കാന്താര ചാപ്റ്റർ 1 ചിത്രീകരണ സമയത്തെ അപകടങ്ങളും മരണങ്ങളുമെല്ലാം സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരുന്നു. സിനിമയുടെ ഭാഗമായ മലയാളികളും ഷൂട്ടിങ് സമയത്ത് മരിച്ചിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തിയ നടൻ രാകേഷ് പൂജാരിയും ചിത്രീകരണത്തിന് പിന്നാലെ വിട പറഞ്ഞു.
രാകേഷിനെക്കുറിച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. "രാകേഷ് പൂജാരിയുടെ നഷ്ടം വളരെ വലുതാണ്, സിനിമയിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കെന്റെ സഹോദരനെപ്പോലെയായിരുന്നു.
എന്റെ കൂടെ കുറേ ദിവസം ഉണ്ടായിരുന്നു. റിഹേഴ്സലിന്റെ സമയം മുതൽ അദ്ദേഹം സിനിമയോട് വളരെയധികം കമ്മിറ്റ്മെന്റ് പുലർത്തിയിരുന്നു. ഇത്രയധികം പോസിറ്റീവായി ഇരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടേയില്ല. നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കുമെന്ന് കേട്ടിട്ടില്ലേ, അതാണ് സംഭവിച്ചത്.
അദ്ദേഹത്തിന്റെ വേർപാട് എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല ഇപ്പോഴും. അദ്ദേഹത്തോടൊപ്പം വേറെ ചില സിനിമകൾ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. അദ്ദേഹം വളരെ മികച്ച ഒരു കലാകാരനായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ വൈകാരികമായി ബാധിച്ചു".- ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താര ചാപ്റ്റർ 1 ന്റെ ഷൂട്ടിങ് പൂർത്തിയാക്കി 15-20 ദിവസങ്ങൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി രാകേഷ് പൂജാരിയുടെ വിയോഗ വാർത്തയെത്തുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ ചടങ്ങിൽ പങ്കെടുക്കവേ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് രാകേഷ് മരിച്ചത്.
അതേസമയം കാന്താരയിലെ രാകേഷിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. കർണാടക ഉഡുപ്പി സ്വദേശിയാണ് രാകേഷ്. ‘കാന്താര’യ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പൊലീസ് എന്നീ തുളു ചിത്രങ്ങളിലും പൂജാരി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ രാകേഷ് കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവ് കൂടിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates