കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണം നടത്തിയതിന് ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇപ്പോഴും തന്നെ മാറ്റി നിര്‍ത്തുന്നുവെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ആ വിഷയത്തില്‍ വാ തുറന്നതിന് ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തപ്പെട്ടുവെന്നും രഞ്ജു പറഞ്ഞു. മലയാളം ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''എനിക്കറിയാം നടി ആക്രമിച്ച വിഷയത്തില്‍ ഉത്തരം തരുമ്പോള്‍ എന്റെ കുഴി ഞാന്‍ തന്നെ സ്വയം വെട്ടുകയാണെന്ന്. എന്നെ മാറ്റി നിര്‍ത്തപ്പെട്ട ഇടങ്ങള്‍ ചെറുതല്ല. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അത് ഞാന്‍ വകവെക്കുന്നില്ല. ഒരു പെണ്‍കുട്ടി അനുഭവിച്ച വേദനയാണ് അവളെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. പല രാത്രികളിലും അവള്‍ക്ക് ചെല്ലുന്ന അവസാനത്തെ കോള്‍ എന്റേതാണ്. പല സമയത്തും ആത്മഹത്യയുടെ തുമ്പത്തു നിന്നും അവളെ വലിച്ചിട്ടിട്ടുണ്ട്. നിനക്ക് നീതി കിട്ടുമോ കിട്ടത്തില്ലയോ എന്നുള്ളതല്ല വിഷയം, നിനക്ക് നീതി കിട്ടിക്കഴിഞ്ഞു എന്നാണ് അവളോട് പറയാറ്. ജനങ്ങളുടെ മനസില്‍, ദൈവത്തിന്റെ നീതിന്യായ കോടതിയില്‍ അവള്‍ക്ക് നീതി കിട്ടിക്കഴിഞ്ഞു. പക്ഷേ, എന്തും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന ഒരു നിയമ വ്യവസ്ഥ നമ്മുടെ ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളം നീതി കിട്ടുമോ എന്ന് എനിക്കറിയില്ല. എന്റെ കര്‍മം ഞാന്‍ നടപ്പിലാക്കി കഴിഞ്ഞു. ദൈവം വിളിക്കുന്ന സമയത്ത് പോകേണ്ട ആളാണ്. അതിനെ എതിര്‍ക്കാന്‍ ഞാന്‍ ആളല്ല. വിധി എന്തായാലും അതിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുക എന്നുള്ളതാണ്. ഇന്നലെ കൂടി ഞാനവളുമായി സംസാരിച്ചു. പലരും പറയുന്നുണ്ട്, സാമ്പത്തിക ലാഭം നോക്കി വൈറലാവാന്‍ നോക്കുന്നതാണെന്ന്. ഈ ഒരു സംഭവത്തിന് ശേഷം എത്രയോ മേക്കപ്പുകള്‍ ആ നടിക്ക് ചെയ്ത ആളാണ് ഞാന്‍ ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും ഞാന്‍ മേക്കപ്പ് ചെയ്യാറില്ല. ആ സമയത്ത് എന്നെ സഹായിച്ചത് മംമത മോഹന്‍ ദാസാണ്.
ജനങ്ങള്‍ എപ്പോഴും കാണുന്നത് എനിക്കെന്തോ കിട്ടുമെന്നാണ്. പക്ഷേ, എനിക്കൊന്നും കിട്ടുന്നില്ല. ഞാനിപ്പോഴും പഴയ ആളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഡിസംബര്‍ എട്ടാം തിയതി വിധി വരുന്നത് ഞാനും വെയിറ്റ് ചെയ്യുകയാണ്. എന്ത് വന്നാലും അതിന്റേതായ അര്‍ഥത്തില്‍ സ്വീകരിക്കുക എന്നുള്ളതാണ്. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും അവളോട് പറഞ്ഞതിങ്ങനെയാണ്, നിനക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. നീ എന്താണെന്ന് നിനക്ക് നൂറ് ശതമാനം അറിയാം. നീ ഒരു സര്‍ട്ടിഫിക്കറ്റും സ്വീകരിക്കാനായി നില്‍ക്കണ്ട. നിന്റെ ജീവിതം നീ തെരഞ്ഞെടുത്തതാണ്. നിന്റെ ജീവിതം നീ ജിവിക്കൂ എന്നാണ് അവളോട് പറഞ്ഞത്.
നിനക്ക് മേക്കപ്പ് ചെയ്യാന്‍ കൈ ഉണ്ടെങ്കിലല്ലേ എന്ന് ചോദിച്ചവരുണ്ട്. എന്നെ ഭീഷണിപ്പെടുത്തിയവര്‍ക്ക് എന്റെ അഡ്രസ് അയച്ചു കൊടുക്കുകയാണ് ചെയ്തത്. വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഒരിക്കലും കേസിലെ പ്രതിയും നടനും തമ്മിലിരുന്ന് ചായ കുടിക്കുന്നത് കണ്ടെന്നോ, വീട്ടില്‍ അന്തിയുറങ്ങുന്നത് കണ്ടെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. 2013ല്‍ അമ്മയുടെ ഷോ നടക്കുന്ന സമയത്ത് അവിടെ നടക്കുന്ന സംഭവങ്ങളില്‍ ദൃക്‌സാക്ഷിയായിട്ടുള്ള ആളാണ് ഞാന്‍. അത് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഇദ്ദേഹമാണ് ഇത് ചെയ്തത് എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രഞ്ജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates