ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ ട്രെയ്‌ലർ പുറത്ത്. ഇന്ന് പുലർച്ചെ ബ്രഹ്മമുഹൂർത്തം 4.15ന് ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും 'രാമായണ' ഗംഭീരമാകുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
രാമനായി എത്തുന്ന രൺബീറിനേക്കാളും രാവണനായി എത്തുന്ന യഷിനാണ് കയ്യടി കിട്ടുന്നത്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമനസ് ആകും ചിത്രത്തിലേതെന്ന് ട്രെയ്‌ലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയ്‌ലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് 'രാമായണ' ഒരുങ്ങിയിരിക്കുന്നത്.
സീതയായി സായ് പല്ലവിയാണ് എത്തുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദർശനിലെ 'രാമായണ'ത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്.
ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിങും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. "രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്‍റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യ"മെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ: ആതിര ദിൽജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates