ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് റാണ ദഗുബാട്ടി. നടൻ എന്നതിനു പുറമേ ഇപ്പോൾ അവതാരകനും നിർമാതാവും കൂടിയാണ് റാണ. ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്തയാണ് റാണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കാന്തയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് റാണ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് റാണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ദുൽഖർ ഇല്ലാതെ കാന്ത ഒരിക്കലും സാധ്യമാകുമായിരുന്നില്ല എന്നാണ് റാണ പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. "രണ്ട് പതിറ്റാണ്ടുകളായി ഞാനും ദുൽഖറും സുഹൃത്തുക്കളാണ്. കാന്തയിലൂടെ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞത് അതിശയകരമായ ഒന്നായി തോന്നുന്നു. അത് സെൽവ കാരണമാണ്.
വളരെ സത്യസന്ധമായ ഒരു കഥ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞതു കൊണ്ടാണ്. 1950 കളിലെ സാഹചര്യങ്ങളെയും മനുഷ്യരെയും വളരെ മനോഹരമായി പകർത്തിയിരിക്കുന്ന ചിത്രമാണിത്. മാത്രവുമല്ല, ദുൽഖറില്ലാതെ ഈ സിനിമയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നേരത്തെ പറഞ്ഞതു പോലെ തന്നെ പറയുകയാണ്. ദുൽഖർ ഇല്ലായിരുന്നുവെങ്കിൽ ഇത് മറ്റാരായിരിക്കും ചെയ്യുക എന്ന് എനിക്കറിയില്ല".- റാണ പറഞ്ഞു.
തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറായ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 'കാന്ത' ഒരുക്കിയിരിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തമിഴിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസിനെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates