുശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ വാട്‌സാപ്പില്‍ കിടക്കുന്ന ആ വോയിസ് ഞാന്‍ ഒന്നുകൂടി കേട്ടു. ഇന്ന് ഞാന്‍ ഗുരുവായൂര്‍ ഉണ്ട്. ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോകുന്നില്ല. കാണാന്‍ പോയാല്‍ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates