മലയാളികളെ വികലമായി ചിത്രീകരിച്ചതിന്റെ പേരില്‍ എയറില്‍ കയറിയ ചിത്രമാണ് പരം സുന്ദരി. ജാന്‍വി കപൂര്‍ നായികയായ ചിത്രത്തിലെ മലയാളികളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളും ജാന്‍വിയുടെ മലയാളഭാഷയുമൊക്കെ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞതോടെ ജാന്‍വിയുടെ തേക്കപ്പെട്ട സുന്ദരി ഒരു മീം കഥാപാത്രമായി മാറുകയായിരുന്നു.
എന്നാല്‍ ജാന്‍വിയ്ക്ക് കേരളത്തോടും മലയാള സിനിമയോടുമൊക്കെ അതിയായ ബഹുമാനമാണെന്നാണ് നടന്‍ റോഷന്‍ മാത്യു പറയുന്നത്. ജാന്‍വിയ്‌ക്കൊപ്പം ഉലജ് എന്ന ചിത്രത്തില്‍ റോഷന്‍ അഭിനയിച്ചിരുന്നു. ഈ സമയത്തെ ജാന്‍വിയുടെ സമീപനത്തെക്കുറിച്ച് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ സംസാരിച്ചത്.
''ഭയങ്കര ഡെഡിക്കേറ്റഡ് ആയി കഠിനാധ്വാനം ചെയ്യുന്ന നടിയാണ്. ആത്മാര്‍ത്ഥമായി തന്നെ മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട് അവര്‍. മലയാള സിനിമയോടും മലയാളത്തില്‍ നിന്നും വരുന്നവരോടും വളരെയധികം ബഹുമാനമുണ്ട്. നമ്മുടെ സിനിമകളൊക്കെ വേറെ ലെവല്‍ ആണെന്ന രീതിയില്‍ കാണുന്നയാളാണ്. നമ്മള്‍ ചെയ്യുന്ന വര്‍ക്കൊക്കെ സസൂക്ഷ്മം പിന്തുടരും. പരം സുന്ദരി മലയാളം പിടിച്ചത് പാളിപ്പോയെങ്കിലും മൊത്തത്തില്‍ മലയാള സിനിമയോടും ഇവിടെയുള്ള ആളുകളോടും ബഹുമാനമുണ്ട്. ഇവിടുത്തെ പരിപാടികളൊക്കെ കണ്ട് പ്രചോദനം ഉള്‍ക്കൊള്ളാറുണ്ട്'' എന്നാണ് റോഷന്‍ ജാന്‍വിയെക്കുറിച്ച് പറയുന്നത്.
പരം സുന്ദരി കണ്ടിട്ട് മെസേജ് അയച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു റോഷന്റെ മറുപടി. അതേസമയം, ഷൂട്ടിന് ഇടയില്‍ വച്ച് കണ്ടപ്പോള്‍ ഷൂട്ട് നടക്കുകയാണെന്നും ഡയലോഗ് കോച്ചുണ്ടാകുമെന്നും പറഞ്ഞിരുന്നുവെന്നും താരം ഓര്‍ക്കുന്നു.
''ഡയലോഗ് കോച്ച് എന്ന് പറയുമ്പോള്‍ മലയാളി ആയിരിക്കുമല്ലോ, അതിനാല്‍ സെറ്റാകും എന്നാണ് ഞാന്‍ കരുതിയത്. കുറേയൊക്കെ എഴുത്തിലുള്ള പ്രശ്‌നമാണ്. അവസാന നിമിഷം ഇതിലേക്ക് കയറി വരുന്ന അഭിനേതാക്കള്‍ വിചാരിച്ചാല്‍ മാത്രം ശരിയാകില്ല. അവരുടെ ഭാഗത്തു നിന്നും എഫേര്‍ട്ടിടണം എന്നത് സത്യമാണ്. അവിടുത്തെ പ്രേക്ഷകര്‍ക്ക് ഇതൊക്കെ മതിയാകും എന്ന് തോന്നുന്നു. മലയാളം എന്തെന്ന് അറിയാത്ത, ശബ്ദം പോലും കേട്ടിട്ടില്ലാത്തവര്‍ക്ക് എന്ത് മനസിലാകാനാണ്'' എന്നും റോഷന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates