ബംഗളൂരു: കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവക്കോലത്തെ അധിക്ഷേപിച്ചുവെന്ന കേസിൽ നടൻ രൺവീർ സിങ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് രൺവീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. പൊതുജനങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തികൾ എന്ന നിലയിൽ അഭിനേതാക്കൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി നിർദേശിച്ചു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൺവീർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രൺവീർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ആത്മാർഥമല്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കുറ്റബോധം പ്രകടിപ്പിക്കാൻ നടൻ നേരിട്ട് എത്തേണ്ടത് അത്യാവശ്യമാണെന്നും പരാതിക്കാരന്റെ ഭാഗം വാദിച്ചു.
താരങ്ങൾക്ക് ജനങ്ങളിൽ വലിയ സ്വാധീനമുള്ളതിനാൽ അവർക്ക് തങ്ങൾ ചെയ്ത തെറ്റിൽ ഖേദമുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. കോടതിയിൽ മാപ്പ് പറയാമെന്നും ക്ഷേത്രം സന്ദർശിക്കാമെന്നും രൺവീറിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി.
കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 10 ലേക്ക് മാറ്റി. കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ വച്ചായിരുന്നു കാന്താരയിലെ ദൈവക്കോലത്തെ നടൻ അനുകരിച്ചത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates