Radhika Apte വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല'

'തെന്നിന്ത്യയിലെ സ്ത്രീകൾ സുന്ദരിമാരും പ്രതിഭാശാലികളും അതിശയകരമായ കഴിവുള്ളവരും വ്യക്തിത്വമുള്ളവരുമാണ്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെലുങ്ക്- ഹിന്ദി ചിത്രമായ 'രക്ത ചരിത്ര'ത്തിലൂടെയാണ് നടി രാധിക ആപ്തെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 'വെട്രി സെൽവൻ', 'കബാലി', 'ലയൺ' തുടങ്ങിയ ചിത്രങ്ങളിലും രാധിക അഭിനയിച്ചിരുന്നു. 'ചിത്തിരം പേസുതടി 2' ആണ് രാധികയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ തെന്നിന്ത്യൻ ചിത്രം.

തെന്നിന്ത്യൻ സിനിമകളിൽ നിന്ന് താൻ വിട്ടു നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാധിക ആപ്തെ ഇപ്പോൾ. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസായ 'അക്ക'യുടെ പ്രൊമോഷന്റെ ഭാ​ഗമായി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാധിക. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസമാണ് ഇതിനൊരു കാരണമെന്ന് രാധിക വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള നടിമാരെ അഭിനയിപ്പിക്കുന്നതിന് കാരണം അവർക്ക് കൂടുതൽ നിറമുള്ളതുകൊണ്ടാകാമെന്ന് രാധിക ആപ്തെ പറഞ്ഞു. തനിക്ക് അത്ര വെളുത്ത നിറമല്ല. ഈ പ്രവണതയെ താൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

"എന്റെ ധാരണ തെറ്റാകാം. എങ്കിലും എനിക്ക് തോന്നുന്നത്, തെന്നിന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്തിരുന്നത് അവർക്ക് കൂടുതൽ നിറമുള്ളതു കൊണ്ടാണ്. എനിക്ക് വെളുത്ത നിറമല്ല. സൗത്ത് ഇന്ത്യൻ സിനിമകളിൽ എന്തുകൊണ്ട് സൗത്ത് ഇന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്യാതെ ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നു എന്നാലോചിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.

ഇവിടെ അവർക്ക് വിദേശികളെയാണ് വേണ്ടത്. നമുക്ക് ആ ഒരു പ്രവണതയുണ്ട്. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. തെന്നിന്ത്യയിലെ സ്ത്രീകൾ സുന്ദരിമാരും പ്രതിഭാശാലികളും അതിശയകരമായ കഴിവുള്ളവരും വ്യക്തിത്വമുള്ളവരുമാണ്. അവർക്ക് ഇവിടുത്തെ ഭാഷ നന്നായി കൈകാര്യം ചെയ്യാനും അറിയാം.

അവർ മികച്ച അഭിനേത്രികളുമാണ്. മുംബൈയിൽ നിന്ന് വരുന്ന, ഇവിടുത്തെ ഭാഷ ഒട്ടും സംസാരിക്കാൻ അറിയാത്ത, മറ്റുള്ളവരെക്കൊണ്ട് ശബ്ദം ഡബ്ബ് ചെയ്യിക്കുന്ന ബോംബയിൽ നിന്നുള്ള ആളുകൾക്ക് പകരം, ഇവിടുത്തെ സ്ത്രീകൾക്ക് തന്നെ ദക്ഷിണേന്ത്യൻ സിനിമകളിൽ അവസരം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം പ്രവണതകളോട് എനിക്ക് വലിയ യോജിപ്പില്ലായിരുന്നു.

ചില പ്രത്യേക കാരണങ്ങളാൽ ഒരു പ്രത്യേക നടി തന്നെ ചെയ്യേണ്ട ഒരു വേഷമാണെങ്കിൽ എനിക്ക് അത് മനസിലാകും. എന്നാൽ ഇവിടെ ഭാഷയും എനിക്കൊരു വലിയ തടസമായി മാറി. ഒരു ഘട്ടത്തിൽ, എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല, എനിക്ക് ഏത് ഭാഷയിലും അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ ഏഴ് വ്യത്യസ്ത ഭാഷകളിൽ സിനിമകൾ ചെയ്തു.

എന്നാൽ, കേവലം ഡയലോഗുകൾ ഓർത്തു വെക്കുക എന്നത് മാത്രമാണോ അഭിനയം ?. ഡയലോ​ഗ് മറന്നുപോകുന്ന സാഹചര്യത്തിൽ, ആ സന്ദർഭത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ, ആദ്യം ആ ഭാഷ അറിഞ്ഞിരിക്കണം. എനിക്ക് ആ ഭാഷകൾ അറിയില്ലായിരുന്നതു കൊണ്ട്, ആ സിനിമകളോട് പൂർണമായും നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.

പത്തു വർഷം മുൻപാണ് ഞാൻ അവസാനമായി ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ചത്. അന്നവിടെ കാര്യങ്ങൾ കുറച്ചുകൂടി അനൗപചാരികമായിരുന്നു എന്നാണ് എന്റെ ഓർമ. പല കാര്യങ്ങളും സൗഹൃദത്തിന്റെ പുറത്താണ് നടന്നിരുന്നത്. അവർ വളരെ സോഫ്റ്റായിട്ടുള്ള വളരെ കരുണയുള്ള ആളുകളാണ്. 'നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്' എന്ന് അവരെന്നോട് പറയുമായിരുന്നു.

സ്വന്തം സഹോദരിയെപ്പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. അതിനർത്ഥം എനിക്ക് ചില കാര്യങ്ങൾ അവരോടുള്ള കടമയുടെ പേരിൽ ചെയ്യേണ്ടി വരും എന്നാണ്. അതൊരു പ്രശ്നമായി മാറിയേക്കാം. എങ്കിലും, അവരുടെ അടുത്ത് ചെന്ന് നിന്ന് സംസാരിക്കാൻ കഴിയുക എന്നത് നല്ലൊരു കാര്യമായിരുന്നു".- രാധിക ആപ്തെ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Radhika Apte slams South Indian Cinema industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി