താൻ കണ്ടിട്ടുള്ളതിൽ വച്ച് വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് 'രാമായണ' എന്ന് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. 'രാമായണ' സിനിമയിൽ പരശുരാമനായി മമ്മൂട്ടി വന്നിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കി. 'സസ്നേഹം ശ്രീലേഖ' എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച 'രാമായണ' റിവ്യൂവിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയായിരുന്നെങ്കിൽ കഥാപാത്രം മികച്ചതാവുമായിരുന്നുവെന്ന് അവർ പറഞ്ഞു. "രാമന്റെ കഥാപാത്രം വരുമ്പോൾ ശകലം നിരാശ തോന്നി. രൺബീർ കപൂർ എന്തുകൊണ്ടോ രാമന്റെ റോളിന് ചേരുന്നില്ല എന്നൊരു തോന്നൽ. എന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങൾ കാര്യമായി വരുന്നില്ല. മിക്കവാറും എല്ലാ സമയങ്ങളിലും കണ്ണു പോലും വളരെ ശാന്തമാണ്.
രാമൻ മനുഷ്യ ജന്മമെടുത്ത ദൈവമാണ്. അപ്പോൾ മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കണം. പ്രണയവും ദേഷ്യവും സങ്കടവും വരണം. കരയണം. ജഡായു മരിക്കുന്ന സീനിൽ രാമൻ കരയുന്നതിനേക്കാൾ കൂടുതൽ ശാന്തനായാണ് എനിക്ക് തോന്നിയത്. ലക്ഷ്മണൻ ചോദിക്കുമ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് നമുക്ക് മനസിലാകുന്നത്. അതുകൊണ്ട് രാമന് കുറച്ച് ജീവൻ കുറവുള്ളതുപോലെ എനിക്ക് തോന്നി. ജീവസുറ്റ കഥാപാത്രമായി എനിക്ക് തോന്നിയില്ല.
പക്ഷേ, രൺബീർ കപൂർ പരശുരാമനായി വരുമ്പോൾ അതിഗംഭീരമായിരുന്നു. അത് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, പരശുരാമൻ എന്ന കഥാപാത്രമായി രൺബീർ ചെയ്യണമായിരുന്നോ എന്ന് എനിക്ക് തോന്നി. അത് മമ്മൂട്ടിക്ക് കൊടുത്താൽ പോരായിരുന്നോ എന്ന്. മമ്മൂട്ടി ആയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു എന്ന് മനസിലൂടെ പോയി. ശോഭനയുടെ കഥാപാത്രം നല്ലതായിരിക്കുന്നു.
കൈകസിയായി ശോഭനയാണ് അഭിനയിച്ചിരിക്കുന്നത്. വളരെ നല്ല രീതിയിൽ ചെറുപ്പകാലമാക്കി സുന്ദരിയാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ അതിനേക്കാളും മുന്നിട്ടുനിൽക്കുന്നത്, സായ് പല്ലവിയുടെ സീതയാണ്. സീതയ്ക്ക് ഒരുപാട് പ്രത്യേകതകളാണ് സിനിമ നൽകിയിരിക്കുന്നത്.
രാമായണത്തിൽ നമ്മൾ കാണാത്ത സീതയാണ് സിനിമയിലുള്ളത്. വളരെ മിടുക്കിയായ, ആയോധനകലകളിൽ പ്രാവീണ്യമുള്ള, ധൈര്യശാലിയായ, ബുദ്ധിയുള്ള സീതാ ദേവിയാണ് ചിത്രത്തിൽ".- ശ്രീലേഖ വിഡിയോയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates