മോഹന്‍ലാല്‍ ,പൃഥ്വിരാജ് 
Entertainment

'ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ എന്നൊക്കെ പറയുന്നുണ്ട്'

സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. കാരണം ആ സമയത്ത് വീട്ടില്‍ നിന്നും ഒരുപാട് ദിവസം മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ താനൊരു സംവിധായകന്‍ ആകില്ലായിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഇവന് സിനിമ എടുക്കാന്‍ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് 'ലൂസിഫര്‍' എന്ന വലിയ സിനിമയുമായി മോഹന്‍ലാല്‍ തനിക്കൊപ്പം നിന്നതെന്നും 'എമ്പുരാന്‍' സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ചെയ്തു തന്ന സഹായങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും പൃഥ്വി പറയുന്നു. കൊച്ചിയില്‍ നടന്ന 'എമ്പുരാന്‍' ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

സംവിധായകന്റെ മുകളില്‍ വിശ്വാസം എന്നൊക്കെ പറയുമ്പോള്‍ എനിക്ക് പേടിയാണ്. ഞാനിപ്പോഴും എന്റെ മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ്. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഫിലിം മേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിങ് പഠിക്കുകയാണ്.

സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. കാരണം ആ സമയത്ത് വീട്ടില്‍ നിന്നും ഒരുപാട് ദിവസം മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സിനിമ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാട് മാസങ്ങള്‍ കുടുംബത്തെ കാണാതെ മാറിനില്‍ക്കേണ്ടിവരും. അഭിനയം ആണെങ്കില്‍ ഷൂട്ടിങ് ഇല്ലാത്ത ദിവസം വീട്ടില്‍ പോകാം. മോള്‍ എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കില്‍ 'അയ്യോ വീണ്ടും പോയി' എന്നാവും പറയുക.

എന്റത്ര വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ ആശയം പറയുന്നതു മുതല്‍ ഇത് ഏറ്റവും കൂടുതല്‍ മനസിലാവുന്ന ആള്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ദുബായിലെ ആശിര്‍വാദിന്റെ ഓഫീസില്‍ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാന്‍ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുന്നത്. ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനില്‍ മൂപ്പര്‍ക്ക് മനസ്സിലായതാണ് ഈ സിനിമ. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നില്‍ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം.

മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു സംവിധായകന്‍ പോലുമാകുമോയെന്ന് ഉറപ്പില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ ആര്‍ക്കും ഒരു ഗ്യാരണ്ടിയുമില്ലായിരുന്നു. എനിക്ക് സിനിമ എടുക്കാനറിയുമോ എന്നുപോലും അറിയില്ല. അങ്ങനെ എന്നോടൊപ്പം എന്‍റെ ഡ്രൈവിങ് ഫോഴ്‌സ് ആയി ഒപ്പം നിന്ന ആളാണ് ലാല്‍ സര്‍. ഞാനൊരു ആക്‌സിഡെന്റല്‍ ഡയറക്ടര്‍ ആണ്. ഒരുപക്ഷേ ലാലേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരു സംവിധായകനും ആകില്ലായിരുന്നു.

ലൂസിഫറിന്റെ ഒന്നാം ഭാഗം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗത്തെ ഇപ്പോള്‍ ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു. ഒന്നാം ഭാഗത്തിന് കിട്ടുന്ന പ്രതികരണങ്ങള്‍ കണ്ടിട്ട് മാത്രമേ രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയൂ. എമ്പുരാന്‍ ഉണ്ടായതില്‍ ഒരു വലിയ നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. കാരണം അവര്‍ ലൂസിഫറിനു തന്ന ആ മഹാവിജയമാണ് എമ്പുരാന്‍ എന്ന സിനിമ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. അല്ലെങ്കില്‍ എമ്പുരാന്‍ സംഭവിക്കില്ലായിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ഞാന്‍ ഇക്കാര്യം തന്നെയാണ് പറയുന്നത്. എമ്പുരാന്‍ എന്ന സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണം കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാന്‍ കഴിയൂ. ഈ പാര്‍ട്ട് ടു ഒരു വലിയ വിജയം ആവട്ടെ.

മൂന്നാം ഭാഗം ഇതുപോലെയല്ല കുറച്ചു വലിയ പടമാണ്. എമ്പുരാന് ഒരു വലിയ മഹാവിജയം പ്രേക്ഷകര്‍ സമ്മാനിച്ചാലാണ് മൂന്നാം സംഭവിക്കുക. ശരിക്കും പറഞ്ഞാല്‍ മൂന്നാം ഭാഗം ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ കഥ തീരണ്ടേ. ഇപ്പോള്‍ ലൂസിഫര്‍ നമ്മള്‍ കൊണ്ടു തീര്‍ത്തത് വേണമെങ്കില്‍ രണ്ടാം ഭാഗം ഇല്ലാതിരിക്കാം എന്നൊരു രീതിയില്‍ ആണല്ലോ. പക്ഷേ എനിക്ക് ഒരു കാര്യം പറയാന്‍ പറ്റുന്നത് എമ്പുരാന്‍ തീരുമ്പോള്‍ മൂന്നാം ഭാഗം ഇല്ലെങ്കില്‍ കഥ മുഴുവന്‍ ആകില്ല എന്ന വ്യക്തമായ ഒരു പോയിന്റിലാണ്. അപ്പോള്‍ മൂന്നാം ഭാഗം ഉണ്ടായേ മതിയാകൂ എന്ന് എനിക്ക് പറയേണ്ടി വരും. കാരണം ഈ സിനിമ തീരുന്ന ഒരു പോയിന്റില്‍ അയ്യോ ഇതിന്റെ കഥ ബാക്കി ഇനി അറിയണമല്ലോ എന്ന് പ്രേക്ഷകന് തോന്നും. മൂന്നാം ഭാഗം ചെയ്യാന്‍ ചെയ്യാന്‍ പറ്റട്ടെ അതിന് പ്രേക്ഷകര്‍ നമുക്കൊപ്പം നില്‍ക്കട്ടെ നില്‍ക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

SCROLL FOR NEXT