കൊച്ചി: താരസംഘടനയായ അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. ആദ്യമായി നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നു. മെമ്മറി കാർഡ് വിവാദത്തിൽ കുറെ അന്വേഷണം ആയല്ലോയെന്നും റിമ കല്ലിങ്കൽ പറഞ്ഞു. "അമ്മയിൽ വനിത നേതൃത്വം വന്നതിനെ നല്ല രീതിയിൽ തന്നെയാണ് കാണുന്നത്. ആദ്യമായിട്ടല്ലേ, ആദ്യമായിട്ട് ഒരുപാട് നല്ല കാര്യങ്ങൾ നടക്കുകയാണല്ലോ.
ഞാനതിനെ സ്വാഗതം ചെയ്യുന്നു, എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. മെമ്മറി കാർഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. കുറേ അന്വേഷണങ്ങളായല്ലോ, എല്ലാം നടക്കട്ടെ".- റിമ കല്ലിങ്കൽ പറഞ്ഞു. അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റെ ശ്വേത മേനോൻ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തോട് രൂക്ഷമായാണ് റിമ പ്രതികരിച്ചത്.
"ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആർട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ജീവിതത്തിൽ ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ".- റിമ പറഞ്ഞു.
ഏറെ വിവാദങ്ങൾക്കിടെയാണ് അമ്മ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. അതേസമയം മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞിരുന്നു.
ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates