കൊച്ചി: അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ടിനി ടോമിന്റെ ആരോപണം വ്യാജ പ്രചാരണമാണെന്ന് പൊലീസിന് മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകൻ ശ്രീ കൈലാസ്. കടവന്ത്ര പൊലീസിനാണ് ശ്രീ കൈലാസ് മൊഴി നൽകിയിരിക്കുന്നത്. അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീ കൈലാസ് മൊഴി നൽകിയിരിക്കുന്നത്.
രാജീവ് കുടപ്പനക്കുന്നിനെയും ശ്രീകൈലാസിനെയും മതം മാറ്റാൻ താൻ ശ്രമിച്ചുവെന്ന് ടിനി ടോം വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്നായിരുന്നു അൻസിബയുടെ പരാതി. ഈ പരാതിയിലാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മുൻപ് അൻസിബയുടെ മൊഴിയും പൊലീസ് എടുത്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിരുന്നു. നീന കുറുപ്പിന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു.
അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സംഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഇതിലാണ് നീന കുറുപ്പിന്‍റെ മൊഴി പൊലീസ് എടുത്തിരിക്കുന്നത്.
ജൂണ്‍ ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates