കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ അട്ടിമറികളൊന്നും നടന്നില്ല. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനാ നേതൃത്വത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന സാന്ദ്ര തോമസ് പരാജയപ്പെട്ടു. ലിസ്റ്റിനും രാകേഷും നേൃത്വതം നല്‍കുന്ന പാനലിനാണ് വിജയം.
തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിര്‍മാതാവും നടനുമായ ജോളി ജോസഫിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തെരഞ്ഞെടുപ്പിന്റെ സമയമത്രയും പരസ്യമായി പോരടിച്ചിരുന്ന സാന്ദ്രയും ലിസ്റ്റിനും സൗഹൃദത്തോടെ സംസാരിച്ചതിനെക്കുറിച്ചാണ് ജോളി കുറിപ്പില്‍ പറയുന്നത്.
കീരിയും പാമ്പും പോലെ പോരാടിയ ലിസ്റ്റിനും സാന്ദ്രയ്ക്കുമടിയിലെ മഞ്ഞുരുകലാണ് താന്‍ ഇന്നലെ കണ്ട ഏറ്റവും പ്രിയപ്പെട്ട കാഴ്ചയെന്നാണ് ജോളി ജോസഫ് പറയുന്നത്. ചടങ്ങുകള്‍ക്കിടയില്‍ പത്ര ദൃശ്യ മാധ്യമങ്ങളുടെ മുന്‍പില്‍ അടുത്ത കൂട്ടുകാരെപ്പോലെ സൗഹൃദം ' പര്‍ദ്ദക്ക് ' വെളിയില്‍ പങ്കുവെച്ച് ചിരിച്ചുല്ലസിച്ച് അവര്‍ സംസാരിക്കുന്നുണ്ടായിരുന്നുവെന്നാണ് ജോളി പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ, ഞാന്‍ കൂടി അംഗമായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നലെ എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ നടന്നു . രാകേഷ്- ലിസ്റ്റിന്‍ നേതൃത്വത്തില്‍ പാനലുണ്ടാക്കിയതിനാല്‍ അവരുടെ കൂടെയുള്ളവരുടെ വിജയം സുനിശ്ചതമായിരുന്നു . പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും, മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണി, ഹംസ എംഎം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും, സുരേഷേട്ടന്‍ ( മേനക) സിയാദ് കോക്കര്‍ തുടങ്ങിയ 14 ആളുകള്‍ കൃത്യതയോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു .സുശക്തമായ ടീമിന്റെ കയ്യില്‍ സംഘടന സുരക്ഷിതമാണ്.
' ഒറ്റയാള്‍ ' പോരാട്ടങ്ങള്‍ നടത്തി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച സജി നന്ത്യാട്ടും സെക്രട്ടറി സ്ഥാനാര്‍ഥി വിനയന്‍ സര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ആനന്ദ് പയ്യന്നൂര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് തുടങ്ങിയവര്‍ തികച്ചും ജനാതിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല . എന്നിരുന്നാലും മത്സരിച്ച എല്ലാവരും അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു.
ഇന്നലെ നടന്ന ചടങ്ങുകള്‍ക്കിടയില്‍ എനിക്കേറ്റവും ഇഷ്ടപെട്ടത്, അവരവരുടെ നിലപാടിനും ആശയങ്ങള്‍ക്കും ബോധ്യത്തിനും വേണ്ടി ' കീരിയും പാമ്പും ' പോലെ അത്യാവശ്യം പോരാടി ഒരല്‍പം 'കാടു'കയറിയ ലിസ്റ്റിനും സാന്ദ്രയും തമ്മിലുള്ള 'മഞ്ഞുരുകലാണ് '.ചടങ്ങുകള്‍ക്കിടയില്‍ പത്ര ദൃശ്യ മാധ്യമങ്ങളുടെ മുന്‍പില്‍ അടുത്ത കൂട്ടുകാരെപ്പോലെ സൗഹൃദം ' പര്‍ദ്ദക്ക് ' വെളിയില്‍ പങ്കുവെച്ച് ചിരിച്ചുല്ലസിച്ച് അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു എന്നതില്‍ അതിയായ സന്തോഷം.
കുറച്ച് കാലങ്ങള്‍ക്ക് ശേഷം, ചങ്ക് ചെങ്ങായ് ബാബു ഷഹീറിന്റെ ( സൗബിന്‍ ഷഹീറിന്റെ പിതാവ് ) കൂടെ വന്ന പാച്ചിക്കയെ ( ഫാസില്‍ സര്‍ ) കണ്ടതിലും, ഞാന്‍ അഭിനയിച്ച ഡിക്യുവിന്റെ '100 ഡേയ്‌സ് ഓഫ് ലവ് ' എന്ന സിനിമയുടെ വിജയകുമാറിനെ കണ്ടതിലും വിശേഷങ്ങള്‍ പങ്കുവെച്ചതിലും പെരുത്ത് സന്തോഷം. മലയാളികള്‍ക്ക് സുപരിചതരായ മേനക സുരേഷേട്ടനും ലിബര്‍ട്ടി ബഷീര്‍ക്കയും രജപുത്ര രഞ്ജിത്തും കിരീടം ഉണ്ണിച്ചേട്ടനും വിനയന്‍ സാറും , ആശയങ്ങള്‍ക്കായി പോരാടുന്ന മറ്റു പ്രമുഖരും ഒരേ വേദിയില്‍ പഴയകാല നിര്‍മാതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ഒരുമിച്ച് നിന്നത് ഭംഗിയായി, അതിഗംഭീരമായി.
അധ്യക്ഷനായി ജനറല്‍ ബോഡി മീറ്റിംഗ് നിയന്ത്രിച്ച ആന്റോ ജോസഫ് , വര്‍ഷങ്ങളോളം സത്യസന്ധതയോടെ അഹോരാത്രം അസ്സോസിയേഷന് വേണ്ടി കഠിനപ്രയത്‌നം ചെയ്ത രജപുത്ര രഞ്ജിത്തും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ സാന്നിധ്യം അതിശക്തമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു . വായ്പ്പാ കടങ്ങളെല്ലാം വീട്ടി നീക്കിയിരുപ്പുള്ള സംഘടനയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ള പദവികള്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍.. ഇനി നമുക്ക് നല്ല സിനിമകളെക്കുറിച്ച് സംസാരിക്കാം .. അല്ലെ ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates