മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് നടൻ ഇ എ രാജേന്ദ്രന്റെ മടക്കം. നാടക നടനായിട്ടായിരുന്നു രാജേന്ദ്രൻ അഭിനയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
സിനിമയ്ക്കും നാടകത്തിനും പുറമേ ടെലിവിഷൻ പരമ്പരകളിലും രാജേന്ദ്രൻ തിളങ്ങി. എത്രയോ അവസരങ്ങളിൽ അർഹമായ പല നേട്ടങ്ങളും കൈവിരലിൽ സ്പർശിക്കാതെ കടന്നു പോകുമ്പോഴും നിശ്ശബ്ദനായി പുതിയതിനായി മനസ്സൊരുക്കം നടത്തുന്ന ആളാണ് രാജേന്ദ്രനെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സന്ധ്യ രാജേന്ദ്രൻ ഒരിക്കൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ഒരു പരിഭവവും ഇല്ലാതെ എന്നും സമാധാനത്തോടെ മുന്നോട്ടു നടക്കുന്നയാളാണെന്നും സന്ധ്യ കുറിപ്പിൽ പറയുന്നു. 2024 ൽ രാജേന്ദ്രന് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് സന്ധ്യ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. നടന്റെ വേർപാടിന് പിന്നാലെ സന്ധ്യയുടെ വാക്കുകൾ വീണ്ടും മലയാളികൾ ചർച്ചായാക്കുകയാണ്.
അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന രാജേന്ദ്രന്‍ വ്യാഴാഴ്ച പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്തരിച്ചത്. വി ആർ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രൻ സിനിമയിലെത്തിയത്.
കാവടിയാട്ടം എന്ന ചിത്രത്തിൽ പ്രധാനവില്ലനായി. ഇടക്കാലത്ത് അദ്ദേഹം സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. മകൻ ദിവ്യദർശനും സിനിമാ അഭിനേതാവാണ്.
സന്ധ്യ രാജേന്ദ്രന്റെ കുറിപ്പ്
Happy Birthday ...
ഒരു പരിഭവവും ഇല്ലാതെ എന്നും സമാധാനത്തോടെ മുന്നോട്ടു നടക്കുന്നയാൾ...
എത്രയോ അവസരങ്ങളിൽ അർഹമായ പല നേട്ടങ്ങളും കൈവിരലിൽ സ്പർശിക്കാതെ കടന്നു പോകുമ്പോഴും നിശ്ശബ്ദനായി പുതിയതിനായി മനസ്സൊരുക്കം നടത്തുന്ന ആൾ...
എന്നും കൂടെ നിൽക്കുന്നവരെ സംരക്ഷിച്ചും സ്നേഹിച്ചും കൂടെ നിർത്തുന്ന ആൾ...കാളിദാസ കലാകേന്ദ്രത്തിനെ എന്നും പുതുമയോടെ അണിയിച്ചൊരുക്കി നിർത്തുന്ന ആൾ.'..
റെയിൻബോ, സതി, പ്രതിരൂപങ്ങൾ, അനുഭവങ്ങളേ നന്ദി, മാക്ബത്ത് ,രമണൻ, കരുണ, മായാ ദർപ്പൺ ,സുഗന്ധവ്യാപാരി ,അമ്മ, ചന്ദ്രികയ്ക്കും ഉണ്ടൊരു കഥ, പാവ വീട് ഇതാ,,, ഇപ്പോൾ ....അച്ഛൻ" .. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം ,, സംവിധാനമികവിൻ്റെ ചരിത്രം സമ്മാനങ്ങളൊന്നും ഇല്ലാതെ ഒരിക്കൽ ചരിത്രം പറയട്ടേ ..
ഇനിയും ഒരുപാട് നാടകങ്ങൾ അരങ്ങിലെത്താൻ താങ്കൾക്കു വേണ്ടി കാത്തിരിക്കുന്നു ...എല്ലാ ആശംസകളും എൻ്റെ നിശ്ശബ്ദനായ പോരാളിക്ക്...കാളിദാസ കലാകേന്ദ്രത്തിൻ്റെ ജന്മദിനാശംസകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates