ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഓം. ചിത്രത്തിലെ മമ്മൂട്ടിയുടെ കോടതി രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഈ രംഗത്തിന്റെ പിറവിയെക്കുറിച്ച് പറയുകയാണ് റോബര്‍ട്ട് കുര്യാക്കോസ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അധ്യക്ഷനാണ് റോബര്‍ട്ട്. ഓമിലെ കോടതി രംഗം ചിത്രീകരിക്കുന്നത് കണ്ടതിന്റെ ഓര്‍മ പങ്കുവെക്കുകയാണ് റോബര്‍ട്ട്. ആ വാക്കുകളിലേക്ക്:
'സാര്‍, ഉങ്ങളാല ഇന്നും മുടിയും സാര്‍. പെരിയ പെരിയ എക്‌സ്പ്രഷന്‍സെല്ലാം ഉങ്കകിട്ട ഇരുന്ത് വരും സാര്‍. എനക്ക് അതുതാന്‍ വേണും സാര്‍.'' ഒരു പ്രവാസി ഓരോ വര്‍ഷവും നാട്ടിലേക്ക് വരുന്നത് ഓര്‍മകളെ തിരികെപ്പിടിക്കാനാണ്. പക്ഷേ തിരിച്ചുപോകുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ പുതിയൊരു ഓര്‍മ കൂടി കിട്ടുക എന്നത് അപൂര്‍വമായി സംഭവിക്കുന്ന അവസരമാണ്. ഇത്തവണ, എല്ലാ വര്‍ഷവുമെന്നപോലെ നാട്ടിലേക്ക് അവധിക്ക് വരുമ്പോള്‍ ഞാനും കുടുംബവും അറിഞ്ഞിരുന്നില്ല, എക്കാലത്തേക്കുമായി ഒരു മുഹൂര്‍ത്തം ഞങ്ങളെ കാത്തിരിക്കുന്നുവെന്ന്.
ഓരോ തവണ നാട്ടിലെത്തുമ്പോഴും പതിവായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മമ്മൂക്കയെ കുടുംബസമേതം സന്ദര്‍ശിക്കുക എന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് മറ്റ് ബന്ധുക്കളെ സന്ദര്‍ശിക്കുന്നതുപോലെ തന്നെയുള്ള ഒരു സന്തോഷവേളയാണ്. ഈ വര്‍ഷവും അത്തരമൊരു സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ മമ്മൂക്ക ചെന്നൈയിലായിരുന്നു. എനിക്കും പങ്കാളിക്കുമാകട്ടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അവധിദിനങ്ങള്‍ വളരെ കുറവായിരുന്നതാനും.
പതിവുസന്ദര്‍ശനത്തെക്കുറിച്ചും എന്റെ ധര്‍മസങ്കടത്തെക്കുറിച്ചും സംസാരിച്ചപ്പോള്‍ ചെന്നൈയിലേക്ക് വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പിന്നെ എനിക്ക് മറുത്തൊന്നും പറയാനാകില്ല. കാലങ്ങളായി അതാണ് ശീലം. അദ്ദേഹം അഭിനയിക്കുന്ന 'ഓം' എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടക്കുകയായിരുന്നു. പിറ്റേന്നത്തേക്കുള്ള മടക്കടിക്കറ്റും എടുത്താണ് ഞങ്ങള്‍ ചെന്നൈയില്‍ ലാന്‍ഡ് ചെയ്തത്. അപ്പോഴാണ് ജോര്‍ജേട്ടന്‍ പറയുന്നത്, അവിടെ ഒരു കോടതി രംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നതെന്ന്. ചെന്നൈയിലെ പഴയ ജനറല്‍ ആശുപത്രിയിലാണ് കോടതിയുടെ സെറ്റ് ഒരുക്കിയിരുന്നത്.
ഒരു നാലുമണിയാകുമ്പോള്‍ വന്നാല്‍ പോരേ? ഇവിടെ ഭയങ്കര ചൂടാണ്. കുട്ടികള്‍ക്കൊന്നും ഈ ചൂട് താങ്ങാന്‍ പറ്റില്ല. നാലുമണിയോടെ ഷൂട്ടിങ് കഴിയും. ?
ചിലപ്പോഴൊക്കെ കരുതലിന്റെ മറ്റൊരു മുഖമാണ് ജോര്‍ജേട്ടന്‍.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ രാവിലെ ചെന്നൈയിലെത്തി, ഹോട്ടലില്‍ പോയി ഫ്രഷായി, നാലുമണിയോടടുത്ത് ലൊക്കേഷനിലെത്തി.
ഞങ്ങള്‍ ചെല്ലുമ്പോള്‍ മമ്മൂക്ക അന്നത്തെ അവസാന ഷോട്ടിനായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളോട് വിശേഷങ്ങളൊക്കെ ചോദിച്ചശേഷം, ഞാന്‍ ഈ ഷോട്ട് കഴിഞ്ഞിട്ട് വരാം. എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം. എന്നു പറഞ്ഞ് അദ്ദേഹം കോടതിമുറിയുടെ സെറ്റിനുള്ളിലേക്ക് പോയി.
ജോര്‍ജേട്ടന്‍ ഞങ്ങളോട് പറഞ്ഞു, പിള്ളേര്‍ക്ക് ഷൂട്ടിങ് കാണണ്ടേ? മുകളിലേക്ക് വാ.
തമിഴ് സിനിമയുടെ സെറ്റാണ്. അവിടെയുള്ളവര്‍ക്കൊന്നും ഞങ്ങളെ ഒട്ടും പരിചയമുണ്ടാവില്ല. പൊതുവേ സിനിമാ സെറ്റുകളില്‍ നമ്മളെ ആരും അറിയണമെന്നില്ല. അതുകൊണ്ടുതന്നെ അകത്തേക്ക് കടത്തിവിടുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. അത് പറഞ്ഞപ്പോള്‍, നീ ലാലേഷിന്റെ കൂടെ നിന്നാല്‍ മതി എന്നു പറഞ്ഞ് ജോര്‍ജേട്ടന്‍ ഞങ്ങളെയും കൂട്ടി അകത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ കണ്ടത് ഒരു കോടതി രംഗത്തിന്റെ ചിത്രീകരണമാണ്. ധനുഷും സായ് പല്ലവിയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആ രംഗത്തിലുണ്ടായിരുന്നു. മമ്മൂക്കയുടെ എക്‌സ്പ്രഷനാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഷോട്ട് പൂര്‍ത്തിയായതോടെ സെറ്റില്‍ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു. സംവിധായകന്റെ അഭിനന്ദനവും പിന്നാലെ വന്നു. ധനുഷ് സൂപ്പര്‍! സായ് പല്ലവി സൂപ്പര്‍! ക്യാമറ സൂപ്പര്‍! മമ്മൂട്ടി സാര്‍ റൊമ്പ സൂപ്പര്‍! വീണ്ടും വലിയ കൈയടി.
ആ രംഗം കണ്ടുനിന്ന എനിക്ക് തോന്നിയത്, എത്ര ഗംഭീരമായ ഒരു ഷോട്ടാണ് ഇപ്പോള്‍ പൂര്‍ത്തിയായതെന്നാണ്. അവിടെ ഉണ്ടായിരുന്നവരെല്ലാം അത്രയധികം ആവേശത്തോടെയാണ് ആ പ്രകടനത്തെ സ്വീകരിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് മമ്മൂക്ക കാരവാനിലേക്ക് മടങ്ങി. ഞാന്‍ കോസ്റ്റ്യൂം മാറിയിട്ട് വരാം. എന്നിട്ട് നമുക്ക് സംസാരിക്കാം എന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം ഞാന്‍ കാരവാനിലേക്ക് കയറി. തൊട്ടുമുമ്പ് അഭിനയിച്ചുതീര്‍ത്ത രംഗത്തെക്കുറിച്ച് സംസാരിച്ചശേഷം കണ്ടിട്ട് എന്തുതോന്നി ? എന്നു മാത്രം ചോദിച്ചു. എത്രയോ വര്‍ഷങ്ങളായി സ്‌ക്രീനില്‍ ഈ മനുഷ്യന്‍ ചെയ്തുവച്ച എത്രയോ രംഗങ്ങള്‍ കണ്ടിരിക്കുന്നു. ആവേശത്തോടെ ആര്‍ത്തുവിളിച്ചിരിക്കുന്നു.
സ്‌ക്രീനിലല്ലാതെ കണ്ട ഒരു മമ്മൂക്കനിമിഷത്തെക്കുറിച്ച് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹത്തിനത് നിസാരമാണെങ്കിലും അതുകണ്ടുനില്‍ക്കുമ്പോള്‍ ഒരു ആരാധകന് കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാനാകില്ല. അതിന് ഒരാഴ്ച മുമ്പ് മമ്മൂക്ക പദ്മഭൂഷണ്‍ ഏറ്റുവാങ്ങുന്നത് രാഷ്ട്രപതിഭവനിലിരുന്ന് കണ്ടപ്പോള്‍ തോന്നിയ വികാരത്തോളം വരുമായിരുന്നു അതും. എങ്കിലും ? ഹാപ്പിയാണ് ? എന്നുമാത്രം പറഞ്ഞ് എന്റെ ആവേശത്തെ അടക്കിവച്ചു. ഞാന്‍ മമ്മൂക്കയുമായി സിനിമയല്ലാത്ത വിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി അവിടേക്ക് എത്തുന്നത്.
കാരവാന്റെ വാതിലില്‍ മുട്ടിയശേഷം അദ്ദേഹം സലാമിനോട് എന്തോ സ്വകാര്യമായി പറഞ്ഞു. സലാം അത് ജോര്‍ജേട്ടനോട് പറഞ്ഞു. അപ്പോഴാണ് കാര്യം മനസ്സിലായത്. നേരത്തേ ചിത്രീകരിച്ച ആ കോടതി രംഗം ഒരിക്കല്‍ക്കൂടി എടുക്കണമത്രേ! അത് കേട്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ മുഖത്തൊക്കെ ഒരു ആശങ്ക പ്രകടമായതുപോലെ എനിക്ക് തോന്നി. മമ്മൂക്ക എങ്ങനെ പ്രതികരിക്കും? എനിക്കും അതേ സംശയമായിരുന്നു. ഇത്രയും വലിയ കൈയടി ലഭിച്ച, എല്ലാവരും ഒരുപോലെ അഭിനന്ദിച്ച ഒരു രംഗം വീണ്ടും ചിത്രീകരിക്കേണ്ട ആവശ്യമെന്താണ്? മമ്മൂക്ക സംവിധായകനോട് ചോദിച്ചു: നമ്മള്‍ എടുത്ത സീന്‍ നന്നായിരുന്നില്ലേ? എല്ലാവരും ഹാപ്പിയായിരുന്നില്ലേ? പിന്നെ എന്തുപറ്റി? ?
സംവിധായകന്റെ മറുപടി ഇതായിരുന്നു: സാര്‍, ഉങ്ങളാല ഇനിയും മുടിയും സാര്‍. പെരിയ പെരിയ എക്‌സ്പ്രഷന്‍സെല്ലാം ഉങ്കകിട്ടേ ഇരുന്ത് വരും സാര്‍. എനക്ക് അതുതാന്‍ വേണം സാര്‍. അത്രമാത്രം! ഒറ്റനിമിഷം! യാതൊരു അസ്വസ്ഥതയുമില്ലാതെ, ഒരു പരാതിയും പറയാതെ മമ്മൂക്ക വീണ്ടും മേക്കപ്പ് ചെയ്യാന്‍ തയ്യാറായി. ആ മനുഷ്യന്റെ ക്ഷമയും അര്‍പ്പണബോധവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ നേരിട്ട് കാണുകയായിരുന്നു. ഒരു എക്‌സ്പ്രഷനുവേണ്ടി ഇത്രയും വലിയ അധ്വാനം വീണ്ടും നടത്തണോ എന്നായിരുന്നു എന്റെ മനസ്സിലെ ചോദ്യം. എന്തായാലും ഞങ്ങളുടെ സന്ദര്‍ശനത്തിനായി കരുതിയിരുന്ന സമയം അതോടെ നഷ്ടമായി. ആ രംഗം വീണ്ടും ചിത്രീകരിച്ച് മമ്മൂക്ക മടങ്ങിയെത്തുമ്പോഴേക്കും രാത്രി ഒമ്പതുമണിയായിരുന്നു.
പിറ്റേന്ന് രാവിലെ എനിക്ക് മടക്കവിമാനമായിരുന്നു. കുടുംബത്തോടൊപ്പം മമ്മൂക്കയുടെ ഒരു ഫോട്ടോ കൂടി എടുക്കണമെന്ന ആഗ്രഹവും ബാക്കിയുണ്ടായിരുന്നു.
മമ്മൂക്ക തന്നെ ആ കാര്യം ഓര്‍ത്തു. ഇവര്‍ക്ക് ഫോട്ടോ എടുക്കണ്ടേ? നാളെ പകല്‍ നീ വീട്ടിലേക്ക് വാ. ഞാന്‍ പറഞ്ഞു: മമ്മൂക്കാ, നാളെ രാവിലെ എനിക്ക് മടങ്ങണം. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നാല്‍ ശരി, നമുക്ക് ഇവിടെ ലൈറ്റ് അറേഞ്ച് ചെയ്യാം. അങ്ങനെ അവിടെത്തന്നെ ലൈറ്റുകള്‍ ക്രമീകരിച്ച് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളെല്ലാം എടുത്തു. എന്നാല്‍ അപ്പോഴും എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. എന്തിനാണ് ആ സംവിധായകന്‍ ഇത്രയും മികച്ചതായി ചിത്രീകരിച്ച ഒരു രംഗം വീണ്ടും എടുക്കാന്‍ ആവശ്യപ്പെട്ടത്? മമ്മൂക്ക അത്രയും ഗംഭീരമായി അഭിനയിച്ചുവെന്ന് അവിടെ കൂടിയിരുന്നവരെല്ലാം കൈയടിച്ച് സാക്ഷ്യപ്പെടുത്തിയതല്ലേ?
എന്നിട്ടും സംവിധായകന്‍ ഉറച്ചു നിന്നു. ആ സംവിധായകന്‍ എന്താണ് ആ രംഗത്തില്‍ കണ്ടത്? എന്താണ് അദ്ദേഹത്തിന് ഇനിയും വേണ്ടിയിരുന്നത്? അന്നെനിക്ക് അതിനുള്ള ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷേ ഇന്ന്, ആ സിനിമ നൂറുകോടി എന്ന ചരിത്രനേട്ടം പിന്നിടുന്ന ഈ ദിവസം, എനിക്ക് ആ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, 'ഒ.എം' എന്ന ആ സിനിമയിലെ മറ്റ് മാസ് രംഗങ്ങളെക്കാളൊക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തത് ആ ഒരൊറ്റ കോടതി രംഗത്തിനായിരുന്നു! അന്ന് സെറ്റില്‍ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചിട്ടും തൃപ്തനാകാതെ, അതിലും മികച്ച പ്രകടനം മമ്മൂക്കയില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ആ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ ദീര്‍ഘവീക്ഷണം ഇന്ന് എനിക്ക് മനസ്സിലാകുന്നു.
അതുപോലെ, ഇത്രയും വര്‍ഷത്തെ അഭിനയപരിചയവും മഹത്തായ നേട്ടങ്ങളും സ്വന്തമായുള്ള ഒരു നടന്‍, ഒരു യുവസംവിധായകന്റെ നിര്‍ദേശത്തെ എത്ര വിനയത്തോടെയും അര്‍പ്പണബോധത്തോടെയുമാണ് സ്വീകരിച്ചതെന്നും ഞാന്‍ അദ്ഭുതത്തോടെ ഓര്‍ക്കുന്നു.
ഒരു സംവിധായകന്റെ ആത്മവിശ്വാസവും ഒരു മഹാനടന്റെ അര്‍പ്പണബോധവും ഒന്നിച്ചപ്പോള്‍ പിറന്ന ആ രംഗത്തിന് ഇന്ന് ലോകം മുഴുവന്‍ കൈയടിക്കുകയാണ്. അന്ന് എനിക്ക് മനസ്സിലാകാതിരുന്ന ആ തീരുമാനത്തിന്റെ വില ഇന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ തിരിച്ചറിയുന്നു.
'ഒ.എം' സിനിമ ഒരു ചരിത്രമായി മാറുമ്പോള്‍, അതിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട രംഗങ്ങളിലൊന്നിന്റെ പിറവിക്ക് ഞാനും എന്റെ കുടുംബവും സാക്ഷികളായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.
ഒരു രംഗം വീണ്ടും അഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അതിനെ തന്റെ കഴിവിലുള്ള സംശയമായി കാണാതെ, കൂടുതല്‍ മികച്ചതാക്കാനുള്ള അവസരമായി സ്വീകരിച്ച ആ സമീപനമുണ്ടല്ലോ....
അതാണ് മമ്മൂട്ടി...
അതുമാത്രമാണ് മമ്മൂട്ടി!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates