Ilaiyaraaja, Rajinikanth വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അരക്കുപ്പി ബിയർ കുടിച്ചിട്ട് എന്തൊരു ഡാൻസ് ആയിരുന്നു, അയ്യയ്യയ്യോ...'! ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഒരിക്കല്‍ നമ്മള്‍ മദ്യപിച്ചപ്പോള്‍ താങ്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഡെസ്ക്

സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ വച്ച് ഇളയരാജയെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു. തമിഴ് നടൻമാരായ രജനികാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ വച്ച് ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ സംഭവം ഓർത്തെടുക്കുകയാണ് നടൻ രജനികാന്ത്.

ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകൻ മഹേന്ദ്രനും രജനികാന്തും ഇളയരാജയും ചേർന്ന് മദ്യപിച്ചപ്പോഴുണ്ടായ സംഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇളയരാജ പറഞ്ഞു തുടങ്ങിയ സംഭവം രജനികാന്ത് ഇടപെട്ട് പൂർത്തിയാക്കുകയായിരുന്നു. പരിപാടിയുടെ രണ്ടു ദിവസം മുൻപേ രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. പഴയതൊക്കെ താന്‍ പരിപാടിയില്‍ വെളിപ്പെടുത്തുമെന്ന് രജനികാന്ത് പറഞ്ഞു.

"ഒരിക്കല്‍ നമ്മള്‍ മദ്യപിച്ചപ്പോള്‍ താങ്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അരക്കുപ്പി ബിയര്‍ കഴിച്ച ഞാന്‍ അവിടെ നൃത്തം ചെയ്ത കാര്യമാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്', ഇളയരാജ പറഞ്ഞു. ഇളയരാജ പ്രസംഗം തുടരുന്നതിനിടെ രജനികാന്ത് മൈക്കിനടുത്തേക്ക് വന്നു.

ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവമെന്ന് രജനികാന്ത് ഓര്‍ത്തെടുത്തു. 'ഇളയരാജയേയും പാര്‍ട്ടിയിലേക്ക് വിളിക്കാമെന്ന് സംവിധായകന്‍ മഹേന്ദ്രന്‍ പറഞ്ഞു. അരക്കുപ്പി ബിയര്‍ കഴിച്ച ഇളയരാജ ചെയ്തതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. രാവിലെ മൂന്നു മണിവരെ അദ്ദേഹം അവിടെനിന്ന് ഡാൻസ് കളിച്ചു.

സിനിമയുടെ പാട്ടിനെക്കുറിച്ച് മഹേന്ദ്രന്‍ ചോദിക്കുമ്പോള്‍ അതൊക്കെ വിട് എന്ന് പറയും. എന്നിട്ട് നടിമാരെക്കുറിച്ച് ഗോസിപ്പ് പറയും", രജനികാന്ത് പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ ഇല്ലാത്ത കാര്യം കൂട്ടിച്ചേര്‍ത്തുവെന്നായിരുന്നു ഇളയരാജയുടെ മറുപടി.

ഇളയരാജ സംഗീതം നല്‍കിയ ഒരു പാട്ടെങ്കിലും ഉണ്ടെങ്കില്‍ സിനിമകള്‍ ഇന്നും ഹിറ്റായി മാറുമെന്ന് രജനികാന്ത് പറഞ്ഞു. തന്റെ ഒടുവിലിറങ്ങിയ 'കൂലി'യില്‍ ഇളയരാജയുടെ രണ്ടു പാട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. "എല്ലാവര്‍ക്കും ഒരുപോലെയാണ് ഇളയരാജ പാട്ടുകള്‍ ഉണ്ടാക്കുക എന്ന് പറയും. എന്നാല്‍ അത് സത്യമല്ല. കമലിന് എപ്പോഴും അദ്ദേഹം എന്തെങ്കിലും 'എക്‌സ്ട്രാ' നല്‍കും", കമല്‍ ഹാസനെ വേദിയിലിരുത്തി രജനികാന്ത് തമാശരൂപേണ പറഞ്ഞു.

"ഇളയരാജ സംഗീതലോകം അടക്കിവാഴുന്ന കാലത്ത് മറ്റൊരു സംഗീതസംവിധായകന്‍ രംഗപ്രവേശം ചെയ്തു. സിനിമക്കാര്‍ അദ്ദേഹത്തിന് പിന്നാലെ പോകാന്‍ തുടങ്ങി. ഇളയരാജയുടെ പാട്ടുകളിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിച്ച സംവിധായകരും നിര്‍മാതാക്കളും പോലും പുതിയ സംഗീതസംവിധായകനെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഞാനും അയാള്‍ക്കു പിന്നാലെ പോയി. എന്നാല്‍ അതൊന്നും ഇളയരാജയെ ഉലച്ചില്ല", രജനികാന്ത് പറഞ്ഞു.

"എല്ലാ ദിവസവും രാവിലെ 6.30-ന്, അദ്ദേഹം താമസിക്കുന്ന ടി നഗറില്‍നിന്ന് പ്രസാദ് സ്റ്റുഡിയോയിലേക്ക് ഒരു കാര്‍ പുറപ്പെടും. ആ ഹാര്‍മോണിയം സംഗീതം പൊഴിച്ചു കൊണ്ടേയിരുന്നു, റെക്കോര്‍ഡിങ്ങുകള്‍ തുടര്‍ന്നു. അതിനിടെ സഹോദരന്‍ ആര്‍ഡി ഭാസ്‌കര്‍ മരിച്ചു.

പ്രിയപത്‌നി ജീവ വിട പറഞ്ഞു. ആരുടെ സാന്നിധ്യം കൊണ്ടാണോ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നത്, ആ ഏക മകള്‍ ഭവതരിണിയും അന്തരിച്ചു. എന്നിട്ടും ആ കാര്‍ രാവിലെ 6.30-ന് ടി നഗറില്‍ നിന്ന് പുറപ്പെടുന്നത് ഒരിക്കലും നിലച്ചില്ല. ആ ഹാര്‍മോണിയം സംഗീതമുണ്ടാക്കുന്നതും നിര്‍ത്തിയില്ല", -രജനികാന്ത് പറഞ്ഞു.

Cinema News: Tamil Super Star Rajinikanth recollects when Ilaiyaraaja got so drunk with him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT