ഓസ്‌കർ വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ നടൻ വിൽ സ്മിത്ത് സ്‌റ്റേജിൽ കയറി മുഖത്തടിച്ച സംഭവം ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. നടനെ പിന്തുണച്ചും എതിർത്തും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. വിൽ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ തല മുണ്ഡനം ചെയ്തതിനെ പരാമർശിച്ച് കൊമേഡിയൻ കൂടിയായ ക്രിസ് റോക്കിന്റെ 'തമാശ'യാണ് ഓസ്‌കർ വേദിയെ ഞെട്ടിച്ച രംഗത്തിന് വഴിവച്ചത്. ജേഡ് രോഗം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന കാര്യം റോക്ക് പരിഗണിച്ചേയില്ല. വിൽ സ്മിത്ത് നേരെ വേദിയിലേക്കു നടന്നു ചെന്ന് ക്രിസ് റോക്കിനെ തല്ലി.
ടെന്നീസ് താരങ്ങളായ വീനസ് വില്യംസിനും സെറീന വില്യംസിന്റെയും പിതാവ് റിച്ചാർഡ് വില്യംസിനെ കാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചാണ് വിൽ സ്മിത്ത് ഇക്കുറി ഓസ്കറിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്. എന്നാൽ പുരസ്കാര ദാന വേദിയിലെ നടന്റെ പ്രകടനത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് റിച്ചാർഡ് വില്യംസ്. വിൽ സ്മിത്ത് ചെയ്ത പ്രവർത്തി ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു എന്ന് റിച്ചാർഡ് വില്യംസിന്റെ അഭിപ്രായം.
"എന്താണ് സംഭവിച്ചത് എന്നതിന്റെ എല്ലാ പൂർണ വിശദാംശങ്ങൾ ഞങ്ങൾക്ക് അറിയില്ല. പക്ഷേ, സ്വയരക്ഷയിലല്ലാതെ മറ്റാരെയെങ്കിലും തല്ലുന്നത് ഞങ്ങൾ ക്ഷമിക്കില്ല." എന്നായിരുന്നു റിച്ചാർഡിന്റെ പ്രതികരണം. മകൻ ലെസനെ വഴി എൻബിസി ന്യൂസിനോടാണ് റിച്ചാർഡ് വില്യംസ് പ്രതികരിച്ചത്. 'കിംഗ് റിച്ചാർഡ്' എന്ന സിനിമയിൽ റിച്ചാർഡ് വില്ല്യംസിനെ അവിസ്മരണീയമാക്കിയതിനായിരുന്നു വിൽ സ്മിത്ത് അവാർഡ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates