Robo Shankar ഫെയ്സ്ബുക്ക്
Entertainment

മിസ്റ്റര്‍ മധുര, റോബോട്ടായി ഡാന്‍സ് ചെയ്ത് റോബോ ശങ്കറായി; മദ്യം തകര്‍ത്ത ആരോഗ്യവും ജീവിതവും; നടന് സംഭവിച്ചത്!

ധനുഷിനെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരയുന്ന മകള്‍

സമകാലിക മലയാളം ഡെസ്ക്

റോബോ ശങ്കറിന്റെ മരണത്തിന്റെ വേദനയിലാണ് തമിഴ് സിനിമാ ലോകം. ഒരുപാട് ചിരിപ്പിച്ചിട്ടുള്ളൊരാള്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ തമിഴകത്തിന്റെ ഉള്ളുലയുകയാണ്. പ്രിയപ്പെട്ട സഹതാരത്തെ കാണാനായി തമിഴ് സിനിമാ ലോകത്തു നിന്നും പ്രമുഖരെല്ലാം ഓടിയെത്തി. കമല്‍ഹാസന്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ശങ്കറിനെ അവസാനമായി കാണാനെത്തി. വിജയ്, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രിയപ്പെട്ടവനെ ഓര്‍ത്തു.

സ്‌റ്റേജുകളിലൂടെയാണ് റോബോ ശങ്കര്‍ കരിയര്‍ ആരംഭിക്കുന്നത്. കലയിലേക്ക് കടക്കും മുമ്പ് ബോഡി ബില്‍ഡിങിലായിരുന്ന തിളങ്ങിയിരുന്നത്. മിസ്റ്റര്‍ മധുര കിരീടവും ഇക്കാലത്ത് ശങ്കറിനെ തേടിയെത്തിയിരുന്നു. കൊമേഡിയനായും മിമിക്രിതാരവുമൊക്കെയായാണ് സ്‌റ്റേജുകള്‍ കീഴടക്കുന്നത്. റോബോട്ടായി നൃത്തം ചെയ്ത് കയ്യടി നേടിയതോടെ റോബോ ശങ്കര്‍ ആയി. ആ പേര് പിന്നീടൊരിക്കലും ശങ്കറിനെ വിട്ടു പോയില്ല. മിമിക്രി വേദികളില്‍ പല താരങ്ങളേയും അനുകരിച്ച് കയ്യടി നേടുന്ന, തമാശകള്‍ പറഞ്ഞ ചിരിപ്പിച്ചിരുന്ന ശങ്കറിനെ പലരും ഇന്നും ഓർക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പതിയെ പതിയെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലേക്ക് എത്തി. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച ഇദര്‍കുത്താനെ ആസൈപട്ടൈ ബാലകുമാര എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് വായ് മൂടി പേസവും, മാരി, പാ പാണ്ടി, വേലൈക്കാരന്‍, വിശ്വാസം, ഇരുമ്പു തിരൈ തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി. മാരിയിലെ റോബോ ശങ്കര്‍-ധനുഷ് കൂട്ടുകെട്ട് ഏറെ ആഘോഷിക്കപ്പെട്ടതാണ്.

വേദിയായാലും സിനിമയായാലും കാഴ്ചക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും റോബോ ശങ്കറിന് സാധിച്ചിരുന്നു. പണവും പ്രശസ്തിയുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ പതിയെ കാര്‍ന്നെടുക്കാന്‍ തുടങ്ങി. താന്‍ മദ്യത്തിന് കടുത്ത അടിമയായിരുന്നുവെന്ന് മുമ്പൊരിക്കല്‍ റോബോ ശങ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 60 മുതല്‍ 60000 രൂപ വരെ വിലയുള്ള മദ്യം താന്‍ കുടിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മദ്യപാനം കരളിനെ സാരമായി ബാധിച്ചു. ഇതോടെ മദ്യപാനം നിര്‍ത്തി. എങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല.

ഒരിടയ്ക്ക് 120 കിലോയോളം ഭാരമുണ്ടായിരുന്ന റോബോ ശങ്കറിനെ പോയ വര്‍ഷം കണ്ടവരെല്ലാം ഞെട്ടിപ്പോയിട്ടുണ്ടാകും. തന്റെ വലിയ ഫ്രെയ്മില്‍ നിന്നും നന്നേ മെലിഞ്ഞൊരു രൂപമായി മാറുകയായിരുന്നു റോബോ ശങ്കര്‍. ഇതിനിടെയാണ് താരത്തെ തേടി മഞ്ഞപ്പിത്തമെത്തുന്നത്. കഴിഞ്ഞ കുറേകാലമായി മഞ്ഞപ്പിത്തത്തിന് ചികിത്സ നടത്തി വരികയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് റോബോ ശങ്കറിനെ തേടി മരണമെത്തുന്നത്.

ഗോഡ്‌സില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് റോബോ ശങ്കര്‍ കുഴഞ്ഞുവീഴുന്നത്. രക്തം ഛര്‍ദ്ദിച്ച താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതും ദഹനനാളത്തിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

റോബോ ശങ്കറിന്റെ ഭാര്യ പ്രിയങ്ക ടെലിവിഷന്‍ താരമാണ്. മകള്‍ ഇന്ദ്രജയും അഭിനേത്രിയാണ്. വിജയ് ചിത്രം ബിഗിലിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോബോ ശങ്കറിനെ കാണാനെത്തിയ ധനുഷിനെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരയുന്ന മകള്‍ ഒരിക്കലും മായാത്തൊരു ഓര്‍മയായി തുടരും.

Robo Shankar was once Mr Madhurai. Lost his career and life to acoholism related health issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

SCROLL FOR NEXT